Monday, December 10, 2012

കള്ളപ്പണക്കാരുടെയും കുത്തകകളുടെയും നികുതി കുടിശ്ശിക എഴുതിത്തള്ളുന്നു


വന്‍കിട കോര്‍പറേറ്റുകളില്‍നിന്നും കള്ളപ്പണക്കാരില്‍നിന്നും പിടിച്ചെടുക്കാനുള്ള 1.3 ലക്ഷം കോടിരൂപ എഴുതിത്തള്ളേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ധനമന്ത്രാലയം ഇക്കാര്യം പറഞ്ഞത്. നികുതിവെട്ടിപ്പിലൂടെ കോടികള്‍ കൊയ്ത കോര്‍പറേറ്റുകളില്‍നിന്ന് പണം വെളുപ്പിച്ച് സമ്പദ്വ്യവസ്ഥയെ വെല്ലുവിളിച്ച ഹസന്‍ അലി, ഹര്‍ഷദ് മേത്ത തുടങ്ങിയവരില്‍നിന്ന് പിരിച്ചെടുക്കാനുള്ള ആകെ നികുതി കുടിശ്ശിക 2.49 ലക്ഷം കോടി രൂപ വരും. ഇതില്‍ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാവുന്നത് 7000 കോടി മാത്രമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നികുതി കുടിശ്ശിക എഴുതിത്തള്ളാനുള്ള നീക്കത്തില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. കിട്ടാനുള്ള റവന്യൂവരുമാനം തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

സ്വിസ് ബാങ്കില്‍ അനധികൃതനിക്ഷേപം ഉണ്ടെന്ന് ധനമന്ത്രാലയം കരുതുന്ന ഹസന്‍ അലി ഖാനില്‍നിന്ന് പിടിച്ചെടുക്കാനുള്ള 92,000 കോടി രൂപ എഴുതിത്തള്ളാനാണ് നിര്‍ദേശം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ പണം വെളുപ്പിക്കല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹസന്‍ അലി ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഹവാല ഇടപാടിലൂടെ കുപ്രസിദ്ധനായ ഹര്‍ഷദ് മേത്തയുടെ കമ്പനികളില്‍നിന്ന് കിട്ടാനുള്ള 20,000 കോടി രൂപയാണ് എഴുതിത്തള്ളുന്നത്. കേതന്‍ പരേഖില്‍നിന്ന് പിടിച്ചെടുക്കാനുള്ള 4000 കോടി രൂപയും ദലാലിന്റെ 14,000 കോടി രൂപയും എഴുതിത്തള്ളും. ധനമന്ത്രാലയത്തിന്റെ നിലപാടില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നികുതി എഴുതിത്തള്ളാന്‍ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. നികുതി പിരിച്ചെടുക്കാനുള്ള സംവിധാനത്തിന്റെ ദൗര്‍ബല്യമാണ് മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്. വിഷയത്തില്‍ അടിയന്തരനടപടി ആവശ്യമാണെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

deshabhimani 101212

1 comment:

  1. വന്‍കിട കോര്‍പറേറ്റുകളില്‍നിന്നും കള്ളപ്പണക്കാരില്‍നിന്നും പിടിച്ചെടുക്കാനുള്ള 1.3 ലക്ഷം കോടിരൂപ എഴുതിത്തള്ളേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ധനമന്ത്രാലയം ഇക്കാര്യം പറഞ്ഞത്.

    ReplyDelete