Friday, December 14, 2012

പവര്‍കട്ട്: 22 വ്യവസായങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക്

വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ അടിച്ചേല്‍പ്പിച്ച പവര്‍കട്ട് സംസ്ഥാനത്തെ വ്യവസായമേഖലയെ സ്തംഭനത്തിലേക്ക് തള്ളുന്നു. 22 പ്രമുഖ വ്യവസായസ്ഥാപനങ്ങള്‍ വൈദ്യുതി നിയന്ത്രണംമൂലം കടുത്ത പ്രതിസന്ധിയിലാകും. സംസ്ഥാനത്തെ പ്രമുഖ കമ്പനികളിലൊന്നായ കൊച്ചിയിലെ ബിനാനി സിങ്ക് ലേ ഓഫിനൊരുങ്ങുകയാണെന്ന് യൂണിയനുകളെ അറിയിച്ചു. മറ്റുപല കമ്പനികളും ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതിനെപ്പറ്റി ചര്‍ച്ച തുടങ്ങി. അധികനിരക്ക് 140ല്‍ അധികം വ്യവസായങ്ങളെ പ്രതിസന്ധിയില്‍ മുക്കും. ഹൈടെന്‍ഷന്‍-എക്സ്ട്രാ ഹൈടെന്‍ഷന്‍ വ്യവസായങ്ങള്‍ക്ക് 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് റെഗുലേറ്ററി കമീഷന്‍ അനുമതി. കഴിഞ്ഞവര്‍ഷം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കി അതിന്റെ 75 ശതമാനം ഉപയോഗിക്കാനാണ് അനുവാദം. അധിക ഉപയോഗത്തിന് ഇരട്ടി നിരക്ക് നല്‍കണം. ഇതാണ് എച്ച്ടി-എല്‍ടി വ്യവസായങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നത്.

ബിനാനി സിങ്ക്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (ടിസിസി) എന്നീ വ്യവസായങ്ങള്‍ക്കാണ് ഏററവും കടുത്ത ആഘാതം. മാസം 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമുള്ള ഈ സ്ഥാപനങ്ങള്‍ക്ക് 2.80 കോടിയുടെ അധികബാധ്യതയുണ്ടാകും. 13 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഫാക്ടിന് പ്രതിമാസം 2.60 കോടിയുടെയാണ് അധിക ബാധ്യത. ശരാശരി എട്ടര ദശലക്ഷം വൈദ്യുതി ഉപയോഗമുള്ള കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ മാനുഫാക്ചറിങ് ലിമിറ്റഡ്, ബിപിസിഎല്‍ എന്നിവയ്ക്ക് മാസം 1.70 കോടികൂടി ചെലവിടേണ്ടി വരും. എച്ച്എല്‍എല്‍, അപ്പോളോ ടയേഴ്സ്, ഐഎംഎംഎല്‍ എന്നിവ യുടെ അധികബാധ്യത 1.40 കോടിയാകും. എംആര്‍എഫ്, പാലക്കാട്ടെ ഇന്‍ഡ്സില്‍, മലബാര്‍ സിമന്റസ്് എന്നിവയുടെ ബാധ്യതയും ഒരു കോടിയിലേറെ വരും. മാസം 3.6 ദശലക്ഷം ശരാശരി വൈദ്യുതി ഉപയോഗിക്കുന്ന എച്ച്ഒസി 72 ലക്ഷവും മൂന്നു ദശലക്ഷം ഉപയോഗമുള്ള ആലുവയിലെ ജിടിഎന്‍ 60 ലക്ഷവും കൂടുതല്‍ മുടക്കേണ്ടിവരും. നിരക്ക് വര്‍ധനയിലൂടെ 30 ശതമാനത്തിന്റെ അധികബാധ്യത വ്യവസായങ്ങള്‍ക്കുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് വൈദ്യുതി നിയന്ത്രണത്തിലൂടെ പുതിയ ആഘാതം.

deshabhimani 141212

No comments:

Post a Comment