Sunday, December 9, 2012

സ്കോട്ട്ലന്‍ഡ് യാര്‍ഡ് വില്‍പ്പനയ്ക്ക് !


ഇംഗ്ലണ്ടില്‍ ബ്രക്സ്റ്റണ്‍ തെരുവിന്റെ അപ്പുറം ലോറിസ്റ്റണ്‍ ഗാര്‍ഡനിലെ മൂന്നാം നമ്പര്‍ വീട്ടില്‍ ഒരജ്ഞാതന്‍ കൊല്ലപ്പെട്ടു. അയാളുടെ പോക്കറ്റില്‍ ഇനോക്ക് ജെ ഡ്രെബ്ബര്‍, ഒഹിയോ, യുഎസ്എ എന്നെഴുതിയ ഒരു വിസിറ്റിങ് കാര്‍ഡുണ്ടായിരുന്നു. കൊലപാതകിയെയോ മരിച്ചയാളെയോപറ്റി മറ്റ് ഒരു വിവരവുമില്ല. ഇയാള്‍ മരിച്ചുകിടന്ന മുറിയാകട്ടെ ശുദ്ധശൂന്യവും.

അപസര്‍പ്പക കഥകളുടെ കുലപതിയായ ആര്‍തര്‍ കൊനന്‍ ഡോയലിന്റെ "ചോരക്കളം" എന്ന നോവലിന്റെ ഇതിവൃത്തം ഈ കേസിന്റെ അന്വേഷണമാണ്. കോനന്‍ ഡോയലിന്റെ ഭാവനാസൃഷ്ടികളായ രണ്ട് സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഡിറ്റക്ടീവുകളാണ് അന്വേഷണചുമതല ഏറ്റെടുക്കുന്നത്- ടോബിയസ് ഡ്രഗ്സണും ലാസ്ട്രെഡും. മഹാബുദ്ധിമാന്മാരാണെന്ന് സ്വയം വിശ്വസിക്കുന്ന ഇവര്‍ യഥാര്‍ഥത്തില്‍ നമ്മുടെ സിനിമ സിഐഡികളായ "ദാസനും വിജയനു"മല്ലാതെ മറ്റൊന്നുമല്ല. പക്ഷേ, പത്രങ്ങള്‍ക്ക് ഇവര്‍ വീരനായകന്മാര്‍. അതിനുപിന്നില്‍ ഒരു രഹസ്യമുണ്ട്- ഷെര്‍ലക്ഹോംസ് എന്ന അനൗദ്യോഗിക കുറ്റാന്വേഷകന്‍. "കുശാഗ്രബുദ്ധിയോടെ" മണ്ടത്തരങ്ങള്‍ ചെയ്തശേഷം ഇവര്‍ നമ്പര്‍ 221 ബി, ബേക്കര്‍ സ്ട്രീറ്റ് എന്ന വിലാസത്തില്‍ സഹായമഭ്യര്‍ഥിച്ച് ഒരു കത്തെഴുതും. ഷെര്‍ലക് ഹോംസിന്റെ മേല്‍വിലാസമാണത്. ചിലപ്പോള്‍ നേരെ അങ്ങോട്ട് വച്ചുപിടിക്കുകയും ചെയ്യും. "ഞങ്ങള്‍ എല്ലാം കണ്ടുപിടിച്ചുകഴിഞ്ഞു. എങ്കിലും നിങ്ങള്‍കൂടി ഒന്ന് നോക്ക്" എന്ന മട്ടിലായിരിക്കും സഹായാഭ്യര്‍ഥന. ഒടുവില്‍ ഹോംസ് കേസിന്റെ കുരുക്കഴിക്കും. "ദാസവിജയന്മാര്‍" പ്രശസ്തി നേടും. ഡ്രഗ്സണെയും ലാസ്ട്രെഡിനെയുംപോലെ സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ ഒരുപാട് ഡിറ്റക്ടീവുമാരെ കൊനന്‍ ഡോയല്‍ ഷെര്‍ലക്ഹോംസ് കഥകളില്‍ കൊണ്ടുവരുന്നുണ്ട്. "നമ്മുടെ ഔദ്യോഗിക പൊലീസുകാര്‍ മണ്ടന്മാരാണെങ്കിലും ധീരന്മാരാണ്" എന്നൊക്കെ പരിഹസിക്കാനാണെന്നുമാത്രം. കുറ്റാന്വേഷണ വൈദഗ്ധ്യത്തിലെ അവസാന വാക്കായി ലോകമെമ്പാടും കരുതപ്പെടുന്ന സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ ഡിറ്റക്ടീവുകള്‍ യഥാര്‍ഥത്തില്‍ ഇങ്ങനെയാണോ? ചരിത്രവും കണക്കുകളും കൊനന്‍ ഡോയലിനും ഷെര്‍ലക്ഹോംസിനുമൊപ്പമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ലോകത്തെതന്നെ നടുക്കിയ "ജാക്ക് ദ റിപ്പര്‍" കൊലപാതകപരമ്പരമുതല്‍ തെളിയിക്കപ്പെടാത്ത കേസുകളുടെ എടുത്താല്‍ പൊങ്ങാത്ത ഭാരമുണ്ട് സ്കോട്ട്ലന്‍ഡ് യാര്‍ഡിന്റെ ചുമലില്‍. 1888 മുതല്‍ 91വരെ കിഴക്കന്‍ ഇംഗ്ലണ്ടിലെ വൈറ്റ്ചാപ്പല്‍ പ്രദേശത്താണ് റിപ്പര്‍ കൊലപാതകങ്ങള്‍ നടന്നത്. എല്ലാം സുന്ദരികളായ സ്ത്രീകള്‍. സ്കോട്ട്ലന്‍ഡ് യാര്‍ഡ് സിഐഡികളുടെ മേധാവി റോബര്‍ട്ട് ആന്‍ഡേഴ്സണ്‍തന്നെ നേരിട്ടന്വേഷിച്ചിട്ടും ഫലം തഥൈവ. ഒരു അമേരിക്കന്‍ വ്യാജഡോക്ടറും അഭിഭാഷകനുമടക്കം നാലുപേരെ സംശയിച്ചു എന്നതുമാത്രമായിരുന്നു പൊലീസിന്റെ നേട്ടം. കൊലപാതകിതന്നെ പൊലീസിനയച്ച ഒരു കത്തില്‍നിന്നാണ് ജാക്ക് ദ റിപ്പര്‍ എന്ന പേര് കിട്ടിയത്. പുതിയ കണക്കുകള്‍ നോക്കിയാലോ 2011ല്‍ രജിസ്റ്റര്‍ ചെയ്തതില്‍ തുമ്പുണ്ടാക്കാനായത് 24 ശതമാനത്തില്‍മാത്രം. മയക്കുമരുന്നു കേസുകളിലാണ് അല്‍പ്പമെങ്കിലും മെച്ചമെന്നുപറയാവുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഇവനെങ്ങനെ പുലിയായി? കുറ്റാന്വേഷണത്തിലെ അമാനുഷികരുടെ ആസ്ഥാനമെന്ന പരിവേഷം സ്കോട്ട്ലന്‍ഡ് യാര്‍ഡിന് എങ്ങനെ ലഭിച്ചു. അതിനുത്തരം കേരളത്തിന്റെ മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് പറയും. ""ലണ്ടന്‍ നഗരത്തിലെ മെട്രോപൊളിറ്റന്‍ പൊലീസാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡ്. ബ്രിട്ടനില്‍ പ്രാദേശിക ഭരണസംവിധാനമായ "കൗണ്ടി"കളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഓരോ കൗണ്ടിക്കും പ്രത്യേക പൊലീസ്. നമുക്ക് വേഗം മനസ്സിലാക്കാന്‍ "പഞ്ചായത്ത് പൊലീസ്" എന്ന് അല്‍പ്പം അതിശയോക്തി കലര്‍ത്തി പറയാം. തദ്ദേശീയമായ ക്രമസമാധാനപാലനമല്ലാതെ കൊലപാതകം, ആസൂത്രിത കവര്‍ച്ച തുടങ്ങിയവ അന്വേഷിക്കാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നില്ല. 19-ാം നൂറ്റാണ്ടില്‍ ശാസ്ത്രീയ കുറ്റാന്വേഷണം കുറച്ചെങ്കിലും നടത്താന്‍ ലണ്ടന്‍ നഗര പൊലീസിന് കഴിഞ്ഞിരുന്നു. അതിനാല്‍, ഗൗരവമുള്ള കേസുകള്‍ "കൗണ്ടി പൊലീസ്" ലണ്ടന്‍ പൊലീസിനെ ഏല്‍പ്പിച്ചുവന്നു. പിന്നീട് ബ്രിട്ടന്‍ ലോകമെങ്ങും കോളനികള്‍ സ്ഥാപിച്ചപ്പോള്‍ അവിടങ്ങളിലുണ്ടാകുന്ന ചില കേസുകളന്വേഷിക്കാന്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ പോയിരുന്നു. ഇങ്ങനെയാണ് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന് രാജ്യാന്തര പ്രസിദ്ധി കൈവന്നത്"". വെറുമൊരു വിളിപ്പേരുമാത്രമാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡ്. 1829ല്‍ മെട്രോപൊളിറ്റന്‍ പൊലീസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പുതിയ സംവിധാനത്തിന് ലണ്ടന്‍ നിവാസികളിട്ട പേര്. അതിനു പിന്നിലുമുണ്ട് ചെറിയൊരു കൗതുകം. കേണല്‍ ചാള്‍സ് റോവന്‍, സര്‍ റിച്ചാര്‍ഡ് മെയ്ന്‍ എന്നിങ്ങനെ രണ്ട് കമീഷണര്‍മാരാണ് പുതിയ പൊലീസിനെ ചിട്ടപ്പെടുത്തിയത്. നമ്പര്‍ 4, വൈറ്റ്ഹാള്‍ പാലസ് ആയിരുന്നു ഇവരുടെ വാസസ്ഥലം. കെട്ടിടത്തിന്റെ പിന്‍ഭാഗം അവര്‍ ലണ്ടന്‍ പൊലീസിന്റെ മുഖ്യപൊലീസ് സ്റ്റേഷനായും ഉപയോഗിച്ചു. വൈറ്റ്ഹാള്‍ പാലസിന്റെ പിന്‍ഭാഗത്തെ തെരുവിന്റെ പേരാണ് സ്കോട്ട്ലന്‍ഡ്. സ്കോട്ട്ലന്‍ഡ് രാജാക്കന്മാരോ അവരുടെ പ്രതിനിധികളോ ലണ്ടനിലെത്തിയാല്‍ ഇവിടെ താമസിച്ചിരുന്നതിനാലാണത്രേ ഈ തെരുവിന് ഇങ്ങനെ പേരുകിട്ടിയത്.

വളരെ പണ്ടെന്നോ ഇവിടം സ്കോട്ട് എന്നയാളുടെ സ്വന്തമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓര്‍മയാണ് സ്കോട്ട്ലന്‍ഡ് എന്ന പേര് പങ്കുവയ്ക്കുന്നതെന്നും ഒരു പാഠഭേദവുമുണ്ട്. എന്തായാലും സ്കോട്ട്ലന്‍ഡ് തെരുവിലെ പൊലീസ് സ്റ്റേഷനിലേക്കുവന്ന സാധാരണ ലണ്ടന്‍കാര്‍ ഈ പൊലീസിനെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് എന്നുവിളിച്ചു. അതുപിന്നെ "ടൈംസ്" ദിനപത്രം ഏറ്റുപിടിച്ചു. ഒടുവിലൊടുവില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് എന്നുപറഞ്ഞാല്‍ ആരും മൈന്‍ഡ് ചെയ്യാതായി. ഇത്തരമൊരനുഭവം ലണ്ടന്‍ പൊലീസ് കമീഷണറായിരുന്ന ലോര്‍ഡ് ബ്ലെയര്‍ പങ്കുവച്ചതായി ദക്ഷിണമേഖലാ എഡിജിപി എ ഹേമചന്ദ്രന്‍ ഓര്‍ക്കുന്നു. ""ലണ്ടന്‍ ബിസിനസ് സ്കൂളിലെ ഒരു പരിശീലന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലോര്‍ഡ് ബ്ലയര്‍. വിദേശയാത്രകളിലും മറ്റും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് കമീഷണര്‍ എന്നുപറഞ്ഞാല്‍ ആരും വലിയ പരിഗണനയൊന്നും നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ സ്കോട്ട്ലന്‍ഡ് യാര്‍ഡില്‍നിന്നാണെന്നുപറഞ്ഞാല്‍ അന്തരീക്ഷം മാറും. പിന്നെ ഒരത്ഭുത മനുഷ്യനോടെന്നപോലെയാകും പെരുമാറ്റം"".

1890ല്‍ ലണ്ടന്‍ പൊലീസ് ഈ തെരുവും കെട്ടിടവും വിട്ട് വിക്ടോറിയ എംബാര്‍ക്മെന്റില്‍ റിച്ചാര്‍ഡ് നോര്‍മന്‍ഷാ രൂപകല്‍പ്പന ചെയ്ത കെട്ടിടത്തിലേക്ക് പോയെങ്കിലും വിളിപ്പേര് കൈവിട്ടില്ല. പകരം അതൊന്ന് പരിഷ്കരിച്ചു - ന്യൂ സ്കോട്ട്ലന്‍ഡ് യാര്‍ഡ് എന്നാക്കി. 1967ല്‍ ഈ കെട്ടിടമുപേക്ഷിച്ചാണ് ബ്രോഡ്വേയിലുള്ള മഹാമന്ദിരത്തിലേക്ക് ചേക്കേറിയത്. ആദ്യകാലത്ത് ഫോറന്‍സിക് മെഡിസിന്‍പോലുള്ള മേഖലകളില്‍ അന്വേഷണ ഏജന്‍സികള്‍ അധികം കൈവച്ചിരുന്നില്ല. അത്തരം സാധ്യതകളെ ഉപയോഗപ്പെടുത്താനും പൊലീസ് സംവിധാനം ചിട്ടപ്പെടുത്താനും ലണ്ടന്‍ പൊലീസ് ശ്രദ്ധവച്ചിരുന്നതായി ഹേമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. സേവനോന്മുഖതയിലും പെരുമാറ്റ മാന്യതയിലും അവര്‍ താരതമ്യേന മുന്നിലാണുതാനും. കഥകളും സിനിമകളുമാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡിനെ ഇത്ര വലിയ സംഭവമാക്കിയത്. മലയാളത്തില്‍ ബാറ്റണ്‍ ബോസിന്റെ കുറ്റാന്വേഷണനോവലുകളിലെ കഥാപാത്രം "ഡിറ്റക്ടീവ് ടൈംസ"് ഇതിനുദാഹരണമാണ്. മലയാളിയായ ഈ ഡിറ്റക്ടീവ് സ്കോട്ട്ലന്‍ഡ് യാര്‍ഡില്‍ പരിശീലനം കിട്ടിയ മിടുക്കനാണ്്. വിദഗ്ധ അന്വേഷണത്തിന് പരിശീലനം നല്‍കുന്ന ഒരു സ്ഥലം എന്ന നിലയിലാണ് താന്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡിനെ കണ്ടതെന്ന് ബാറ്റണ്‍ ബോസ് പറയുന്നു. ബ്ലാക്ക് മ്യൂസിയം എന്ന ക്രൈം മ്യൂസിയമാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡിന്റെ മറ്റൊരു ഖ്യാതി. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച രേഖകളുടെയും വസ്തുക്കളുടെയും ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ശേഖരമാണിത്. നീം എന്ന സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഇന്‍സ്പക്ടറുടേതായിരുന്നു ഈ ആശയം. 1875ല്‍ മ്യൂസിയം തുടങ്ങി. പക്ഷേ, രണ്ടുവര്‍ഷം കഴിഞ്ഞ് ഒബ്സര്‍വര്‍ ദിനപത്രമാണ് മ്യൂസിയത്തെ ബ്ലാക് മ്യൂസിയമെന്ന് വിളിച്ചത്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍, കുറ്റവാളികളെ തൂക്കിക്കൊല്ലുമ്പോള്‍ അണിയിച്ചിരുന്ന മുഖംമൂടികള്‍ തുടങ്ങി പൊലീസുദ്യോഗസ്ഥര്‍ക്ക് വിലപ്പെട്ട പഠനവസ്തുക്കളാണ് ഇവിടെയുള്ളത്. കൊനന്‍ഡോയലും മാന്ത്രിക ജീനിയസ്സായ ഹാരി ഹൗഡിനിയുമൊക്കെ ഇവിടെ നിത്യസന്ദര്‍ശകരായിരുന്നു. പക്ഷേ, സാധാരണക്കാര്‍ക്ക് മ്യൂസിയത്തിലേക്ക് പ്രവേശനാനുമതിയില്ല. ഇപ്പോള്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് വീണ്ടും വാര്‍ത്തകളില്‍നിറയുന്നു. അതുപക്ഷേ, ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ പേരിലാണെന്നുമാത്രം. കാശില്ലാതെ പാപ്പരായിരിക്കുന്നു പാവം സ്കോട്ട്ലന്‍ഡ് യാര്‍ഡ് എന്ന് മാധ്യമങ്ങള്‍ പരിഹസിച്ചു. കടലാസുപുലിയുടെ മേലെ പേമാരി പെയ്തപോലെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഈ വാര്‍ത്തപ്പെരുമഴയില്‍ കുതിര്‍ന്നുപോയിരിക്കുന്നു.

ബി അബുരാജ്  deshabhimani varanthapathipp 091212

1 comment:

  1. ഇപ്പോള്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് വീണ്ടും വാര്‍ത്തകളില്‍നിറയുന്നു. അതുപക്ഷേ, ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ പേരിലാണെന്നുമാത്രം. കാശില്ലാതെ പാപ്പരായിരിക്കുന്നു പാവം സ്കോട്ട്ലന്‍ഡ് യാര്‍ഡ് എന്ന് മാധ്യമങ്ങള്‍ പരിഹസിച്ചു. കടലാസുപുലിയുടെ മേലെ പേമാരി പെയ്തപോലെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഈ വാര്‍ത്തപ്പെരുമഴയില്‍ കുതിര്‍ന്നുപോയിരിക്കുന്നു.

    ReplyDelete