Wednesday, December 12, 2012

ഇടതുസര്‍ക്കാര്‍ ബംഗാളില്‍ നിന്ന് അരിയിറക്കി


അരിവില പിടിച്ചുനിര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുന്നു. മൂന്ന് മാസത്തിലേറെയായി എഫ്സിഐയില്‍ കെട്ടിക്കിടക്കുന്ന അരിയാണ് അടുത്തദിവസം എത്തും എന്നവിധം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പ്രസ്താവന നടത്തുന്നത്. അരിവിപണിയില്‍ പ്രതിസന്ധി ഉണ്ടായവേളയില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒട്ടേറെ നടപടികളാണെടുത്തത്. ആന്ധ്ര അരിയുടെ വരവ് കുറഞ്ഞപ്പോള്‍ ബംഗാളില്‍നിന്നുപോലും അരി എത്തിച്ച ചരിത്രമാണ് മുന്‍ സര്‍ക്കാരിനുള്ളത്. സര്‍ക്കാരിന്റെതന്നെ ഏജന്‍സിയായ കണ്‍സ്യൂമര്‍ഫെഡ് മുന്‍കൈ എടുത്താണ് ബംഗാള്‍ അരി എത്തിച്ചത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ സഹകരണബാങ്കിലും അരിച്ചന്ത ആരംഭിച്ചും എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുചരിത്രമെഴുതി. അന്ന് ദേശീയ മാധ്യമങ്ങളുടെപോലും ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ നീക്കത്തിന് കഴിഞ്ഞു. ഇതിനുപുറമെ ആഘോഷവേളകളില്‍ സംസ്ഥാനത്തെ 5000 കേന്ദ്രത്തില്‍ സഹകരണ വിപണനമേളകള്‍ ആരംഭിച്ചും അരിവില വര്‍ധന തടഞ്ഞു. ഓണക്കാലത്ത് സൗജന്യമായി എല്‍ഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തത് 4000 ടണ്‍ അരിയാണ്. അരി ഉള്‍പ്പെടെ അഞ്ച് ഇനം ഉല്‍പ്പന്നമാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്. ഇതിനുപുറമെ ഏതാണ്ട് ഒരുലക്ഷം ടണ്‍ അരി വിലകുറച്ച് സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് സ്റ്റോറുകള്‍ വഴിയും വിതരണം ചെയ്തു.

എന്നാല്‍ ഇക്കുറി ഓണക്കിറ്റുകള്‍പോലും സംസ്ഥാന സര്‍ക്കാര്‍ അവതാളത്തിലാക്കി. സപ്ലൈകോപോലുള്ള സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുകയും ചെയ്തു. ഒട്ടുമിക്ക ഇനങ്ങളുടെയും സബ്സിഡി എടുത്തുകളഞ്ഞതോടെ ഇതര ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന വലിയ പലവ്യഞ്ജനകടയ്ക്കു തുല്യമായി ഇവ മാറി. എല്‍ഡിഎഫ് ഭരണത്തിന്റെ ഒരുഘട്ടത്തില്‍ രാജ്യത്തുതന്നെ ഏറ്റവും വിലക്കുറവായിരുന്നു കേരളത്തിന്റെ സ്വന്തം മട്ട അരിക്ക്. ഇപ്പോള്‍ മട്ടയുടെ വില ഇരട്ടിയിലേറെയായി. ഉല്‍പ്പാദിപ്പിച്ച 80 ശതമാനം നെല്ലും സംഭരിക്കാനും അതുവഴി കര്‍ഷകന് ആശ്വാസം എത്തിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും ഏറെ ഫലം കണ്ടു.

deshabhimani 121212

No comments:

Post a Comment