Saturday, December 15, 2012
കയ്പേറിയ സാമ്പത്തിക നടപടി ഉടന്‍: ചിദംബരം
രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം വീണ്ടെടുക്കാന്‍ ഏതാനും ആഴ്ചകള്‍ക്കകം കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങിലാണ് കടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തികാരോഗ്യം വീണ്ടെടുക്കാന്‍ കയ്പുള്ള ഔഷധങ്ങള്‍ കഴിക്കേണ്ടിവരുമെന്ന് ലോക്സഭയില്‍ ഉപധനാഭ്യര്‍ഥനകള്‍ക്കുള്ള മറുപടിയില്‍ ചിദംബരം കൂട്ടിച്ചേര്‍ത്തു. നികുതിപരിഷ്കാരങ്ങളില്‍ കോര്‍പറേറ്റുകള്‍ക്കുള്ള ആശങ്ക ദൂരീകരിക്കുമെന്നും ചിദംബരം പറഞ്ഞു. ഗാര്‍ചട്ടങ്ങള്‍ സംബന്ധിച്ച ആശങ്ക ഉടന്‍ പരിഹരിക്കുമെന്ന് ചിദംബരം സൂചിപ്പിച്ചു.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്. ആഗോള പ്രതിസന്ധിയുടെ ഫലമാണിത്. യൂറോപ്യന്‍ മേഖല കടുത്ത പ്രതിസന്ധിയിലാണിപ്പോഴും. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയും മന്ദഗതിയിലാണ്. ബ്രസീലിന്റെയും ജപ്പാന്റെയും സമ്പദ്വ്യവസ്ഥയും ഒരടി മുന്നോട്ടുപോകുന്നില്ല. ചൈനയും ഇന്തോനേഷ്യയും മാത്രമാണ് ഇന്ത്യയേക്കാള്‍ വളര്‍ച്ച നേടിയത്. നിലവിലുള്ള വളര്‍ച്ചയില്‍ തൃപ്തിയില്ലെങ്കിലും ബജറ്റ് സമ്മേളനത്തോടെ സമ്പദ്വ്യവസ്ഥയെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷ. വിലക്കയറ്റം കടുത്ത വെല്ലുവിളിയാണ്. ഉപഭോക്തൃ വിലസൂചികയനുസരിച്ചുള്ള പണപ്പെരുപ്പം 9.97 എന്ന ഉയര്‍ന്ന നിരക്കിലാണ്. എന്നാല്‍, മൊത്ത വിലസൂചികയനുസരിച്ചുള്ള പണപ്പെരുപ്പ നിരക്ക് 7.50 ശതമാനത്തില്‍നിന്ന് 7.24 ശതമാനമായി കുറഞ്ഞു. കുടിവെള്ളം, ഉച്ചഭക്ഷണം എന്നീ പദ്ധതികള്‍ക്ക് കേന്ദ്രം പണം നല്‍കുന്നുണ്ടെന്നും അത് യുക്തിപരമായി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാനങ്ങള്‍ക്കാണെന്നും ചിദംബരം പറഞ്ഞു. മൊത്തം 32195 കോടി രൂപയുടെ ഉപധനാഭ്യര്‍ഥനകള്‍ക്ക് ലോക്സഭ അംഗീകാരം നല്‍കി. ഇതില്‍ 28500 കോടി രൂപ എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി ഇനത്തില്‍ നല്‍കാനാണ്. പാചകവാതകം, മണ്ണെണ്ണ, ഡീസല്‍ എന്നിവ വിലകുറച്ചു നല്‍കുന്നതുകൊണ്ട് എണ്ണക്കമ്പനികള്‍ക്ക് നഷ്ടം വരുന്ന തുക ഇനത്തിലാണ് ഈ തുക നല്‍കിയിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ സാമ്പത്തിക പുനരുദ്ധാരണത്തിനാണ് 2000 കോടി രൂപയെന്ന് ചിദംബരം പറഞ്ഞു. ബിജെപി, തൃണമൂല്‍ അംഗങ്ങള്‍ മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് വാക്കൗട്ട് നടത്തി.
deshabhimani 151212
Labels:
രാഷ്ട്രീയം,
സമ്പദ്രംഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment