Friday, December 14, 2012
മണിനഗറില്‍ മോഡിക്ക് മണികെട്ടാന്‍
നരേന്ദ്രമോഡിയുടെ അമിതാധികാരപ്രവണതയ്ക്കെതിരെ നിയമയുദ്ധം നടത്തി ഭര്‍ത്താവ് സഞ്ജീവ്ഭട്ടിനെ ജയിലഴികളില്‍നിന്ന് മോചിപ്പിച്ച ശ്വേതാ ഭട്ട് ഇത്തവണ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രണ്ടുവട്ടംമണിനഗറില്‍ വന്‍വിജയം നേടിയ നരേന്ദ്രമോഡിക്ക് വിജയം ആവര്‍ത്തിക്കാന്‍ വിയര്‍ക്കേണ്ടിവരും. മണിനഗറില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മോഡിക്ക് പ്രചാരണം വേണ്ടിവന്നിരുന്നില്ല. ഇത്തവണ ശ്വേത അഴിച്ചുവിട്ട പ്രചാരണക്കാറ്റില്‍ ബിജെപി ശരിക്കും ഉലഞ്ഞു. കാപട്യമില്ലാത്ത പെരുമാറ്റവും ആത്മാര്‍ഥതയുള്ള പ്രസംഗവുംകൊണ്ട് ജനങ്ങളെ വളരെ വേഗം ആകര്‍ഷിക്കുന്നു ശ്വേത. മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വലിയൊരു വിഭാഗം ആളുകള്‍ ശ്വേതയുടെ പ്രചാരണത്തിന് എത്തിയിട്ടുണ്ട്.
സത്യസന്ധനും ജനങ്ങളോട് പ്രതിബദ്ധനുമായ തന്റെ ഭഭര്‍ത്താവിനെ ക്രൂരമായി വേട്ടയാടി ജയിലിലടച്ച സംസ്ഥാന ഭരണാധികാരികളോട് പൊരുതിയപ്പോള്‍ ലഭിച്ച ധൈര്യമാണ് തന്നെ ഈ രാഷ്ട്രീയപ്പോരാട്ടത്തിന് പ്രാപ്തയാക്കിയതെന്ന് ശ്വേത "ദേശാഭിമാനി"യോടു പറഞ്ഞു. സഞ്ജീവ് ഭഭട്ടിന് ജാമ്യം കിട്ടാന്‍ 70 ദിവസം നടത്തിയ നിയമ പോരാട്ടത്തില്‍ കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നു. അതു നല്‍കുന്ന ആത്മധൈര്യം ഈ വലിയ ദൗത്യം നിര്‍വഹിക്കാന്‍ സഹായിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോള്‍ വളരെ വ്യത്യസ്തമായ ലോകമാണ് കണ്ടത്. ഗാന്ധിനഗറിനടുത്ത മണിനഗറിലെ നഗരജീവിതത്തിലെ ദുരിതക്കാഴ്ചകള്‍ പുതിയ അനുഭവമാണ്. പലയിടത്തും കുടിവെള്ളമില്ല, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, പാവങ്ങള്‍ക്കുള്ള വിദ്യാലയങ്ങളുടെ അഭാവം. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല. ഭയമാണ് എവിടെയും. അത്തരം സ്വാതന്ത്ര്യത്തിനും സത്യത്തിനും നീതിക്കും വേണ്ടിയാണ് എന്റെ പോരാട്ടം. തന്റെ ജീവിതത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ അവസാനത്തെ ഇനമായിപ്പോലും രാഷ്ട്രീയം ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശ്വേത കൂട്ടിച്ചേര്‍ത്തു. 2002ല്‍ വംശഹത്യക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 75333 വോട്ടിന്റെയും 2007ല്‍ 87161 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് നരേന്ദ്ര മോഡി മണിനഗറില്‍ നിന്നു ജയിച്ചത്. 227982 വോട്ടര്‍മാരാണ് മണിനഗറില്‍. കോണ്‍ഗ്രസ് പ്രചാരണ സംവിധാനം മന്ദഗതിയിലാണെങ്കിലും ശ്വേതാ ഭട്ടിന്റെ സുഹൃത്തുക്കളടക്കമുള്ള വലിയൊരു സംഘത്തിന്റെ സജീവമായ പ്രവര്‍ത്തനം മണ്ഡലത്തിലുണ്ട്. എന്നാലും മോഡിയെ രാഷ്ട്രീയമായി എതിര്‍ക്കുന്ന പോരാട്ടമെന്ന മാനം കൈവന്നിട്ടുണ്ട് മണിനഗറില്‍.
(വി ജയിന്‍)
deshabhimani 141212
Labels:
ബിജെപി
Subscribe to:
Post Comments (Atom)
No comments:
Post a Comment