Friday, December 14, 2012

വിദ്യാഭ്യാസമേഖല: എസ്എഫ്ഐ രാജ്യവ്യാപക പ്രക്ഷോഭത്തിന്


കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരെ എസ്എഫ്ഐ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് ആറിന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്നും പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിസമ്പന്നര്‍ക്കുമാത്രമായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല സംവരണംചെയ്യുകയാണ്. വിദേശനിക്ഷേപത്തിലൂടെയടക്കം വിദ്യാഭ്യാസത്തെ ലാഭമുണ്ടാക്കാനുള്ള വഴിയായാണ് ഭരണാധികാരികള്‍ കാണുന്നത്. വിദ്യാഭ്യാസ മേഖലയില്‍ അവതരിപ്പിച്ചതും അവതരിപ്പിക്കാനിരിക്കുന്നതുമായ ബില്ലുകള്‍ തെളിയിക്കുന്നതിതാണ്. എന്നാല്‍ വിദേശ നിക്ഷേപം അനുവദിച്ച രാജ്യങ്ങള്‍തന്നെ ഇതില്‍നിന്ന് പിന്മാറുകയാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ ആറുശതമാനമെങ്കിലും വിദ്യാഭ്യാസമേഖലക്ക് നീക്കിവയ്ക്കണം. ഈ മേഖലയിലും സബ്സിഡികള്‍ വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഇതില്‍നിന്ന് വ്യത്യസ്തമല്ല. സര്‍വകലാശാലകളുടെ ജനാധിപത്യം കവര്‍ന്നെടുക്കുന്നത് ഇതിനുദാഹരണമാണ്. കുട്ടികള്‍ക്കുള്ള അരിവിതരണവും ഉച്ചക്കഞ്ഞി വിതരണവും അട്ടിമറിച്ച സര്‍ക്കാര്‍, ഗോഡൗണിലെ അരി കത്തിച്ചും കുഴിച്ചുമൂടിയും നശിപ്പിക്കുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ വിദ്യാര്‍ഥികളെ അണിനിരത്തി ചെറുക്കുമെന്നും ശിവദാസന്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും ചോദ്യത്തിനു മറുപടിയായി ശിവദാസന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍, പി പ്രശോഭ്, പി അഖില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

deshabhimani 141212

No comments:

Post a Comment