Thursday, December 13, 2012

വ്യവസായങ്ങള്‍ക്ക് പവര്‍കട്ട്; വീടുകള്‍ക്ക് ഇരട്ടി നിരക്ക്


വ്യവസായങ്ങള്‍ക്ക് പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി. വീടുകളില്‍ പ്രതിമാസം 300 യൂണിറ്റിനു മേലുള്ള വൈദ്യുതി ഉപയോഗത്തിന് നിലവിലുള്ളതിന്റെ ഇരട്ടി നിരക്ക് നല്‍കേണ്ടിവരും. ഡിസംബര്‍ 15 മുതല്‍ 2013 മെയ് 31വരെ ഈ അനുമതിക്ക് പ്രാബല്യമുണ്ട്. 15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനം പവര്‍കട്ടിലേക്ക് നീങ്ങുന്നത്.

ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 25 ശതമാനമാണ് പവര്‍കട്ട്. കഴിഞ്ഞവര്‍ഷം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കിയ ശേഷം അതിന്റെ 75 ശതമാനം ഉപയോഗിക്കാനാണ് അനുവദിക്കുക. ലോഡ്ഷെഡിങ്ങിന്റെ പരിധിയില്‍ വരുന്ന പൊതുഫീഡര്‍ ഉപയോഗിക്കുന്ന ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് വൈദ്യുതി നിയന്ത്രണം 20 ശതമാനമാണ്. ലോടെന്‍ഷന്‍ വ്യവസായം, വാണിജ്യേതരം, ഗാര്‍ഹികേതരം തുടങ്ങിയ വിഭാഗക്കാര്‍ക്കെല്ലാം പവര്‍കട്ട് ബാധകമാണ്. പവര്‍കട്ട് വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ അധിക ഉപയോഗത്തിന് നിലവിലുള്ള നിരക്കിന്റെ ഇരട്ടി നല്‍കണം. റെയില്‍വേലൈന്‍, തെരുവു വിളക്കുകള്‍, കൃഷി, അനാഥാലയങ്ങള്‍ അടക്കമുള്ള എല്‍ടി 6ഡി വിഭാഗത്തെമാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 18 ലക്ഷം പേരെ പുതിയ നിയന്ത്രണങ്ങള്‍ ബാധിക്കുമെന്ന് റെഗുലേറ്ററി കമീഷന്‍ കണക്കാക്കുന്നു. പ്രതിദിനം 5.7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാമെന്നും കണക്കാക്കുന്നു. ഊര്‍ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചതെന്ന് റെഗുലേറ്ററി കമീഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

നിശ്ചിത പരിധിയിലധികം വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് താപവൈദ്യുതിയുടെ വില ഈടാക്കണമന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഇത് അംഗീകരിക്കാതെയാണ് അധിക ഉപയോഗത്തിന് ഇരട്ടി നിരക്ക് ഏര്‍പ്പെടുത്തിയത്. പ്രതിമാസ ഗാര്‍ഹിക ഉപഭോഗം 200 യൂണിറ്റായി പരിമിതപ്പെടുത്തണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. കമീഷന്‍ അത് 300 യൂണിറ്റായി നിശ്ചയിച്ചു. കമീഷന്‍ എല്ലാ മാസവും സ്ഥിതി വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുകയോ കര്‍ശനമാക്കുകയോചെയ്യും. ഇതിനാവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ സമര്‍പ്പിക്കണമെന്നും ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani 131212

No comments:

Post a Comment