Wednesday, December 12, 2012
നിയമസഭയിലും തൃണമൂല്‍ അതിക്രമം; 3 എംഎല്‍എമാര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തിയ അതിക്രമത്തില്‍ മൂന്ന് സിപിഐ എം അംഗങ്ങള്‍ക്ക് പരിക്കേറ്റു. തലപൊട്ടിയ ഗൗരംഗ ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിച്ചു. വനിതാ അംഗമായ ദേബ്ലീനാ ഹേമബ്രതയെ മുടിപിടിച്ച് താഴെ വീഴ്ത്തി. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണകക്ഷിക്കാര്‍ പ്രതിപക്ഷ അംഗങ്ങളെ കൈയേറ്റംചെയ്യുന്നത്. അതിക്രമം കാട്ടിയവര്‍ക്കെതിരെ സ്പീക്കര്‍ ബിമല്‍ ബാനര്‍ജി നടപടി എടുക്കാതിരുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. അക്രമത്തെതുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. മന്ത്രിമാരും കൈയേറ്റത്തില്‍ പങ്കാളികളായി. തൃണമൂല്‍ അംഗങ്ങളുടെ അക്രമത്തിലും സ്പീക്കറുടെ പക്ഷപാതിത്വത്തിലും പ്രതിഷേധിച്ച് ഇടതുമുന്നണിയും കോണ്‍ഗ്രസും സഭ ബഹിഷ്കരിച്ചു. ഇടതുമുന്നണി അംഗങ്ങള്‍ പുറത്ത് ധര്‍ണ നടത്തി.
സഭാംഗങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംരക്ഷണം ഉറപ്പുവരുത്തിയില്ലങ്കില്‍ സഭാനടപടികള്‍ നടത്താന്‍ കഴിയില്ലന്ന് ഗവര്‍ണറെ കണ്ടശേഷം കോണ്‍ഗ്രസ് നേതാവ് മനാസ് ഭുനിയ പറഞ്ഞു. കക്ഷി നേതാക്കളുടെ യോഗം മുഖമന്ത്രി വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂണുപോലെ മുളച്ചുപൊട്ടുന്ന ചിട്ടിക്കമ്പനികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കാന്‍ സിപിഐ എം അംഗം നജിമുള്‍ ഹക്ക് നോട്ടീസ് നല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയ സ്പീക്കര്‍ പിന്നീട് നിഷേധിച്ചു. പ്രതിഷേധിച്ച് ഇടതുമുന്നണി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് നജിമുള്ള ഹക്ക്, അംജദ് ഹസ്സന്‍, ശ്രീകാന്ത് ബേസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷനുമുമ്പ് അംഗങ്ങള്‍ക്ക് നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര ആവശ്യപ്പെട്ടു. സ്പീക്കര്‍ അത് ചെവിക്കൊണ്ടില്ല. കൂടുതല്‍ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങിയതോടെയാണ് തൃണമൂല്‍ അംഗങ്ങള്‍ അക്രമം തുടങ്ങിയത്.
(ഗോപി)
deshabhimani 121212
Labels:
ബംഗാള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment