Wednesday, December 12, 2012
തലസ്ഥാന മോണോ റെയില്‍: ആദ്യഘട്ടം 22.20 കിലോമീറ്റര്‍ 19 സ്റ്റേഷന്‍; ചെലവ് 3590 കോടി
തലസ്ഥാനത്തെ മോണോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ പദ്ധതിരേഖ (ഡിപിആര്‍) സമര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് മസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് പദ്ധതിരേഖ കൈമാറി. 3590 കോടി രൂപയാണ് ആദ്യഘട്ടത്തിന് ചെലവ്. ടെക്നോസിറ്റി മുതല്‍ കരമന വരെയുള്ള 22.20 കിലോമീറ്റര്‍ റെയില്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കു മുകളിലൂടെയാണ് പോകുന്നത്. 19 സ്റ്റേഷന്‍ ഇതിലുണ്ടാകും. 525 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയുന്ന മൂന്നു ബോഗികള്‍ അടങ്ങുന്നതാണ് ട്രെയിന്‍. കേശവദാസപുരത്തും തമ്പാനൂരിലും പ്രധാന സ്റ്റേഷനുകള്‍ ഉണ്ടാകും. പദ്ധതിക്കായി 39 കുടുംബങ്ങളുടെ സ്ഥലവും 65 കടകളും ഒഴിപ്പിക്കണം. അഞ്ചുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഡിപിആറില്‍ ഉദ്ദേശിക്കുന്നത്. രണ്ടാംഘട്ടത്തില്‍ റെയില്‍ നെയ്യാറ്റിന്‍കരവരെ ദീര്‍ഘിപ്പിക്കാനും റിപ്പോര്‍ട്ടില്‍ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യപങ്കാളിത്തമോ ബിഒടി മോഡലോ പദ്ധതിക്ക് അനുയോജ്യമല്ല. പൂര്‍ണമായും സര്‍ക്കാര്‍സംവിധാനത്തില്‍ത്തന്നെ ചെയ്യണം. കൂടാതെ ഈ പദ്ധതിക്കും ടേണ്‍ കീ സംവിധാനം നടപ്പാക്കണം. സ്ഥലം ഏറ്റെടുപ്പുവേഗത്തില്‍ പൂര്‍ത്തിയാക്കുമെങ്കില്‍ പദ്ധതി കുറേക്കൂടി വേഗത്തിലാക്കാന്‍ സാധിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.
മോണോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തെ മൂന്നായി തിരിച്ചാണ് നിര്‍മാണം നടത്തുക. ഇതില്‍ ടെക്നോസിറ്റി മുതല്‍ ശ്രീകാര്യം വരെയുള്ള ആദ്യഘട്ട നിര്‍മാണം 40 മാസം കൊണ്ടു പൂര്‍ത്തിയാക്കും. രണ്ടാംഘട്ട നിര്‍മാണം കാര്യവട്ടം മുതല്‍ കേശവദാസപുരം വരെയുള്ള എട്ടു കിലോമീറ്റര്‍ 60 മാസം കൊണ്ടും കേശവദാസപുരം- കരമന വരെയുള്ള എട്ടു കിലോമീറ്റര്‍ 60 മാസം കൊണ്ടും പൂര്‍ത്തിയാക്കും. ഒന്നാം ഘട്ടത്തില്‍ കഴക്കൂട്ടം, ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, പ്ലാമൂട് എന്നിവിടങ്ങളില്‍ ഫ്ളൈ ഓവറുകള്‍ സ്ഥാപിക്കണം. മോണോ റെയിലില്‍ രണ്ടു കിലോമീറ്റര്‍ യാത്രക്ക് 8രൂപയാണ് നല്‍കേണ്ടത്. നാലു കിലോമീറ്ററിന് 10 രൂപയും നാലു മുതല്‍ ആറു കിലോമീറ്റര്‍ വരെ 12ഉമാണ്. അങ്ങനെ 24 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ 30 രൂപയാണ് ചെലവ്. പദ്ധതിക്കായി സര്‍ക്കാര്‍ ഭൂമി 13.75 ഹെക്ടറും റെയില്‍വേയുടെ 0.58 ഹെക്ടറും സ്വകാര്യ ഭൂമി 2.82 ഹെക്ടറും ചേര്‍ത്ത് ആകെ 17.15 ഹെക്ടര്‍ ഭൂമി വേണ്ടിവരും. പദ്ധതി വഴി 2015-16ല്‍ 2.46 ലക്ഷം പേര്‍ മോണോ റെയില്‍ ഉപയോഗിച്ച് യാത്ര ചെയ്യുമെന്നാണ് ഡിപിആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2021-22ല്‍ 2.67 ലക്ഷം യാത്രക്കാരും 2031-32ല്‍ 2.88 ലക്ഷം പേരും 2041-42ല്‍ 3.27 ലക്ഷം യാത്രക്കാരും ഉപയോഗിക്കും. മോണോ റെയില്‍ ഓടിക്കാന്‍ 750 വോള്‍ട്ടാണ് ആവശ്യം. ഇതിനായി കേശവദാസപുരത്ത് സബ് സ്റ്റേഷന്‍ നിര്‍മിക്കും. കൂടാതെ എല്ലാ സ്റ്റേഷനുകളിലും ബോഗികള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കും. റബര്‍ ടയറുകളാണ് ബോഗികള്‍ക്കുള്ളത്. ഒരു ബോഗിക്ക് 16 ടയര്‍ ഉണ്ടാകും. അലൂമിനിയത്തില്‍ നിര്‍മിച്ച ബോഡിയായിരിക്കും ബോഗികളുടേത്.
ടെക്നോസിറ്റി, കഴക്കൂട്ടം ജങ്ഷന്‍, ശ്രീകാര്യം, പട്ടം, സെക്രട്ടറിയറ്റ്, തമ്പാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ ആദ്യഘട്ടത്തില്‍ത്തന്നെ യാത്രക്കാര്‍ക്കായി എസ്കലേറ്ററുകള്‍ സ്ഥാപിക്കും. പ്ലാറ്റ്ഫോമുകളില്‍ സ്ക്രീന്‍ ഡോറുകള്‍ ആയിരിക്കും. പദ്ധതിയില്‍ കൂടുതലായി ബാധിക്കുന്നത് റോഡുകളുടെ വീതികൂട്ടലാണ്. കാര്യവട്ടം മുതല്‍ കേശവദാസപുരം വരെയുള്ള രണ്ടാം ഘട്ടത്തിലാണ് ഇത് കൂടുതല്‍ ബാധിക്കുക. റോഡു വീതി കൂട്ടലിനാവശ്യമായ സ്ഥമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേരള മോണോ റെയില്‍ കോര്‍പറേഷന്‍ ജനറല്‍ കണ്‍സള്‍ട്ടന്റായി നില്‍ക്കണം. ഡിഎംആര്‍സിക്ക് ടേണ്‍ കീ സംവിധാനത്തില്‍ പദ്ധതി നല്‍കുകയും വേണമെന്ന് ശ്രീധരന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. പദ്ധതിക്കുവേണ്ടി നഗരത്തില്‍ അഞ്ച് ഫ്ളൈ ഓവര്‍ നിര്‍മിക്കണം. ഇതിനായി 73 കോടി രൂപ ചെലവാകും. 30 ദിവസത്തിനുള്ളില്‍ മോണോ റെയിലിന്റെ അടിസ്ഥാനസൗകര്യമൊരുക്കുന്നതിനുള്ള റിപ്പോര്‍ട്ട് നാറ്റ്പാക്ക് സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതു പ്രകാരമായിരിക്കും പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പ് തീരുമാനിക്കുക. മോണോ റെയില്‍ പദ്ധതി ചെയ്യാന്‍ പറ്റിയ കമ്പനി ഹിറ്റാച്ചി ജപ്പാനാണെന്ന് ശ്രീധരന്‍ പറഞ്ഞു. പദ്ധതിക്കു ഫണ്ട് നല്‍കുന്നതിന് ജൈക്കയുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ പദ്ധതിരേഖ പഠിച്ചശേഷം അറിയിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. മോണോ റെയില്‍ പദ്ധതിരേഖയുടെ സമര്‍പ്പണത്തിനും ഒപ്പം പദ്ധതി വിവരിക്കുന്നതിനുമായാണ് ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തിയത്.
deshabhimani 121212
Labels:
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment