Wednesday, December 12, 2012
ഫൈസല്‍; ബികോം - എല്‍എല്‍ബി; തൊഴില്‍ ആക്രിക്കച്ചവടം
ഗോധ്ര: സബര്‍മതി എക്സ്പ്രസിലെ ആറാം നമ്പര്‍ ബോഗി ഇപ്പോഴുമുണ്ട് ഗോധ്ര റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍, പത്തു വര്‍ഷംമുമ്പ് നടന്ന ഗോധ്ര സംഭവത്തിന്റെ മുറിവുപോലെ. ബോഗി കത്തിക്കരിഞ്ഞതിനടുത്തുള്ള സിഗ്നല്‍ ഫാലിയ പ്രദേശത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്തുന്ന സാന്നിധ്യംകൂടിയാണിത്. അവഗണനയുടെയും മോഡിയുടെ പ്രതികാരത്തിന്റെയും ഇരകളാണ് അവരിന്നും. 2002 ഫെബ്രുവരി 27ന് രാവിലെ എട്ടോടെയാണ് സബര്‍മതി എക്സ്പ്രസിലെ എസ്-6 കംപാര്‍ട്മെന്റിന് തീപിടിച്ച് 58 പേര്‍ മരിച്ചത്. പ്ലാറ്റ്ഫോമില്‍ ചായവില്‍പ്പനക്കാരോട് വഴക്കുണ്ടാക്കുകയും മുസ്ലിം പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത കര്‍സേവകര്‍ സഞ്ചരിച്ച ബോഗിയാണ് കത്തിയത്. സിഗ്നല്‍ ഫാലിയയിലെ ആളുകളാണ് സംഭവത്തിനു പിന്നിലെന്നാണ് കേസ്. ബോഗി കത്തിയതിനുപിന്നില്‍ ആരുടെ ആസൂത്രണമാണെന്നാണ് അന്വേഷിക്കേണ്ടതെന്ന് സിഗ്നല്‍ ഫാലിയയിലെ ജനങ്ങള്‍ പറയുന്നു.
ഗുജറാത്തിലെ മുസ്ലിങ്ങള്‍ തനിക്കു പിന്നിലാണെന്ന നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിഗ്നല്‍ ഫാലിയയിലെ യുവാവായ ഫൈസല്‍ ചിരിച്ചു. ഗുജറാത്തിലാകെ മുസ്ലിങ്ങള്‍ അവഗണിക്കപ്പെടുന്നതിന്റെ കഥകള്‍ ഫൈസല്‍ നിരത്തി. മുസ്ലിംമേഖലകളില്‍ ഒരു വികസനവുമില്ല. സിഗ്നല്‍ ഫാലിയയില്‍ ഒരറ്റത്തുകൂടി കൂറ്റന്‍ കുടിവെള്ളക്കുഴല്‍ കടന്നുപോകുന്നുണ്ട്. മിം മസ്ജിദിനു പിന്നില്‍ ആയിരക്കണക്കിനു മുസ്ലിങ്ങള്‍ താമസിക്കുന്ന കോളനികളില്‍ കുടിവെള്ളം കിട്ടാനില്ല. കിണര്‍ കുഴിച്ച് അതില്‍നിന്ന് സ്വന്തം നിലയ്ക്ക് വെള്ളം പമ്പുചെയ്തെടുക്കുകയാണ്. മാലിന്യനിര്‍മാര്‍ജനത്തിനും പദ്ധതിയില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ വന്‍ ഫീസുള്ള സ്വകാര്യ സ്കൂളുകള്‍മാത്രമേ ഉള്ളൂ. മുസ്ലിംമേഖലകളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അനുവദിക്കില്ല. ഉള്ളവ അടച്ചുപൂട്ടുന്നു. ബികോമും എല്‍എല്‍ബിയും പാസായ ഫൈസല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും നിരവധി അപേക്ഷകളയച്ചിട്ടും ഫലമുണ്ടായില്ല. ഗുജറാത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം നിയമനമില്ല. താല്‍ക്കാലിക, കരാര്‍ ജോലികളിലേക്ക് മുസ്ലിങ്ങളെ പരിഗണിക്കുന്നുമില്ലെന്ന് സ്വന്തം അനുഭവം നിരത്തി ഫൈസല്‍ പറഞ്ഞു. ഇപ്പോള്‍ ജീവിക്കാന്‍വേണ്ടി ആക്രിക്കച്ചവടം നടത്തുകയാണ് ഫൈസല്‍.
ഉന്തുവണ്ടിയില്‍ ചായ വില്‍ക്കുന്ന അബ്ദുള്‍സലാമിന് ആറ് വയറുകള്‍ പുലര്‍ത്തണം. മോഡിയുടെ "മുസ്ലിംസ്നേഹം" തന്റെയുംസിഗ്നല്‍ ഫാലിയയിലെ മറ്റുള്ളവരുടെയും ജീവിതത്തില്‍ ദുരിതങ്ങള്‍ വര്‍ധിപ്പിച്ചതേയുള്ളൂവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പതിനഞ്ചേക്കര്‍ കൃഷിഭൂമിയുള്ള യാക്കൂബ്ഭായ് ഗോധ്രയിലാണ് താമസം. കൃഷിഭൂമി ടൗണില്‍നിന്ന് കുറച്ചകലെ. മുസ്ലിം കര്‍ഷകനായതുകൊണ്ട് വായ്പകള്‍ കിട്ടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. 15 ഏക്കറിന്റെ ഉടമയാണെങ്കിലും ദരിദ്രജീവിതം നയിക്കുന്നു. മുസ്ലിങ്ങളല്ലാത്തവര്‍ വായ്പ തിരിച്ചടച്ചില്ലെങ്കിലും ഒരു നടപടിയുമില്ല. മുസ്ലിങ്ങള്‍ക്ക് വായ്പയില്ല. കൃഷിനാശമുണ്ടായാല്‍ മുസ്ലിങ്ങളാണെങ്കില്‍ പത്തിലൊന്നുപോലും നഷ്ടപരിഹാരം കിട്ടില്ല. കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ യാചിച്ചുനില്‍ക്കണമെന്ന് അദ്ദേഹം പറയുന്നു. ഗോധ്രയിലെ അനുഭവങ്ങള്‍തന്നെയാണ് ഗുജറാത്തിലെമ്പാടും മുസ്ലിങ്ങള്‍ക്കുള്ളത്. അഹമ്മദാബാദ് നഗരത്തില്‍പ്പോലും മുസ്ലിം മേഖലകളില്‍ പ്രാഥമിക സൗകര്യങ്ങളില്ല.
(വി ജയിന്‍)
deshabhimani 121212
Labels:
ബിജെപി
Subscribe to:
Post Comments (Atom)
No comments:
Post a Comment