Wednesday, December 12, 2012

വക്കീല്‍ നോട്ടീസ് അയച്ച വിദ്യാര്‍ഥികള്‍ക്ക് കട്ജുവിന്റെ മറുപടി


തൊണ്ണൂറ് ശതമാനം ഇന്ത്യക്കാരും മതത്തിന്റെ പേരില്‍ എളുപ്പത്തില്‍ വഴിതെറ്റിക്കാവുന്ന വിഡ്ഢികളാണെന്ന് അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് തനിക്ക് വക്കീല്‍ നോട്ടീസ് അയച്ച വിദ്യാര്‍ഥികള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു മറുപടി അയച്ചു. തന്യ, ആദിത്യ എന്നിവര്‍ക്കാണ് കട്ജു ഇന്ത്യയുടെ വിശദമായ ചരിത്രവും രാഷ്ട്രീയവും വര്‍ത്തമാനകാല അവസ്ഥയും പ്രതിപാദിച്ച് തന്റെ വാദങ്ങള്‍ അക്കമിട്ട് നിരത്തി മറുപടി നല്‍കിയത്.

മറുപടി ഇങ്ങനെ:

പ്രിയ തന്യ, ആദിത്യ നിങ്ങളുടെ ഇ-മെയില്‍ സന്ദേശം ലഭിച്ചു. ഞാന്‍ മറുപടി നല്‍കുന്നു. പക്ഷേ, അതിനുമുമ്പ് ചില കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്.

1. ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍, 90 ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണെന്ന് പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ആരെയും മുറിവേല്‍പ്പിക്കാനല്ല, മറിച്ച് ഇന്ത്യക്കാരില്‍ വലിയൊരു ശതമാനത്തെ ഗ്രസിച്ച ജാതീയത, വര്‍ഗീയത, അന്ധവിശ്വാസം തുടങ്ങിയവയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനാണ് ഞാനിത് പറഞ്ഞത്.

2. തൊണ്ണൂറ് ശതമാനമെന്നത് ഒരു കൃത്യമായ കണക്കല്ല. ഭൂരിഭാഗത്തെ സൂചിപ്പിക്കല്‍മാത്രമായിരുന്നു ഉദ്ദേശ്യം.

3. പ്രസംഗത്തില്‍ നിങ്ങളെ പേരെടുത്ത് പറയുകയോ 90 ശതമാനത്തില്‍ നിങ്ങള്‍ ഉള്‍പ്പെടുമെന്ന് സൂചിപ്പിക്കുകയോ ഏതെങ്കിലും ജാതിയെയോ മതത്തെയോ പ്രത്യേകം പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ നിങ്ങള്‍ക്ക് ഇതെങ്ങനെ അപമാനകരമാകുമെന്ന് മനസ്സിലാകുന്നില്ല.

4. ഞാന്‍ സ്നേഹിക്കുന്ന ഇന്ത്യക്കാരെ വേദനിപ്പിക്കാനല്ല ഇതു പറഞ്ഞത്. ജാതി- മത ചിന്ത ഉപേക്ഷിച്ച് ശാസ്ത്രീയമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള അവരുടെ പുരോഗതിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലോകത്തെ ഏറ്റവും വികസിതമായ രാജ്യങ്ങളുടെ പട്ടികയുടെ മുന്‍നിരയില്‍ ഇന്ത്യയെ കാണണമെന്നാണ് എന്റെ ആഗ്രഹം. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, പോഷകാഹാരക്കുറവ്, ശരിയായ വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയവ പരിഹരിക്കണമെങ്കില്‍ ജാതി- മത ചിന്തയും അന്ധവിശ്വാസവും ഇല്ലാതാകണം. പക്ഷേ, കാര്യങ്ങള്‍ നേരെമറിച്ചാണ്. രോഗം മാറണമെങ്കില്‍ ചിലപ്പോള്‍ രോഗിക്ക് കയ്പേറിയ മരുന്നുതന്നെ വേണ്ടിവരും. ഇന്ത്യയുടെ ചരിത്രത്തെ ഞാന്‍ നിരാകരിച്ചിട്ടില്ല. പൂര്‍വികര്‍ വിഡ്ഢികളായിരുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. നമ്മള്‍ ലോകത്തെ നയിച്ച കാലമുണ്ടായിരുന്നു. പക്ഷേ, നിലവില്‍ ജനതയുടെ ഭൂരിഭാഗവും വിഡ്ഢികളാണ്. ഇതിനെ മറികടക്കണമെങ്കില്‍ ജാതീയതയും വര്‍ഗീയതയും അന്ധവിശ്വാസവും ഇല്ലാതാകണം. ഇതാണ് ഞാന്‍ പറഞ്ഞത്.

deshabhimani 121212

No comments:

Post a Comment