Wednesday, December 12, 2012

വാള്‍മാര്‍ട്ട്കോഴയെ ന്യായീകരിച്ച് അമേരിക്ക


ഇന്ത്യയില്‍ ചില്ലറവില്‍പ്പനമേഖല പിടിച്ചടക്കാനുള്ള നീക്കത്തിന് ഉന്നതരുടെ പിന്തുണ നേടാന്‍ ലോബീയിങ് എന്ന പേരില്‍ കോഴയായി വാള്‍മാര്‍ട്ട് കോടികള്‍ ചെലവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് അമേരിക്ക. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമാണ് വാള്‍മാര്‍ട്ട് പ്രവര്‍ത്തിച്ചതെന്നും ഇത്തരത്തില്‍ ലോബീയിങ്ങിന് പണം ചെലവിടാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് വിക്ടോറിയ ന്യൂലാന്‍ഡ് പറഞ്ഞു.

ഉന്നതരെ സ്വാധീനിക്കാന്‍ രണ്ടരക്കോടി ഡോളര്‍ (125 കോടി രൂപ) ചെലവഴിച്ചതായാണ് അമേരിക്കന്‍ സെനറ്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വാള്‍മാര്‍ട്ട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ടികള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് അമേരിക്കന്‍ വിദേശവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. അമേരിക്കയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ വാള്‍മാര്‍ട്ട് തെറ്റായി എന്തെങ്കിലും ചെയ്തെന്ന് കരുതാനാകില്ലെന്ന് ന്യൂലാന്‍ഡ് പറഞ്ഞു. ഇന്ത്യയിലെ പ്രതിഷേധം സംബന്ധിച്ച വാര്‍ത്തകള്‍ കണ്ടു. എന്നാല്‍, അമേരിക്കയില്‍ ലോബീയിങ് നിയമവിധേയമാണ്. 1995ലെ ലോബി വെളിപ്പെടുത്തല്‍ നിയമവും 2007ലെ സത്യസന്ധ നേതൃത്വ നിയമവും അനുസരിച്ച് ലോബീയിങ്ങിന്റെ വിവരങ്ങള്‍ കമ്പനികള്‍ കാലാകാലങ്ങളില്‍ സര്‍ക്കാരിനെ അറിയിക്കണം. ഇപ്പോള്‍ വിവാദമായ റിപ്പോര്‍ട്ട് അത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണെന്ന് ന്യൂലാന്‍ഡ് വിശദീകരിച്ചു.

തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് വാള്‍മാര്‍ട്ടും അവകാശപ്പെട്ടു. ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. വ്യാപാര-നിക്ഷേപ വിഷയങ്ങളില്‍ അമേരിക്കന്‍ അധികൃതരുമായി നടത്തിയ "ചര്‍ച്ചകള്‍" ലോകമാകെ ബിസിനസ് മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും വാള്‍മാര്‍ട്ട് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ചില്ലറവില്‍പ്പനമേഖലയില്‍ പ്രവേശിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2008 മുതല്‍ പണം ചെലവിടുന്നുവെന്നാണ് വാള്‍മാര്‍ട്ട് വെളിപ്പെടുത്തിയത്. അമേരിക്കന്‍ സെനറ്റ്, പ്രതിനിധിസഭ, യുഎസ് വ്യാപാര പ്രതിനിധികള്‍, വിദേശവകുപ്പ് എന്നിവയെ സ്വാധീനിക്കാനാണ് പണം മുടക്കിയത്.

deshabhimani news

No comments:

Post a Comment