Tuesday, December 11, 2012
ഏഴു കടലും താണ്ടി കലയുടെ യാനങ്ങള്‍ ഇന്നുമുതല്‍ കൊച്ചിയിലേക്ക്
എല്ലാ വഴികളും കൊച്ചിയിലേക്ക്. വീഞ്ഞും സ്വര്‍ണവും നിറച്ച് ഏഴു കടലും താണ്ടിവന്ന യവനയാനങ്ങളെ കറുത്തപൊന്ന് കാഴ്ചവച്ച് വരവേറ്റ പുരാതന തുറമുഖ പട്ടണമായ മുസിരിസിന്റെ സ്മരണയില്‍. 12/12/12നെ അവിസ്മരണീയമാക്കി സമകാല കലയുടെ മാമാങ്കമായ ബിനാലെ കൊച്ചിയില്‍ നങ്കൂരമിടുന്നു. ലോകത്തെമ്പാടും നിന്നുള്ള എണ്‍പതിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന രാജ്യത്തെ ആദ്യ ബിനാലെയ്ക്ക് വേദി പണിത് പടിഞ്ഞാറന്‍ കൊച്ചിയും പരിസരവും ചരിത്രമാകാന്‍ ഒരുങ്ങിക്കഴിഞ്ഞു. മൂന്നുമാസത്തെ കലയുടെ മഹോത്സവത്തിന് ബുധനാഴ്ച രാത്രി 7.30ന് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിക്കും. ബുധനാഴ്ച പകല്‍ 12ന് ബിനാലെ പ്രദര്‍ശന വേദികളെല്ലാം സജ്ജമാകും. ഫോര്‍ട്ട്കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസാണ് പ്രധാന വേദി.
ലോകപ്രശസ്ത കലാകാരന്മാരായ വിവാന്‍ സുന്ദരം, വത്സന്‍ കൂര്‍മ കൊല്ലേരി, സുബോധ് ഗുപ്ത, ഷീല ഗൗഡ, ക്രിസ്റ്റോഫ് സ്ട്രോസ്, രോഹിണി ദിവാഷര്‍, ശ്രീനിവാസ പ്രസാദ്, റിഗോ തുടങ്ങിയവരുടെ ഇന്‍സ്റ്റലേഷനുകള്‍ ഇവിടെ പൂര്‍ത്തീകരണത്തിലാണ്. ദര്‍ബാര്‍ഹാള്‍ ഗ്യാലറി, മട്ടാഞ്ചേരി പെപ്പര്‍ ഹൗസ്, മൊയ്തു ഹെറിറ്റേജ്, കാശി ആര്‍ട്ട് കഫേ, കൊച്ചിന്‍ ക്ലബ്ബ്, ഡേവിഡ് ഹാള്‍, കബ്രാള്‍ യാര്‍ഡ്, കല്‍വത്തി കനാല്‍ ബോട്ട് ഡെക്, ഡച്ച് വെയര്‍ഹൗസ് എന്നിവിടങ്ങളിലാണ് മറ്റു കലാ സൃഷ്ടികള്‍. ഏണസ്റ്റോ നെറ്റോ (ബ്രസീല്‍), ജോസഫ് സെമാ(ഇറാക്ക്), ജോനാസ് സ്റ്റാള്‍ (നെതര്‍ലന്‍ഡ്), അമാനുള്ള മൊജാദിദി, ഏരിയല്‍ ഹസന്‍ (അഫ്ഗാനിസ്ഥാന്‍), ഹൊസൈന്‍ വലമനേഷ് (ഇറാന്‍) തുടങ്ങിയ വിദേശ കലാകാരന്മാരും വിവിധ വേദികളില്‍ തങ്ങളുടെ സൃഷ്ടികളൊരുക്കുന്നു. ബിനാലെയില്‍ പങ്കെടുക്കുന്ന 88 കലാകാരന്മാരില്‍ 44 പേര്‍ ഇന്ത്യാക്കാരാണ്. ഇതില്‍ പാരിസ് വിശ്വനാഥന്‍, കെ പി റെജി, അലക്സ് മാത്യു തുടങ്ങി 22 മലയാളി കലാകാരന്മാരും രചന നടത്തുന്നു.
സമകാല ലോക ദൃശ്യകലയുടെ ഉത്സവമാണ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ബിനാലെ. വെനീസില്‍ 1895ല്‍ ആരംഭിച്ച ബിനാലെയുടെ ഇന്ത്യന്‍ പതിപ്പിനുവേണ്ടി ഏറെ ശ്രമങ്ങള്‍ നടന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് യാഥാര്‍ഥ്യമാകുന്നത്. കൂറ്റന്‍ ഇന്‍സ്റ്റലേഷനുകള്‍, ശില്‍പ്പങ്ങള്‍, പെയ്ന്റിങ്ങുകള്‍, വീഡിയോ ആര്‍ട്ടുകള്‍ എന്നിവയാണ് ഒരുങ്ങുന്നത്. പ്രശസ്ത ചിത്രകാരന്മാരായ ബോസ് കൃഷ്ണമാചാരി ക്യൂറേറ്ററും റിയാസ് കോമു ഡയറക്ടറുമായ ബിനാലെ ഫൗണ്ടേഷനാണ് കൊച്ചി മുസിരിസ് ബിനാലെയ്ക്ക് നേതൃത്വംനല്‍കുന്നത്. ഉല്‍ഘാടനത്തോടനുബന്ധിച്ച് പകല്‍ 12ന് സാന്താക്രൂസ് മൈതാനിയില്‍ മഹ്ലറ്റ് ക്രൂസിന്റെ കലാവതരണം, ചോറ്റാനിക്കര സുഭാഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, കുഞ്ഞിവീത്താ അവതരിപ്പിക്കുന്ന കൈകൊട്ടിപ്പാട്ട്, ലോകപ്രശസ്ത ഗായിക മിയ നയിക്കുന്ന സംഗീത പരിപാടി എന്നിവ അരങ്ങേറും.
deshabhimani 121212
Labels:
കല
Subscribe to:
Post Comments (Atom)
No comments:
Post a Comment