Saturday, December 15, 2012
കര്‍ണാടകത്തില്‍ 13 സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി
കര്‍ണാടകത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയുടെ പൂര്‍ണമായ കടന്നുകയറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് 13 സ്വകാര്യസര്‍വകലാശാല കൂടി സ്ഥാപിക്കുന്നതിനുള്ള ബില്ലിന് നിയമസഭ തിരക്കിട്ട് അംഗീകാരം നല്‍കി. നിലവില്‍ മൂന്ന് സ്വകാര്യ സര്‍വകലാശാല സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചര്‍ച്ചയ്ക്കു പോലും അവസരം നല്‍കാതെയാണ് ബില്‍ പാസാക്കിയത്. മണിപ്പാല്‍ സര്‍വകലാശാല, അര്‍ക്കാ സര്‍വകലാശാല, ദയാനന്ദ സാഗര്‍, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, എം എസ് രാമയ്യ, ദേവരാജ് അരശ്, ശരണബസവ, ആദിചുഞ്ചനഗിരി, റായ് ടെക്നോളജി, പിഇഎസ്, രേവാ, കെഎല്‍ഇ ടെക്നോളജി, അമൃത സിഞ്ചനശാല എന്നീ സര്‍വകലാശാലകള്‍ക്കാണ് അനുമതി.
ബിജെപി സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ നാലുമാസം മാത്രം ബാക്കിയിരിക്കെയാണ് സര്‍ക്കാര്‍ സര്‍വകലാശാലകളെ തകര്‍ക്കാനുള്ള പുതിയ നീക്കം. യെദ്യൂരപ്പ പുതിയ പാര്‍ടി രൂപീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിട്ടും തിടുക്കത്തില്‍ ബില്‍ പാസാക്കുകയായിരുന്നു. ബംഗളൂരു സര്‍വകലാശാല ഉള്‍പ്പെടെയുള്ളവയ്ക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ബില്‍ പാസാക്കിയത്. ബില്ലിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ടികളും വിദ്യാഭ്യാസ വിചക്ഷണരും വിദ്യാര്‍ഥിസംഘടനകളും ഗവര്‍ണറെ സമീപിക്കാനുള്ള നീക്കത്തിലാണ്. പൊതുവിദ്യാഭ്യാസമേഖലയെ അവഗണിക്കുന്നതുമൂലം സംസ്ഥാനത്തെ 3174 സ്കൂള്‍ ഇതിനകം അടച്ചുപൂട്ടി. 12,740 സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ബാക്കിയുള്ള സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണം സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളെ എല്‍പ്പിച്ച് അഴിമതിക്ക് കളമൊരുക്കി കഴിഞ്ഞു.
ശക്തമായ പ്രക്ഷോഭം: എസ്എഫ്ഐ
ബംഗളൂരു: കര്‍ണാടകത്തില്‍ വിദ്യാഭ്യാസമേഖല പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ എസ്എഫ്ഐ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വി ശിവദാസന്‍ പറഞ്ഞു. സ്വകാര്യവല്‍ക്കരണ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് "ഉന്നത വിദ്യാഭ്യാസമേഖലയും സ്വകാര്യസര്‍വകലാശാലകളും" എന്ന വിഷയത്തില്‍ എസ്എഫ്ഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്ത് ശിവദാസന്‍ പറഞ്ഞു. കര്‍ണാടകത്തിലെ 54 ബിഎഡ് കോളേജ് ഒരു അംഗീകാരവുമില്ലത്ത തട്ടിപ്പുസ്ഥാപനങ്ങളാണെന്നാണ് ബംഗളൂരു സര്‍വകലാശാലയ്ക്ക് കീഴിലെ ടാസ്ക് ഫോഴ്സ് ഓണ്‍ ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ പഠനറിപ്പോര്‍ട്ട് പറയുന്നത്. ഇവ പലതും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഏജന്റുമാരെ വച്ചാണ് വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതെന്ന് ശിവദാസന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാനപ്രസിഡന്റ് അനന്ത് നായിക് സെക്രട്ടറി ഹുള്ളി ഉമേഷ് എന്നിവരും സംസാരിച്ചു.
deshabhimani 151212
Labels:
എസ്.എഫ്.ഐ,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment