Wednesday, December 12, 2012

കടലോരത്ത് വറുതിയുടെ വേലിയേറ്റം


ചേര്‍ത്തല: അര്‍ത്തുങ്കല്‍ ആയിരംതൈ കടപ്പുറത്ത് ആരവം ഉയര്‍ന്നിട്ട് വര്‍ഷം പിന്നിട്ടു. ചാകര പ്രതീക്ഷിച്ച് കെട്ടിയ താല്‍ക്കാലിക ചായക്കടകള്‍ ഇതിനകം ജീര്‍ണിച്ചു. മീന്‍ ഉണക്കാന്‍ വിരിക്കുന്ന ഷീറ്റുകള്‍ ഫിഷ്ലാന്റിങ് സെന്ററിന് സമീപം മടക്കിവച്ചിരിക്കുന്നു. വള്ളങ്ങള്‍ കുറെ എണ്ണം കരയില്‍ വിശ്രമത്തില്‍. വലകള്‍ വേനലും മഴയും ഏല്‍ക്കാതെ സൂക്ഷിക്കുന്നു. പണിയില്ലാത്തതിനാല്‍ തൊഴിലാളികള്‍ ചെറുകൂട്ടങ്ങളായി കടപ്പുറത്ത്. എല്ലാവരിലും കടുത്ത നിരാശ. ഇവിടം കടലോരത്തിന്റെയാകെ ദുരവസ്ഥയുടെ പ്രതീകം തന്നെ. ക്രിസ്മസും അര്‍ത്തുങ്കല്‍ പെരുന്നാളും പടിവാതുക്കല്‍ എത്തി നില്‍ക്കെ കടലോരത്ത് കൊടിയ വറുതിയുടെ വേലിയേറ്റമാണ്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ പതിവ് ചാകരക്കൊയ്ത്തുപോലും ഇക്കുറി കിട്ടിയില്ല. ആയിരക്കണക്കായ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയുടെ വക്കില്‍. കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥ. ഇവര്‍ക്ക് സ്റ്റൈപ്പെന്‍ഡ് സര്‍ക്കാര്‍ നല്‍കുന്നില്ല. വറുതിയുടെ നാളുകളില്‍ മുന്‍ സര്‍ക്കാര്‍ സമ്പാദ്യ സമാശ്വാസപദ്ധതിയില്‍ നല്‍കിയ ധനസഹായം ഇപ്പോള്‍ യഥാസമയം കിട്ടാത്ത സ്ഥിതി. മത്സ്യബന്ധന വള്ളങ്ങള്‍ക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ മണ്ണെണ്ണ കിട്ടുന്നത് നാമമാത്രം. പുറം മാര്‍ക്കറ്റില്‍ നിന്ന് എണ്ണ വാങ്ങി ഉപയോഗിച്ചാല്‍ കടബാധ്യത പെരുകും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലമ്മയുടെ കനിവില്ല. കാലാവസ്ഥ വ്യതിയാനം മത്സ്യക്കൊയ്ത്തിനും ലഭ്യതയ്ക്കും പ്രതിബന്ധമായി. ആഴക്കടലില്‍ പോയി മീന്‍ പിടിക്കാന്‍ ഭയമാണ്. കപ്പലിനെയും ബോട്ടിനെയും ഭയന്നാണ് വള്ളങ്ങള്‍ ഇറക്കുന്നത്. ആഴക്കടലിലെ മത്സ്യസമ്പത്ത് അന്യസംസ്ഥാനക്കാര്‍ കോരിയെടുക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. പൊന്തുവള്ളങ്ങളില്‍ തീരക്കടലില്‍ നിന്ന് ചെറുമീനുകള്‍ പിടിക്കുന്നവര്‍ക്ക് മാത്രമാണ് നേരിയ ആശ്വാസം.

തുടര്‍ച്ചയായി തൊഴിലില്ലായ്മ കടലോരത്ത് ഗുരുതരസ്ഥിതി സൃഷ്ടിക്കുന്നു. നിരാശരായ തൊഴിലാളികള്‍ കടപ്പുറത്ത് ചെറുകൂട്ടമായി ചീട്ടുകളിച്ചാണ് സമയം ചെലവിടുന്നത്. കടബാധ്യത തീര്‍ക്കാനാകാത്ത അവസ്ഥ മത്സ്യത്തൊഴിലാളികളുടെ ഉറക്കം കെടുത്തുന്നു. സ്ത്രീകള്‍ക്ക് മീന്‍ ഉണക്കുന്ന ജോലിയും ഇല്ലാതായിട്ട് നാളേറെയായി. സബ്സിഡിയോടെ മണ്ണെണ്ണ ലഭ്യമാക്കാത്തത് വറുതിക്കിടയില്‍ ഇരുട്ടടിയായി. 14.90 രൂപ നിരക്കില്‍ സബ്സിഡി മണ്ണെണ്ണ ലഭിക്കാതായപ്പോള്‍ 55 മുതല്‍ 65 രൂപ മുടക്കി കരിഞ്ചന്തയില്‍ നിന്ന് വാങ്ങേണ്ട ദുര്‍ഗതിയിലാണിപ്പോള്‍. ആഘോഷങ്ങള്‍ അടുക്കവെ തൊഴിലാളി കുടുംബങ്ങള്‍ക്ക് കടുത്ത ആശങ്കയായി. പക്ഷെ, കടലിന്റെ മക്കളുടെ ദുരവസ്ഥ സര്‍ക്കാര്‍ കണ്ടഭാവം നടിക്കുന്നില്ല. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും തിരമാലപോലെ വന്നുപോകുന്നു. ഈ നില തുടര്‍ന്നാല്‍ തൊഴിലാളി കുടുംബങ്ങള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ട ഭയാനകമായ സ്ഥിതി.
(ടി പി സുന്ദരേശന്‍)

deshabhimani 121212

No comments:

Post a Comment