Monday, December 10, 2012

സ്വാധീനിക്കാന്‍ 125 കോടി മുടക്കിയെന്ന് വാള്‍മാര്‍ട്ട്


ഇന്ത്യന്‍ ചില്ലറവില്‍പ്പന മേഖലയില്‍ പ്രവേശനം ലഭിക്കാന്‍ ഉന്നതരെ സ്വാധീനിക്കാന്‍ 2008 മുതല്‍ പണം മുടക്കിവരുന്നതായി വാള്‍മാര്‍ട്ട് അറിയിച്ചു. "ലോബിയിങ്" കണക്കുകള്‍ വ്യക്തമാക്കി അമേരിക്കന്‍ സെനറ്റിന് വാള്‍മാര്‍ട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം തുറന്നുപറയുന്നത്. ഉന്നതരെ സ്വാധീനിക്കാന്‍ നടത്തിയ വിവിധ ലോബിയിങ് പ്രവര്‍ത്തനങ്ങള്‍ക്ക് 250 ലക്ഷം ഡോളര്‍ (125 കോടി രൂപ) ചെലവഴിച്ചതായാണ് വാള്‍മാര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ഇന്ത്യന്‍ കമ്പോളത്തില്‍ പ്രവേശനം ലഭിക്കാന്‍ മുടക്കിയ പണവും ഉള്‍പ്പെടും. സെപ്തംബറില്‍ അവസാനിച്ച അവസാന ത്രൈമാസത്തില്‍ 16.5 ലക്ഷം ഡോളര്‍ (10 കോടി രൂപ) ലോബീയിങ്ങിന് ചെലവഴിച്ചു. ഇക്കാലയളവില്‍ അമേരിക്കന്‍ സെനറ്റ്, പ്രതിനിധിസഭ, യുഎസ് വ്യാപാര പ്രതിനിധികള്‍, വിദേശകാര്യവകുപ്പ് എന്നിവയെ സ്വാധീനിക്കാനാണ് പണം മുടക്കിയത്. അമേരിക്കന്‍ നിയമപ്രകാരം കമ്പനികള്‍ക്ക് ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും സ്വാധീനിക്കാന്‍ പണം മുടക്കാം. എന്നാല്‍, അത് യുഎസ് കോണ്‍ഗ്രസിനെ രേഖാമൂലം അറിയിക്കണം എന്നേയുള്ളൂ.

ഇന്ത്യന്‍ ചില്ലറവില്‍പ്പന വിപണി നിലവില്‍ 50,000 കോടി ഡോളറിന്റേതാണ് (272 ലക്ഷം കോടി രൂപ). 2020ല്‍ ഇത് ലക്ഷം കോടി ഡോളര്‍ കടക്കും എന്ന് ആഗോള കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ കണക്കാക്കുമ്പോഴാണ് അത് കൈയടക്കാന്‍ വാള്‍മാര്‍ട്ട് ശ്രമം തീവ്രമാക്കിയത്. ഈ വര്‍ഷം ഇതുവരെ 30 ലക്ഷം ഡോളര്‍ (18 കോടി രൂപ) ലോബിയിങ്ങിന് ചെലവഴിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കാലുകുത്താന്‍ അവസരത്തിന് 2008 മുതല്‍ ലോബിയിങ്ങ് നടത്തുന്നുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് നടന്ന 2009ല്‍ ചില മാസം മാത്രം ഇതുണ്ടായില്ല. അനിശ്ചിതത്വം മാറാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് സൂചന.

സംസ്ഥാനങ്ങള്‍ക്ക് എതിര്‍ക്കാമെന്ന വ്യവസ്ഥ നിലനില്‍ക്കില്ല

ചില്ലറവില്‍പ്പന വിപണിയില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന വ്യവസ്ഥ ഉഭയകക്ഷി നിക്ഷേപ പ്രോത്സാഹന-സംരക്ഷണ കരാര്‍ (ബിപ) പ്രകാരം നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം. "ബിപ" കരാറില്‍ ഒപ്പിടുന്ന രാജ്യങ്ങളിലെ കമ്പനികള്‍ക്ക് നിക്ഷേപകാര്യത്തില്‍ തുല്യനീതി ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം ഇന്ത്യയിലെ ആഭ്യന്തര കമ്പനികള്‍ക്കുള്ള അതേ അവകാശം ബിപയില്‍ ഒപ്പിട്ടിട്ടുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന കമ്പനിക്കും ലഭിക്കും. ഏതെങ്കിലും സംസ്ഥാനത്തു മാത്രമായി ഇത് അട്ടിമറിക്കാനാകില്ല. ചില്ലറവ്യാപാരം കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നതും സംസ്ഥാനത്തിന്റെ അധികാരം കുറയ്ക്കും. 82 രാജ്യങ്ങളുമായി ഇന്ത്യ ബിപ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ചൈന, റഷ്യ, ഇറ്റലി, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യമെല്ലാം ഇതിലുള്‍പ്പെടും. അമേരിക്കയുമായുള്ള ബിപ കരാര്‍ ചര്‍ച്ച അന്തിമഘട്ടത്തിലാണ്. അമേരിക്കയുമായി വൈകാതെ കരാറില്‍ എത്തിച്ചേരുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. ബിപ കരാറില്‍ ഒപ്പിട്ട ഒരു രാജ്യത്തെ കമ്പനി രണ്ടാമത്തെ രാജ്യത്തില്‍ നിക്ഷേപത്തിനായി എത്തുമ്പോള്‍ വിവേചനം പാടില്ലെന്നാണ് ചട്ടം. ഇന്ത്യ ഒപ്പിട്ട ബിപ കരാറുകളിലും ഈ വ്യവസ്ഥയുണ്ട്.

ഇന്ത്യയുമായി ബിപയില്‍ ഒപ്പിട്ട 82 രാജ്യത്തിലെ കമ്പനികള്‍ നിക്ഷേപത്തിനു വരുമ്പോള്‍ ആഭ്യന്തര കമ്പനികള്‍ക്ക് ബാധകമായ മാനദണ്ഡങ്ങള്‍ തന്നെയായിരിക്കണം അവര്‍ക്കും ബാധകമാകേണ്ടത്. പ്രവര്‍ത്തനം, മേല്‍നോട്ടം, നിലനിര്‍ത്തല്‍ തുടങ്ങി എല്ലാ കാര്യത്തിലും വിദേശകമ്പനിക്ക് തുല്യനീതി ഉറപ്പാക്കണം. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവേചനം സംഭവിച്ചാല്‍ നിക്ഷേപ കമ്പനിക്ക് നിയമനടപടി സ്വീകരിക്കാം. അന്താരാഷ്ട്ര ട്രിബ്യൂണലുകളിലോ ആഭ്യന്തര കോടതികളിലോ കേസ് നല്‍കാം. ചില്ലറവ്യാപാരരംഗത്തു പ്രവര്‍ത്തിക്കുന്ന ആഭ്യന്തര കമ്പനികള്‍ക്കെല്ലാം കേരളത്തില്‍ പ്രവര്‍ത്തനാനുമതിയുണ്ട്. "റിലയന്‍സ് ഫ്രഷ്" പോലുള്ള കുത്തകകള്‍ കേരളത്തില്‍ സജീവമാണ്. സ്വാഭാവികമായും ചില്ലറവ്യാപാരരംഗത്തേക്ക് കടന്നുവരുന്ന വിദേശ കുത്തകകള്‍ക്ക് റിലയന്‍സ് ഫ്രഷിനും മറ്റും നല്‍കുന്ന അതേ പ്രവര്‍ത്തനാനുമതി കേരളത്തിലും നല്‍കേണ്ടിവരും. അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട്, ഫ്രഞ്ച് കമ്പനിയായ കാരിഫോര്‍, ജര്‍മന്‍ കമ്പനിയായ മെട്രോ എജി, ബ്രിട്ടീഷ് കമ്പനിയായ ടെസ്കോ എന്നിവയാണ് ചില്ലറവ്യാപാരരംഗത്തെ ഭീമന്മാര്‍. ജര്‍മനി, ഫ്രാന്‍സ്, യുകെ രാജ്യങ്ങളുമായി ഇന്ത്യ ബിപ കരാറില്‍ ഒപ്പുവച്ചതിനാല്‍ കാരിഫോര്‍, മെട്രോ, ടെസ്കോ എന്നിവയ്ക്ക് ആഭ്യന്തര കമ്പനികള്‍ക്കുള്ള അതേ സ്വാതന്ത്ര്യം ലഭിക്കും. അമേരിക്കയുമായി ഇന്ത്യ ബിപയില്‍ ഒപ്പിടുന്നതോടെ വാള്‍മാര്‍ട്ടിനും ഈ സ്വാതന്ത്ര്യം ലഭിക്കും.
(എം പ്രശാന്ത്)

deshabhimani 101212

1 comment:

  1. ഇന്ത്യന്‍ ചില്ലറവില്‍പ്പന മേഖലയില്‍ പ്രവേശനം ലഭിക്കാന്‍ ഉന്നതരെ സ്വാധീനിക്കാന്‍ 2008 മുതല്‍ പണം മുടക്കിവരുന്നതായി വാള്‍മാര്‍ട്ട് അറിയിച്ചു. "ലോബിയിങ്" കണക്കുകള്‍ വ്യക്തമാക്കി അമേരിക്കന്‍ സെനറ്റിന് വാള്‍മാര്‍ട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം തുറന്നുപറയുന്നത്. ഉന്നതരെ സ്വാധീനിക്കാന്‍ നടത്തിയ വിവിധ ലോബിയിങ് പ്രവര്‍ത്തനങ്ങള്‍ക്ക് 250 ലക്ഷം ഡോളര്‍ (125 കോടി രൂപ) ചെലവഴിച്ചതായാണ് വാള്‍മാര്‍ട്ട് വ്യക്തമാക്കുന്നത്.

    ReplyDelete