Saturday, December 15, 2012
കുടിവെള്ള ഫണ്ട് ആഡംബര കാറിന്
ജപ്പാന്‍ കുടിവെള്ള പദ്ധതി എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നതിനിടയില്‍ ജല അതോറിറ്റിയുടെ പക്കലുള്ള പദ്ധതി ഫണ്ട് ആഡംബര കാറുകള്‍ വാങ്ങി ധൂര്‍ത്തടിക്കുന്നു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ കുടിവെള്ള പദ്ധതി ഫണ്ടില്‍ നിന്നും കോടികള്‍ വകമാറ്റി ചെലവുചെയ്ത് 39 ആഡംബര കാറുകളാണ് വാങ്ങിക്കൂട്ടിയതെന്ന് ജല അതോറിറ്റിയിലെ രേഖകളില്‍ നിന്നും വെളിവാകുന്നു.
ജലവിഭവ മന്ത്രി പി ജെ ജോസഫിനും പരിവാരങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങളുണ്ടെങ്കിലും കുടിവെള്ള ഫണ്ട് ഉപയോഗിച്ചുവാങ്ങിയ ഇന്നോവ കാര്‍ മന്ത്രിയുടെ കുടുംബത്തിന് ഉപയോഗിക്കാന്‍ വേണ്ടി കാഴ്ചവച്ചു. സര്‍ക്കാര്‍ വക ഒന്നിലേറെ കാറുകള്‍ കസ്റ്റഡിയിലുള്ള ജലവിഭവ വകുപ്പു സെക്രട്ടറിയും ജല അതോറിറ്റി ചെയര്‍മാനുമായ വി ജെ കുര്യന്റെ കുടുംബത്തിനും കിട്ടി ഈ വാഹന മേളയിലെ ഒരു കാര്‍. അതോറിറ്റി എം ഡി അശോക് കുമാര്‍ സിംഗിനുമറ്റൊന്ന്. രണ്ടുപേര്‍ക്കും ഇന്നോവ.
മാനേജിംഗ് ഡയറക്ടറുടെ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിലെ കെ ഡബ്ല്യൂ എ/ജെ ബി/എസ് യു/7 നമ്പരിലുള്ള ഉത്തരവനുസരിച്ചാണ് മറ്റ് 36 കാറുകള്‍കൂടി വാങ്ങി ദാഹജല വിതരണത്തിനുള്ള വിദേശഫണ്ടിന്റെ ധൂര്‍ത്ത് ജോറാക്കിയിരിക്കുന്നത്. ഇവയ്ക്കു മാത്രം ചെലവഴിച്ചത് മൊത്തം 2.18 കോടി രൂപ. ഇവയില്‍ 21 മഹീന്ദ്രാ ബൊലോറോയ്ക്കുമാത്രം മൊത്തം വില 1.22 കോടി. നാല് മഹീന്ദ്രാ ഫോര്‍വീല്‍ ഡ്രൈവ് ബൊലോറോയ്ക്ക് 18.85 ലക്ഷം, 9 മാരുതി സുസുക്കി സ്വിഫ്റ്റ് എല്‍ ഡി ഐയ്ക്ക് 55.83 ലക്ഷം, രണ്ട് മാരുതി സുസുക്കി ഡിസൈനര്‍ എല്‍ ഡി ഐയ്ക്ക് 13.4 ലക്ഷം, ഒരു മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈനര്‍ ഡി ഡി ഐ ക്ക് 7.3 ലക്ഷം എന്നിങ്ങനെയാണ് ജല അതോറിറ്റി കെങ്കേമമാക്കിയ കുടിവെള്ള പദ്ധതി ഫണ്ട് ധൂര്‍ത്തടിച്ച വാഹനമേളയുടെ കണക്ക്.
മന്ത്രിക്കു സമ്മാനിച്ച കാര്‍ കുടുംബ ആവശ്യത്തിന് തൊടുപുഴയിലാണ് ഓടുന്നതെന്ന് ജല അതോറിറ്റി വൃത്തങ്ങളില്‍ നിന്ന് അറിവായി. വിവിധ ജല വിതരണ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് എന്‍ജിനീയര്‍മാര്‍ നിരന്തരം പിണങ്ങുന്ന പഴഞ്ചന്‍ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഇപ്പോള്‍ വാങ്ങിക്കൂട്ടിയ വാഹനങ്ങളെല്ലാം ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധമില്ലാത്ത ജല അതോറിറ്റിയിലെ മന്ത്രിയുടെയും ചെയര്‍മാന്റെയും എം ഡി യുടെയും ശിങ്കിടികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇവയുടെയെല്ലാം ഇന്ധനമടക്കമുള്ള സര്‍വ ചെലവുകളും വഹിക്കേണ്ടത് അതോറിറ്റിയാണ്.
ജലവിതരണ പദ്ധതികളുടെ അറ്റകുറ്റപണികള്‍ക്കു കാശുനീക്കി വയ്ക്കാത്തതിനാല്‍ പണികളെല്ലാം മുടങ്ങിക്കിടപ്പാണ്. അറ്റകുറ്റപണികള്‍ നടത്തുന്ന ചെറുകിട കരാറുകാരുടെ കുടിശിക പോലും നല്‍കുന്നില്ല. ഇതുമൂലം പ്രതിദിനം തലസ്ഥാനത്തുമാത്രം 280 ദശലക്ഷം ഘനമീറ്റര്‍ ജലം ശുദ്ധീകരിക്കുന്നതില്‍ 100 ദശലക്ഷം ഘനമീറ്റര്‍ ജലവും പ്രതിദിനം ചോര്‍ന്നുപോകുകയോ മോഷണം പോകുകയോ ചെയ്യുന്നതിനു പരിഹാരം കാണാനാവുന്നില്ല.
ജീവനക്കാര്‍ ശമ്പള പരിഷ്‌ക്കരണത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുംവേണ്ടി സമരത്തിലുമാണ്. 400 കോടിയില്‍പരം രൂപ കറണ്ടു ചാര്‍ജിനത്തില്‍ വൈദ്യുതി ബോര്‍ഡിനു കുടിശികയുണ്ട്. ജപ്പാന്‍ കുടിവെള്ള പദ്ധതികളെല്ലാം മുടങ്ങിക്കിടക്കുന്നു. അതേ സമയം ജപ്പാനില്‍ നിന്നു കുടിവെള്ള പദ്ധതിക്കു ലഭിച്ച തുക കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. യെന്നിന്റെ മൂല്യം ഇടിഞ്ഞതോടെ സഹായമായി ലഭിച്ച തുക ആനുപാതികമായി വര്‍ധിച്ചതാണു കാരണം. ഈ പണം വാഹനങ്ങള്‍ വാങ്ങിയും നക്ഷത്ര സല്‍ക്കാരങ്ങള്‍ നടത്തിയും ധൂര്‍ത്തടിക്കുകയാണ് ജല അതോറിറ്റി എന്നാണ് ആരോപണം.
അതേസമയം സംസ്ഥാനത്തൊട്ടാകെയുള്ള ജപ്പാന്‍ കുടിവള്ള പദ്ധതികള്‍ മന്ദഗതിയിലാകുന്ന തന്ത്രമാണ് ജല അതോറിറ്റിയിലെ ഉന്നതരും ജലവിഭവ മന്ത്രി കാര്യാലയവും ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജപ്പാന്‍ നല്‍കുന്ന കോടികള്‍ ഒരു കറവപ്പശുവിനെപ്പോലെ ഇപ്പോള്‍ ഉപയോഗിക്കാം. പദ്ധതികളെല്ലാം പൂര്‍ത്തിയാക്കിയാല്‍ അതുപൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലുന്നതിനു തുല്യമായിരിക്കുമെന്നാണ് ധൂര്‍ത്തിന്റെ കുംഭമേള നടത്തുന്ന ജല അതോറിറ്റിയുടെ കൊമ്പത്തുള്ളവരുടെ കണക്കുകൂട്ടലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെ രംഗനാഥ് janayugom
Labels:
അഴിമതി
Subscribe to:
Post Comments (Atom)

No comments:
Post a Comment