Wednesday, December 12, 2012
അരി കത്തിക്കുന്ന ഭരണത്തിനു മാപ്പ് നല്‍കരുത്
സാമാന്യജനങ്ങള്‍ ഭക്ഷണമില്ലാതെ വലയുന്നു; ഭരണക്കാര്‍ അരി കത്തിച്ചും കുഴിച്ചുമൂടിയും രസിക്കുന്നു. ഇത് ഏതെങ്കിലും പഴങ്കഥയിലെ സംഭവമല്ല. നമ്മുടെ നാട്ടില്‍ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ എഫ് സി ഐ ഗോഡൗണില്‍ ഉണ്ടായ കാര്യമാണ്. 1500 ടണ്‍ അരിയാണത്രെ അധികാരസ്ഥന്മാര്‍ ഇതിനകം നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 30 ടണ്‍ അരി കത്തിക്കുകയോ കുഴിച്ചു മൂടപ്പെടുകയോ ചെയ്തു. കത്തിച്ചാമ്പലാകാത്ത അരിയാണ് 15 അടി താഴ്ചയില്‍ കുഴിവെട്ടി മൂടുന്നത്. കേള്‍ക്കുന്നവര്‍ക്കാര്‍ക്കും അമ്പരപ്പുളവാക്കുന്ന ഈ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ആരും ചെന്നുകൂടെന്നാണ് ഉദ്യോഗസ്ഥരുടെ കല്‍പ്പന. അവിടെ എത്തിയ എല്‍ ഡി എഫ് എം എല്‍ എ മാര്‍ക്കുപോലും ദീര്‍ഘനേരത്തെ വാഗ്വാദത്തിനുശേഷമാണ് കോമ്പൗണ്ടിലേയ്ക്ക് പ്രവേശനാനുമതി ലഭിച്ചത്. അടച്ചു കെട്ടിയ തങ്ങളുടെ 'പരമാധികാര സാമ്രാജ്യ'ത്തില്‍ ആരും ഇടപെട്ടുകൂടെന്നാണ് അവരുടെ ഇംഗിതം. മനുഷ്യനു കഴിക്കാനുള്ള ഭക്ഷണം തങ്ങള്‍ കത്തിച്ചുകളഞ്ഞാലും കുഴിച്ചു മൂടിയാലും അതേപ്പറ്റി ചോദിക്കാന്‍ ആര്‍ക്കധികാരം എന്ന ഭാവമാണവര്‍ക്ക്.
റേഷന്‍ കടകളിലൂടെയും സിവില്‍ സപ്ലൈസ് കേന്ദ്രങ്ങളിലൂടെയും നാട്ടുകാര്‍ക്ക് വിശപ്പടക്കാന്‍ എത്തിക്കേണ്ട അരിയാണ് ഇങ്ങനെ നശിപ്പിക്കപ്പെടുന്നത്. ഇതിനുമുമ്പില്‍ കേന്ദ്ര-സംസ്ഥാന ഭരണക്കാര്‍ നാണംകെട്ട നിലപാടാണ് സ്വീകരിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തെ കുഴിച്ചുമൂടുന്ന സര്‍ക്കാര്‍ നയങ്ങളാണ് അരികുഴിച്ചുമൂടലിനു വഴിയൊരുക്കുന്നത്. പൊതുവിതരണത്തിനായി ഒരു ലക്ഷം ടണ്‍ അരി എത്തിക്കുമെന്ന് കേന്ദ്രഭക്ഷ്യ സഹമന്ത്രി കെ വി തോമസ് കഴിഞ്ഞ സെപ്തംബറില്‍ പ്രസ്താവിച്ചിരുന്നു. അദ്ദേഹം വാക്കു പാലിച്ചോ, അത്രയും അരി എത്തിയോ എന്നൊന്നും കണക്കുകള്‍ നോക്കി പറയാനാകില്ല. ഗോഡൗണുകളില്‍ എത്തുന്ന ഭക്ഷ്യധാന്യങ്ങള്‍ പിന്നെ പോകുന്നത് സ്വകാര്യ മില്ലുടമകളുടെ കേന്ദ്രങ്ങളിലേക്കാണെന്നത് ഇപ്പോള്‍ രഹസ്യമല്ല. അങ്ങനെ പോകുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് ആരാണ് കണക്കു സൂക്ഷിക്കുന്നത്?
കെട്ടിക്കിടന്നു പുഴുവരിക്കുന്ന അരി ഭക്ഷ്യയോഗ്യമല്ലാത്തതുകൊണ്ട് കത്തിച്ചു എന്ന അധികൃത ഭാഷ്യം ചിന്തോദ്ദീപകം തന്നെ. ഇത്തരം കത്തിക്കലും കുഴിച്ചുമൂടലും യു ഡി എഫ് ഭരണത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. 50 ടണ്‍ അരി ഉടനെ തന്നെ കത്തിക്കപ്പെടാനായി മുളങ്കുന്നത്തുകാവ് ഗോഡൗണില്‍ കാത്തിരിപ്പുണ്ടുപോലും! എല്‍ ഡി എഫ് സര്‍ക്കാര്‍ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ച പൊതുവിതരണ സമ്പ്രദായമാണ് യു ഡി എഫ് സര്‍ക്കാര്‍ ഇങ്ങനെ കത്തിച്ചു കളയുന്നത്.
സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഗോഡൗണാണ് മുളങ്കുന്നത്തുകാവിലേത്. അവിടെ 50,000 ടണ്‍ ധാന്യങ്ങള്‍ 7 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യങ്ങളാണുള്ളത്. കൃത്യമായി അരിവിതരണം നടന്നാല്‍ ഒരു മണി അരിപോലും അവിടെ കത്തിക്കാന്‍ ബാക്കി ഉണ്ടാകുമായിരുന്നില്ലെന്നതാണു സത്യം. മുന്‍ വര്‍ഷങ്ങളില്‍ 1650 ലോഡ് (16,500 ടണ്‍) അരി പ്രതിമാസം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിലേയ്ക്കു പോകുമായിരുന്നു. ഇപ്പോള്‍ പരമാവധി 300 ലോഡാണ് പോകുന്നത്. ഭക്ഷ്യ സുരക്ഷയെപ്പറ്റി വാചകമടിക്കുന്നവര്‍ പൊതുവിതരണ സമ്പ്രദായത്തെ കുളിപ്പിച്ചു കിടത്തി എന്നാണ് ഇതിനര്‍ഥം. പൊതുവിപണിയില്‍ അരി വില 48 രൂപവരെയായി ഉയര്‍ന്നു കഴിഞ്ഞ കേരളത്തില്‍ ഈ സ്ഥിതി വിശേഷം ഉണ്ടാക്കിയതും സര്‍ക്കാര്‍ തന്നെയാണ്.
ഭക്ഷ്യ സബ്‌സിഡി ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയാക്കാന്‍ ഭരണ മേലാളന്മാര്‍ തിരക്കു പിടിക്കുന്നതു വെറുതെയല്ല. അങ്ങനെ വന്നാല്‍ പൊതുവിതരണത്തിന്റെ അളവ് ഗണ്യമായി കുറയുമെന്ന് അവര്‍ക്കറിയാം. തങ്ങളുടെ ഭരണത്തില്‍ എല്ലാവരും സബ്‌സിഡി അരി വേണ്ടാത്തവിധം സുഭിക്ഷരായി എന്ന കള്ളക്കഥ മെനയാന്‍ അപ്പോള്‍ അവര്‍ക്കു സൗകര്യമാകും. ഗോഡൗണുകളില്‍ നിന്ന് സ്വകാര്യ മില്ലുകളിലേയ്ക്കുള്ള കുത്തൊഴുക്ക് അപ്പോള്‍ വര്‍ധിക്കുകയും ചെയ്യും. എന്നിട്ടും മിച്ചം വരുന്നത് കത്തിക്കാന്‍ എളുപ്പമായിരിക്കും. പട്ടിണി മാറ്റാന്‍ യു പി എ/യു ഡി എഫ് നേതാക്കള്‍ എന്തെല്ലാം വിദ്യകളാണ് കണ്ടുപിടിക്കുന്നത്! ദാരിദ്ര്യരേഖ മാറ്റി വരച്ചാല്‍ കണ്ണടച്ചു തുറക്കുംമുമ്പ് കോടാനുകോടി ബി പി എല്‍ക്കാര്‍ എ പി എല്‍ ആകും. എന്നിട്ടും ബി പി എല്‍ ആണെന്നു പറയുന്ന പരമ ദരിദ്രവാസി (!) കളെ ബാങ്ക് അക്കൗണ്ടിന്റെ മന്ത്രവടി കാട്ടി ഭയപ്പെടുത്തിയാല്‍ അവര്‍ ആ വഴിക്കു വരില്ലല്ലോ. അവരുടെയെല്ലാം കണക്കു കൂട്ടിക്കഴിയുമ്പോള്‍ ഇന്ത്യയില്‍ ദരിദ്രരേ ഇല്ലെന്നു വിളിച്ചു കൂവാം. ആളുകള്‍ക്ക് റേഷന്‍ വേണ്ടാത്തതുകൊണ്ട് അരി കത്തിക്കുന്ന അവസ്ഥ! അതു ഭക്ഷ്യ സുരക്ഷയുടെ പതിനെട്ടാം പടിക്കുമപ്പുറത്തുള്ള വികസന ഘട്ടമാണെന്നായിരിക്കും അവരുടെ വാദം! ഇത്തരം മനുഷ്യത്വഹീനരെ ജനങ്ങള്‍ വിചാരണ ചെയ്യുന്നകാലം ഏറെ വിദൂരമായിരിക്കില്ല. ആ നയങ്ങള്‍ക്കെതിരായ ജനരോഷം ഇത്തവണത്തെ നിയമസഭാ സമ്മേളനത്തില്‍ പ്രതിഫലിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
janayugom editorial 111212
Subscribe to:
Post Comments (Atom)
No comments:
Post a Comment