Friday, December 14, 2012

റിലയന്‍സിനെതിരെ നടപടി വൈകുന്നു; സര്‍ക്കാരിന് വിമര്‍ശം


കൃഷ്ണ-ഗോദാവരി(കെജി) തടത്തിലെ പ്രകൃതിവാതക ഉല്‍പ്പാദനത്തില്‍ വീഴ്ചവരുത്തിയ റിലയന്‍സിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നതിനെ പാര്‍ലമെന്റിന്റെ പെട്രോളിയം- പ്രകൃതിവാതകം സ്റ്റാന്‍ഡിങ് കമ്മിറ്റി രൂക്ഷമായി വിമര്‍ശിച്ചു. കെജി തടത്തിലെ വാതക ഖനാവകാശം നേടുന്നതിന് തയ്യാറാക്കിയ ഫീല്‍ഡ് ഡെവലപ്മെന്റ് പ്ലാനിലെ ലക്ഷ്യങ്ങളൊന്നും റിലയന്‍സ് കൈവരിച്ചിട്ടില്ലെന്ന് സമിതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ നടപടിക്ക് നിര്‍ദേശിച്ചിരുന്നെങ്കിലും പെട്രോളിയംമന്ത്രാലയം നല്‍കിയ മറുപടിയില്‍ ഇത് പരാമര്‍ശിക്കുന്നില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞു. കെജി തടത്തിലെ വാതക ഉല്‍പ്പാദനം കുറഞ്ഞുവരുന്നത് തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

ഇതിന്റെ നടത്തിപ്പുകാരായ റിലയന്‍സ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കണം. റിലയന്‍സിനെതിരെ നിയമ നടപടി സ്വീകരിക്കാത്തത് നിരാശാജനകമാണ്. കെജി തടത്തിലെ വാതക ഉല്‍പ്പാദനം 2010-11ല്‍ 2677.5 കോടി ക്യുബിക് മീറ്ററായിരുന്നത് 2011-12ല്‍ 2160.8 കോടി ക്യുബിക് മീറ്ററായി കുറഞ്ഞു. റിലയന്‍സാണ് ഇതിന് പൂര്‍ണ ഉത്തരവാദികള്‍. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ എല്‍പിജി കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിക്ക്&ാറമവെ;അംഗീകാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നതിനെയും സമിതി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ 70 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ ലഭിക്കുന്നതിന് 1400 രൂപ ഒറ്റത്തവണ സഹായമായി നല്‍കുന്നതാണ് പദ്ധതി. സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള മന്ത്രിസമിതി പദ്ധതിയില്‍ ചില പരിഷ്കാരങ്ങള്‍ നിര്‍ദേശിച്ചിരുന്നു. 2010 നവംബറില്‍ മന്ത്രിസമിതി പരിഷ്കാരങ്ങള്‍ നിര്‍ദേശിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സമിതി നിരീക്ഷിച്ചു.

deshabhimani 141212

No comments:

Post a Comment