Friday, December 7, 2012

ബാബറി മസ്ജിദ്: ലോക്സഭ സ്തംഭിച്ചു; സിബിഐക്ക് സുപ്രീംകോടതി വിമര്‍ശം


ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ബാബറി മസ്ജിദ് തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതില്‍ ലോക്സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇടതുപക്ഷ പാര്‍ടികളുടെയും ബിഎസ്പിയുടെയും അംഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെതുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ഇതോടെ ബാങ്കിങ് നിയമ ഭേദഗതി പാസാക്കാനുള്ള ധനമന്ത്രി പി ചിദംബരത്തിന്റെ ശ്രമം പാളി. വിവാദ ബില്‍ അടുത്താഴ്ച മാത്രമേ ഇനി പരിഗണിക്കാനാവൂ. എന്നാല്‍, ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്താതെ സിബിഐ ഒളിച്ചുകളിക്കുന്നതിനെ വ്യാഴാഴ്ച സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. അദ്വാനി ഉള്‍പ്പടെ 19 പേര്‍ക്ക് എതിരായ കേസില്‍ വിചാരണ തുടങ്ങാനും സുപ്രീം കോടതി റായ്ബറേലി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്സഭയില്‍ ചോദ്യോത്തരവേളയിലാണ് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവാദികളായവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ടത്. ലിബര്‍ഹാന്‍കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മൂന്ന് വര്‍ഷമായിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തസമാനമാണെന്ന് പറഞ്ഞ് ലിബര്‍ഹാന്‍കമീഷന്‍ റിപ്പോര്‍ട്ട് സിബിഐ ആഭ്യന്തരമന്ത്രാലയത്തിന് തിരിച്ചയച്ചതും അത് വീണ്ടും പരിഗണിക്കാന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതും ചരിത്രമാണ്. എന്നിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന്ഇടതുപക്ഷം പറഞ്ഞു. ബിഎസ്പിയുടെ ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക് കറുത്ത പതാക സഭയില്‍ ഉയര്‍ത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. എംഐഎമ്മിലെ അസാവുദീന്‍ ഒവൈസിയും ബര്‍ക്കിനെ പിന്തുണച്ച് നടുത്തളത്തിലേക്ക് ഇറങ്ങി. എന്നാല്‍, കറുത്തപതാക ഉയര്‍ത്തുന്നത് സഭയെ അപമാനിക്കലാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ പറഞ്ഞു. ബിജെപിയാകട്ടെ ബര്‍ക്കിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബഹളം വച്ചു. തുടര്‍ന്ന് സഭ അരമണിക്കൂര്‍ നിര്‍ത്തിവച്ചു.

പകല്‍ 12ന് സഭ ചേര്‍ന്നപ്പോഴും ബര്‍ക്കിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നടുത്തളത്തിലേക്ക് ഇറങ്ങി. രാംമന്ദിര്‍ വഹി ബനായേഗാ (ബാബറി പള്ളി തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കും)എന്ന മുദ്രാവാക്യവും ബിജെപി സഭയില്‍ ഉയര്‍ത്തി. പകല്‍ രണ്ടിന് സഭ ചേര്‍ന്നപ്പോഴും ബിജെപി നടുത്തളത്തിലേക്ക് ഇറങ്ങി ബഹളം തുടര്‍ന്നതിനാല്‍ സഭ വെള്ളിയാഴ്ചത്തേക്ക് ചേരാനായി പിരിഞ്ഞു.

അദ്വാനിക്കെതിരെയുള്ള ഗൂഢാലോചനക്കേസില്‍ സിബിഐ കാണിക്കുന്ന ശ്രദ്ധക്കുറവിനെ സുപ്രീംകോടതി ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപതാം വാര്‍ഷിക ദിനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. നേരത്തെ കേസ് മാറ്റിവച്ചത് സിബിഐയുടെ വാദം കേള്‍ക്കാനായിരുന്നുവെന്നും എന്നിട്ടും ഏജന്‍സിക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യാഴാഴ്ച ഹാജരാകാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഇതിനര്‍ഥം കേസ് വാദിക്കാന്‍ സിബിഐക്ക് താല്‍പ്പര്യമില്ലെന്നാണെന്നും ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തുവും സി കെ പ്രസാദും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. അന്തരിച്ച ശിവസേനാനേതാവ് ബാല്‍താക്കറേയെ കേസില്‍ നിന്നും കോടതി ഒഴിവാക്കി. കേസ് എട്ടാഴ്ചത്തേക്കാണ് മാറ്റിവെച്ചത്. എന്‍ഡിഎ ഭരണകാലത്താണ് അദ്വാനിയെ അയോധ്യ ഗൂഢാലോചനക്കേസില്‍നിന്ന് ഒഴിവാക്കിയത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറി എട്ട് വര്‍ഷത്തിന് ശേഷം ഫെബ്രുവരിയിലാണ് അദ്വാനിയെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കരുതെന്ന് സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.
(വി ബി പരമേശ്വരന്‍)

deshabhimani 071212

2 comments:

  1. ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ബാബറി മസ്ജിദ് തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതില്‍ ലോക്സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇടതുപക്ഷ പാര്‍ടികളുടെയും ബിഎസ്പിയുടെയും അംഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെതുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ഇതോടെ ബാങ്കിങ് നിയമ ഭേദഗതി പാസാക്കാനുള്ള ധനമന്ത്രി പി ചിദംബരത്തിന്റെ ശ്രമം പാളി. വിവാദ ബില്‍ അടുത്താഴ്ച മാത്രമേ ഇനി പരിഗണിക്കാനാവൂ. എന്നാല്‍, ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെടുത്താതെ സിബിഐ ഒളിച്ചുകളിക്കുന്നതിനെ വ്യാഴാഴ്ച സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. അദ്വാനി ഉള്‍പ്പടെ 19 പേര്‍ക്ക് എതിരായ കേസില്‍ വിചാരണ തുടങ്ങാനും സുപ്രീം കോടതി റായ്ബറേലി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    ReplyDelete