Sunday, December 9, 2012

കേന്ദ്രസര്‍ക്കാരിന് യുഎസ് പ്രശംസ


ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ വിജയം നേടിയ യുപിഎ സര്‍ക്കാരിന് അമേരിക്കയുടെ അഭിനന്ദനം. ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ടികളും എതിര്‍ത്തിട്ടും തീരുമാനവുമായി മന്‍മോഹന്‍ സര്‍ക്കാര്‍ നീങ്ങിയത് അമേരിക്കയുടെ സമ്മര്‍ദഫലമാണെന്ന് വാഷിങ്ടണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ജനവിരുദ്ധ വിദേശനിക്ഷേപനയത്തെ അനുകൂലിച്ച് അമേരിക്കമാത്രമാണ് പ്രതികരിച്ചത്. ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ തീരുമാനമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റേതെന്ന് അമേരിക്കന്‍ വിദേശമന്ത്രാലയ വക്താവ് മാര്‍ക്ടോണര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ബ്രസീലിലും ചൈനയിലുമെന്നപോലെ ഇന്ത്യയിലും കമ്പോളം വളരും. ടോണര്‍, വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തയ്യാറാണ്. ഇന്ത്യ- അമേരിക്ക സാമ്പത്തികബന്ധം ശക്തമാക്കാന്‍ ഇത് ഉപകരിക്കും- അദ്ദേഹം പറഞ്ഞു. 2005ലെ സംയുക്തപ്രസ്താവനയുടെഭഭാഗമായി നിലവില്‍വന്ന അമേരിക്ക- ഇന്ത്യ ബിസിനസ് കൗണ്‍സിലും യുപിഎ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയില്‍ ഒരു ചടങ്ങില്‍ സംസാരിക്കെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അമേരിക്കന്‍ന്യായങ്ങള്‍ ആവര്‍ത്തിച്ചു. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശനിക്ഷേപം അനുവദിച്ചത് അമേരിക്കന്‍സമ്മര്‍ദം കാരണമാണെന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വാള്‍മാര്‍ട്ടിന്റെ മുന്‍ ഡയറക്ടറും അമേരിക്കന്‍ വിദേശ സെക്രട്ടറിയുമായ ഹിലരി ക്ലിന്റണ്‍ നേരത്തെ പറഞ്ഞത് തങ്ങളുടെ ശ്രമം വിജയിച്ചുവെന്നാണ്. അതുകൊണ്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടതിനെ അമേരിക്ക സ്വാഗതംചെയ്തതില്‍&ാറമവെ;അത്ഭുതമില്ല- കാരാട്ട് പറഞ്ഞു. പാര്‍ലമെന്റിലുണ്ടായ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പി ചിദംബരവും വാണിജ്യമന്ത്രി ആനന്ദ്ശര്‍മയും പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥും പറഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 26ല്‍നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തല്‍, സഹകരണബാങ്കുകളുടെയും മറ്റും നിയന്ത്രണം റിസര്‍വ് ബാങ്കിന് നല്‍കുന്നതും സ്വകാര്യബാങ്കുകളുടെ വോട്ടിങ് അവകാശം ഉയര്‍ത്തി സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടുന്നതുമായ ബാങ്കിങ് ഭേദഗതി ബില്‍, പെന്‍ഷന്‍ഫണ്ടിലെ വിദേശനിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തി ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്ന ബില്‍ നടപ്പാക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വിദേശനിക്ഷേപ വിഷയത്തില്‍ വിജയിച്ചതുകൊണ്ടുമാത്രം സര്‍ക്കാരിന് മറ്റു പരിഷ്കാരനടപടികള്‍ ഒറ്റയടിക്ക് നടപ്പാക്കാനാകില്ലെന്ന് ജെഎന്‍യു പ്രൊഫസര്‍ സി പി ചന്ദ്രശേഖര്‍ പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 091212

1 comment:

  1. ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച വിഷയത്തില്‍ പാര്‍ലമെന്റില്‍ വിജയം നേടിയ യുപിഎ സര്‍ക്കാരിന് അമേരിക്കയുടെ അഭിനന്ദനം. ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ടികളും എതിര്‍ത്തിട്ടും തീരുമാനവുമായി മന്‍മോഹന്‍ സര്‍ക്കാര്‍ നീങ്ങിയത് അമേരിക്കയുടെ സമ്മര്‍ദഫലമാണെന്ന് വാഷിങ്ടണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

    ReplyDelete