Tuesday, December 11, 2012
ഡിസിസി പ്രസിഡന്റിന്റെ വീടാക്രമണം: 2 പേരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജിന്റെ വീടാക്രമണ സംഭവത്തില്‍ ജില്ലയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അക്രമത്തിന് നേതൃത്വം നല്കിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്ന് തിങ്കളാഴ്ച ചേര്‍ന്ന ഡിസിസി യോഗം പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ദിഖ്, ബ്ലോക്ക് പ്രസിഡന്റ് പി എം അമീന് എന്നിവരെയാണ് പറുത്താക്കിയത്. പ്രസിഡന്റിന്റെ പിടിവാശിയില്‍ പ്രതിഷേധിച്ച് ഐ വിഭാഗം നേതാക്കള്‍ യോഗം ബഹിഷ്കരിച്ചു. ഡിസിസി പ്രസിഡന്റിന്റെ വീടിനു നേരെ ആക്രമണം നടന്നിട്ടും തിങ്കളാഴ്ച പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ രണ്ടു മണിക്കൂറിലധികം തങ്ങിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറാകാതിരുന്നതും വിവാദമായിട്ടുണ്ട്.
മോഹന്‍ രാജിന്റെ വീടാക്രമിച്ച സംഭവവും വൈസ് പ്രസിഡന്റ് എ ഷംസുദ്ദീനെതിരെ നടന്ന അക്രമവും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഡിസിസി യോഗം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെടുകയായിരുന്നു. രണ്ടു സംഭവങ്ങളെ കുറിച്ചും നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് "എ" വിഭാഗം നേതാക്കളായ മാത്യു കുളത്തുങ്കല്‍, തേരകത്ത് മണി, ജയവര്‍മ എന്നിവര്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റിന്റെ വീട് ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കളും ആവശ്യപ്പെട്ടു. ഡിസിസി ഓഫീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഒരു ഡിസിസി ജനറല്‍ സെക്രട്ടറിയാണെന്നും ഈ കേസിലെ ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്യിക്കാന്‍ ഡിസിസി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും ആരോപണം ഉയര്‍ന്നു. ഈ അക്രമത്തിന് നേതൃത്വം നല്കിയവരാണ് ജനറല്‍ ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്നതിനും നേതൃത്വം നല്‍കിയത്. ഷംസുദ്ദീനെ ആക്രമിക്കുന്നതിന് നേതൃത്വം നല്കിയ മുനിസിപ്പല്‍ കൗണ്‍സിലര്‍ റോഷന് നായരെയും പ്രശ്നങ്ങള്‍ക്ക് കാരണക്കാരനായ അഖിലിനെയും പാര്‍ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നു. രണ്ടു സംഭവങ്ങളെ പറ്റിയും കെപിസിസി തലത്തില്‍ അന്വേഷണം നടത്തണമെന്ന് ഐ വിഭാഗവും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളില്‍ നടപടിയെടുക്കാത്ത ഡിസിസി പ്രസിഡന്റിന്റെ പിടിവാശിയില്‍ പ്രതിഷേധിച്ച് ഐ വിഭാഗം നേതാക്കളായ എ ഷംസുദ്ദീന്, അഡ്വ. പഴകുളം മധു, അഡ്വ. ഹരിദാസ് ഇടത്തിട്ട, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ചൂരക്കോട് വിജയന് എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.
വണ്ടിക്ക് കൈകാണിച്ചതിന് ഹോം ഗാര്‍ഡിന് യൂത്ത് കോണ്‍ഗ്രസുകാരന്റെ മര്‍ദനം
കട്ടപ്പന: വണ്ടിക്ക് കൈ കാണിച്ചതിന് ഹോം ഗാര്‍ഡിന് യൂത്ത് കോണ്‍ഗ്രസുകാരന്റെ മര്‍ദനം. കട്ടപ്പന ട്രാഫിക്ക് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി ഡി സാജനാണ് മര്‍ദനമേറ്റത്. രാവിലെ യൂത്ത് കോണ്‍ഗ്രസുകാരനായ സജീവന് ഹെല്‍മറ്റ് വയ്ക്കാതെ വന്നതിന്റെ പേരില്‍ സാജന് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. ഇതിനെ തുടര്‍ന്ന് സാജന് എസ്ഐയെ വിളിച്ച് വണ്ടി നമ്പര്‍ നല്‍കിയതിനെ തുടര്‍ന്ന് സജീവനെ എസ്ഐ സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. പിന്നീട് സാജന് ഊണുകഴിക്കാന്‍ പോയ വഴിക്ക് തടഞ്ഞു നിര്‍ത്തിയാണ് മര്‍ദനം. മര്‍ദനമേറ്റ സാജനെ ട്രാഫിക്ക് പൊലീസെത്തി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു വെങ്കിലും ഇവിടെയും യൂത്ത് കോണ്‍ഗ്രസുകാര്‍ ബഹളമുണ്ടാക്കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ സാജനെ സന്ദര്‍ശിക്കാനെത്തിയ കൊച്ചുതോവാള എസ്എന്‍ഡിപി യോഗം പ്രസിഡന്റ് കെ എന്‍ രാജീവനെയും ഇവര്‍ കൈയേറ്റം ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ യുത്തുകോണ്‍ഗ്രസുകാര്‍ അസഭ്യം പറയുകയും ചെയ്തു. പിന്നീട് യൂത്ത് കോണ്‍ഗ്രസുകരെ പൊലീസ് പിടിച്ച് മാറ്റുകയായിരുന്നു.
റേഷന്‍ വെട്ടിപ്പിനു പിന്നില്‍ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍
തൃശൂര്‍: റേഷന്‍ കരിഞ്ചന്തയുടെയും വെട്ടിപ്പിന്റെയും തലപ്പത്ത് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍. ജില്ലയില്‍ സമീപകാലത്തുണ്ടായ എല്ലാ കേസുകളിലും പ്രതിസ്ഥാനത്തു വന്നത് ഡിസിസി സെക്രട്ടറിയുടെ പിതാവുമുതല്‍ മുസ്ലിംലീഗിന്റെ ട്രേഡ്യൂണിയനായ എസ്ടിയുവിന്റെ നേതാവുവരെയുള്ളവര്‍. റേഷന്‍ കരിഞ്ചന്തക്കേസില് ചാവക്കാട്ട് ഞായറാഴ്ച അറസ്റ്റിലായ പാലയൂര്‍ അറയ്ക്കല്‍ ഹംസ എസ്ടിയു നേതാവാണ്. സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്നും റേഷന്‍കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന്റെ മറവില്‍ റേഷന്‍സാധനങ്ങള്‍ സ്വകാര്യ കച്ചവടക്കാര്‍ക്കു മറിച്ചുനല്‍കുകയായിരുന്നു ഇയാള്‍. നേരത്തേ വടക്കേക്കാട് 70 ചാക്ക് പച്ചരി പിടിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഈ കടത്തലിനുപിന്നിലും യുഡിഎഫ് ബന്ധമുള്ളവരായിരുന്നു. ഏതാനുംദിവസം മുമ്പ് എരുമപ്പെട്ടിയിലെ പലചരക്കുകടയില്‍നിന്നും 3000 കിലോ റേഷന്പഞ്ചസാര പിടിച്ച കേസിലും പ്രതികള്‍ പ്രമുഖകോണ്ഗ്രസുകാര്. എരുമപ്പെട്ടി മുരിങ്ങത്തേരി ജോസഫിന്റെ കടയില്‍നിന്നാണ് 57 ചാക്ക് പഞ്ചസാര പിടിച്ചത്.
നെല്ലുവായ് തറയില്‍ ദേവസിയുടെ റേഷന്‍കടയില്‍നിന്നാണ് പഞ്ചസാര മറിച്ചത്. ദേവസിയും മകന് ഡീന്‍സും അറിയപ്പെടുന്ന കോണ്‍ഗ്രസുകാരാണ്. കേസില്‍ രണ്ടുപേരും പ്രതികളാണ്. ജില്ലയില്‍ ഇവരുടെ രണ്ടുപേരുടെയും നേതൃത്വത്തിന് വന്‍ റേഷന്‍ മാഫിയയാണ് പ്രവര്‍ത്തിക്കുന്നത്. 2012 മാര്‍ച്ചില്‍ ഇരിങ്ങാലക്കുടയില്‍ ഡിസിസി സെക്രട്ടറി എം പി ജാക്സന്റെ അച്ഛന് എം സി പോളിന്റെ റേഷന്‍ ഗോഡൗണില്‍നിന്നും അതിനോടുചേര്‍ന്നുള്ള ഫ്ളവര്‍ മില്ലില്നിന്നുമായി ചാക്കുകണക്കിന് റേഷനരിയും ഗോതമ്പും പിടിച്ചിരുന്നു. കെ പി വിശ്വനാഥന് ഗ്രൂപ്പിലെ പ്രമുഖന് പുതുക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ എം ബാബുരാജിന്റേതും സമാനമായ കഥയാണ്. നാല് റേഷന്‍ മൊത്തവ്യാപാര സ്ഥാപനം നടത്തുന്നയാളാണ് ഈ കോണ്‍ഗ്രസ് നേതാവ്. ഇയാളുടെ ഗോഡൗണില്‍നിന്നും കരിഞ്ചന്തയിലേക്ക് പോയിരുന്ന രണ്ടു ലോഡ് അരി കൊരട്ടിയിലാണ് പിടികൂടിയത്. മുമ്പും നിരവധി തവണ ഇയാള്‍ കരിഞ്ചന്തയിലേക്ക് മറിച്ച അരി പിടിച്ചിട്ടുണ്ട്.
deshabhimani 111212
Labels:
കോൺഗ്രസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment