അരിവില കുതിക്കുമ്പോള്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ എഫ്സിഐ ഗോഡൗണിലേയ്ക്ക് ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന 2600 ടണ്‍ അരി അഞ്ചുദിവസമായി ഗുഡ്സ് വാഗണില്‍നിന്ന് ഇറക്കാതെ കാത്തുകിടക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടയിലേയ്ക്ക് യഥാസമയം അയക്കുന്നതില്‍ അധികൃതര്‍ ഗുരുതരമായ വീഴ്ചവരുത്തിയതുമൂലം ഗോഡൗണുകള്‍ നിറഞ്ഞതുകൊണ്ടാണ് ഈ 54,000 ചാക്ക് അരി ഇറക്കാന്‍ സാധിക്കാത്തത്. കൊച്ചിയില്‍ അരി ഇറക്കി ചരക്കുവണ്ടി ഒഴിവാക്കാത്തതിനാല്‍ റെയില്‍വേയ്ക്ക് ഇതുവരെ നഷ്ടപരിഹാരമായി നാലര ലക്ഷത്തിലധികം രൂപ നല്‍കണം. ഒമ്പത് മണിക്കൂറിനുശേഷമുള്ള ഓരോ മണിക്കൂറിനും ഒരു വാഗണിന് 100 രൂപ വീതമാണ് റെയില്‍വേയ്ക്ക് നല്‍കേണ്ട പിഴ.
അതേസമയം സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ആന്ധ്രയില്‍നിന്നുതന്നെ കൊണ്ടുവന്ന ആയിരക്കണക്കിനുടണ്‍ അരി ലോറികളിലേക്ക് മാറ്റി വിവിധ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി. 42 വാഗണിലായി ആന്ധ്ര ഗുണ്ടിക്കല്‍ ഡിവിഷനിലെ നന്ദ്യാലില്‍നിന്നാണ് അരി കൊണ്ടുവന്നത്. വെള്ളിയാഴ്ച വൈകിട്ട് ഐലന്‍ഡിലെ ഗുഡ്സ് ഷെഡില്‍ എത്തിയ അരി പിന്നീട് യാര്‍ഡിലേയ്ക്ക് മാറ്റുകയായിരുന്നു. ചാലക്കുടി എഫ്സിഐ സബ് ഡിപ്പോയിലേക്ക് പഞ്ചാബില്‍ നിന്ന് കൊണ്ടുവന്ന 500 ടണ്‍ ഗോതമ്പ് ഗുഡ്സ് വാഗണുകളില്‍നിന്ന് ഇറക്കാത്ത വാര്‍ത്ത കഴിഞ്ഞദിവസം "ദേശാഭിമാനി" റിപ്പോര്‍ട്ട് ചെയ്തിരുന്നു.
(എസ് രാമചന്ദ്രന്‍)
deshabhimani 121212
No comments:
Post a Comment