Sunday, December 9, 2012

ഭൂസമരത്തില്‍ ലക്ഷം വളന്റിയര്‍മാര്‍ അണിനിരക്കും


ഭൂസംരക്ഷണസമരത്തില്‍ ഒരുലക്ഷം സമരഭടന്മാര്‍ അണിനിരക്കും. കേരളം സാക്ഷ്യംവഹിക്കാന്‍ പോകുന്ന മഹാപ്രക്ഷോഭത്തില്‍ പങ്കാളികളായി അറസ്റ്റു വരിച്ച് ജയിലിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഈ സമരവളന്റിയര്‍മാര്‍. സമരത്തിന്റെ സന്ദേശവുമായി രണ്ട് ഭൂസംരക്ഷണ ജാഥകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. കേരള കര്‍ഷകസംഘം, കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമ സമിതി എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ഭൂസംരക്ഷണ സമരസമിതി നേതൃത്വത്തിലാണ് പ്രക്ഷോഭം. തെക്കന്‍ മേഖലാ ജാഥ തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നെയ്യാറ്റിന്‍കരയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഭൂസംരക്ഷണ സമരസമിതി ചെയര്‍മാന്‍ ഇ പി ജയരാജന്‍ നയിക്കുന്ന ജാഥയില്‍ കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍, കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോര്‍ജ് മാത്യു, കര്‍ഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി വിക്രമന്‍, ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരന്‍ കാണി, പട്ടികജാതി ക്ഷേമസമിതി നേതാവ് കെ സോമപ്രസാദ് എന്നിവര്‍ അംഗങ്ങളാണ്. വടക്കന്‍മേഖലാജാഥ കാസര്‍കോട് കുമ്പളയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. ഭൂസംരക്ഷണ സമരസമിതി ജനറല്‍ കണ്‍വീനര്‍ എ വിജയരാഘവന്‍ ക്യാപ്റ്റനായ ജാഥയില്‍ കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍, പട്ടികജാതി ക്ഷേമസമിതി നേതാവ് കെ രാധാകൃഷ്ണന്‍ എംഎല്‍എ, കെഎസ്കെടിയു സംസ്ഥാന വൈസ്പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന്‍ എന്നിവരാണ് അംഗങ്ങള്‍. രണ്ട് ജാഥകളും ഡിസംബര്‍ 23ന് എറണാകുളത്ത് വന്‍ റാലിയോടെ സമാപിക്കും.

1970കളില്‍ കേരളത്തില്‍ അലയടിച്ച കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രക്ഷോഭത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഭൂസംരക്ഷണസമരമെന്ന് സമരസമിതി ചെയര്‍മാന്‍ ഇ പി ജയരാജനും കണ്‍വീനര്‍ എ വിജയരാഘവനും പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്കരണനിയമം അട്ടിമറിക്കാന്‍ ശക്തമായ ശ്രമം തുടരുകയാണ്. കശുവണ്ടിത്തോട്ടങ്ങളെ പ്ലാന്റേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തോട്ടംഭൂമിയുടെ 5 ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്ന ഭേദഗതി കൊണ്ടുവന്നു. 2008ലെ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമം അസാധുവാക്കാനും ശ്രമിക്കുന്നു. പാട്ടവ്യവസ്ഥ ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. റിയല്‍ എസ്റ്റേറ്റുകാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ബിനാമി പേരില്‍ ഇഷ്ടംപോലെ ഭൂമി വാങ്ങിക്കൂട്ടാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു.

ഭൂരഹിതരായ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും ഭൂമി നല്‍കണം, ഭൂവിതരണത്തില്‍ മുന്‍ഗണന പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കുകയും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കുടുംബത്തിന് ചുരുങ്ങിയത് ഒരേക്കര്‍ ഭൂമി നല്‍കുകയും വേണം, 25 വര്‍ഷത്തിലേറെയായി കോടതിയില്‍ കെട്ടിക്കിടക്കുന്ന മിച്ചഭൂമി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തണം, പാട്ടവ്യവസ്ഥ ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍, തൊഴിലാളികളെ സംരക്ഷിച്ച് ഏറ്റെടുക്കണം, എസ്റ്റേറ്റ് ഉടമകള്‍ കൈവശം വച്ച ഭൂമി റീസര്‍വേ ചെയ്ത് അനധികൃതമായി കൈവശം വച്ച ഭൂമി ഏറ്റെടുക്കണം, കൃഷി ചെയ്യാതെ കൈവശം വച്ച തോട്ടഭൂമി ഏറ്റെടുക്കണം, നാമമാത്രമായ ഭൂമി കൈവശം വച്ച് കൃഷിചെയ്ത് ഉപജീവനം നയിക്കുന്ന പാവപ്പെട്ട കൃഷിക്കാര്‍ക്ക് കൈവശമുള്ള കൃഷിഭൂമിക്ക് പട്ടയം നല്‍കണം, 2005 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കണം, നെല്‍വയല്‍ നികത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കണം, നെല്‍കൃഷി ലാഭകരമായി നടത്തുന്നതിന് താങ്ങുവിലയും സബ്സിഡികളും ഉറപ്പുവരുത്തി ഭൂമി തരിശ്ശിടാന്‍ അനുവദിക്കാതിരിക്കണം, പരിസ്ഥിതിക്ക് ഹാനികരമായ വിധം പ്രകൃതിദത്തമായ ഭൂഘടന മാറ്റുന്ന തരത്തിലുള്ള ഭൂപരിവര്‍ത്തനം തടയണം, യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ ഭേദഗതി നിയമം റദ്ദുചെയ്യണം, ബിനാമി പേരില്‍ റിയല്‍ എസ്റ്റേറ്റുകാരും കോര്‍പറേറ്റുകളും വാങ്ങിക്കൂട്ടിയ ഭൂമി മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം തുടങ്ങിയ സുപ്രധാനമായ ആവശ്യങ്ങളാണ് ഭൂസംരക്ഷണസമരത്തില്‍ ഉന്നയിക്കുന്നത്.

deshabhimani 091212

No comments:

Post a Comment