Saturday, December 15, 2012
യുഎസ് സ്കൂളില്‍ കൂട്ടക്കൊല
അമേരിക്കയില്‍ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ പിഞ്ചുകുട്ടികളടക്കം 28 പേര്‍ കൊല്ലപ്പെട്ടു. 9/11 ആക്രമണത്തിനുശേഷം അമേരിക്കയെ ഞെട്ടിച്ച അക്രമത്തില്‍ കൊല്ലപ്പെട്ടവരില്‍ 18 പേര്‍ കുട്ടികളാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേക്കും. കണക്ടിക്കട്ടില്‍ ന്യൂ ടൗണിലെ സാന്‍ഡി ഹൂക്ക് എലിമെന്ററി സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് (ഇന്ത്യന്‍സമയം വെള്ളിയാഴ്ച രാത്രി എട്ടര) കൂട്ടക്കൊലയുടെ തുടക്കം. സ്കൂളിലെ അധ്യാപിക നാന്‍സി ലാന്‍സയെ വീട്ടില്‍ വെടിവച്ചുകൊന്നശേഷം സ്കൂളിലെത്തിയ അവരുടെ മകന്‍ ആഡം ലാന്‍സയാണ് കൂട്ടക്കൊല നടത്തിയത്. 20 വയസുള്ള ഇയാള്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ആഡം ലാന്‍സയുടെ സഹോദരന്‍ റയാനെ അറസ്റ്റു ചെയ്തിട്ടുണ്ട്. രാവിലെ 9.41നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് പൊലീസ് മേധാവി പോള്‍ വാന്‍സ് പറഞ്ഞു. ഇരുകൈയിലും തോക്കുമായി ക്ലാസ്മുറികളില്‍ കടന്നുകയറിയ ആഡം തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ നാലാം ക്ലാസ് വരെയായി അറുനൂറോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളിലാണ് അക്രമമുണ്ടായത്. നാലു തോക്കുകള്‍ ഉപയോഗിച്ച് നൂറുവട്ടമെങ്കിലും വെടിയുതിര്‍ത്തുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ചില കുട്ടികളുടെ ശരീരമാസകലം വെടിയേറ്റു. ഒരു ക്ലാസ്മുറിയില്‍ വിദ്യാര്‍ഥികളെ ബന്ദിയാക്കി വച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എത്രപേര്‍ക്ക് വെടിയേറ്റുവെന്ന് കൃത്യമായി വ്യക്തമായിട്ടില്ല. എന്നാല്‍, 18 കുട്ടികളടക്കം 28 പേരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു. പൊലീസിനെ സഹായിക്കാന്‍ സായുധസേനയും രംഗത്തെത്തി. അക്രമത്തിന്റെ പ്രകോപനമെന്തെന്നോ അക്രമിയുടെ ഉദ്ദേശ്യമെന്തെന്നോ വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ എല്ലാ സ്കൂളുകളും അടച്ചു. മറ്റിടങ്ങളിലെ സ്കൂളുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയില്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെടുന്ന വെടിവയ്പ്പില്‍ അവസാനത്തേതാണ് വെള്ളിയാഴ്ച ന്യൂടൗണില്‍ അരങ്ങേറിയത്. പോര്‍ട്ട്ലാന്‍ഡിലെ തിരക്കേറിയ മാളില്‍ ജേക്കബ് റോബര്‍ട്ട്സ് എന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ഈയാഴ്ചയാണ്. സ്കൂളുകളിലും കോളേജുകളിലുമടക്കം നിരവധി വെടിവയ്പ്പുകള്‍ മുമ്പും നടന്നിട്ടുണ്ട്. എന്നാല്‍, അമേരിക്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഭഭീകരമായ കൂട്ടക്കൊലയ്ക്കാണ് വെള്ളിയാഴ്ച ന്യൂടൗണിലെ സ്കൂള്‍ വേദിയായത്.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment