Wednesday, December 12, 2012
പ്രോസിക്യൂട്ടറുടെ വാദം മനോരമ കോടതി നിരീക്ഷണമാക്കി
എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടറുടെ വാദം മനോരമ കോടതിയുടെ നിരീക്ഷണമാക്കി. കേസ് പരിഗണിക്കുന്ന ഘട്ടങ്ങളിലെല്ലാം വിവാദം സൃഷ്ടിക്കാന്‍ നടത്തുന്ന ആസൂത്രിതനീക്കത്തിന്റെ ഭാഗമായാണ് കോടതി നടത്താത്ത നിരീക്ഷണങ്ങളുമായി മനോരമ രംഗത്തുവന്നത്. കേസ് പരിഗണിച്ച ചൊവ്വാഴ്ച ഏതാനും ചാനലുകള്‍ നല്‍കിയ നുണക്കഥ മനോരമയും പിന്തുടരുകയായിരുന്നു. സിബിഐ പ്രോസിക്യൂട്ടറുടെ വാദം കേട്ട കോടതി കേസ് 17ലേക്ക് മാറ്റിയതായി അറിയിച്ച് നിമിഷങ്ങള്‍ക്കകമാണ് സിബിഐയുടെ വാദം കോടതി പരാമര്‍ശമെന്ന വ്യാജേന ചാനലുകള്‍ കഥ മെനഞ്ഞത്.
ആറാംപ്രതി ലാവ്ലിന്‍ മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡല്‍, ഒമ്പതാം പ്രതിസ്ഥാനത്തുള്ള കമ്പനി പ്രതിനിധി എന്നിവരെ മാറ്റിനിര്‍ത്തി കേസ് വിഭജിച്ച് വിചാരണ തുടങ്ങണമെന്ന ഹര്‍ജിയില്‍ ചൊവ്വാഴ്ച സിബിഐയുടെ വാദം കേട്ടിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ലാവ്ലിനും ക്ലോസ് ട്രെന്‍ഡലിനും എതിരായ വാറന്റ് നടപ്പാക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്ന പതിവ് വാദം സിബിഐ പ്രോസിക്യൂട്ടര്‍ ചൊവ്വാഴ്ചയും ആവര്‍ത്തിച്ചു. പിണറായി കേസില്‍ ഹാജരാകുന്നില്ലെന്നും ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും സിബിഐ വാദിച്ചു.
എന്നാല്‍, ഹര്‍ജി നല്‍കാന്‍ പിണറായിക്ക് അവകാശമില്ലെന്ന സിബിഐ വാദം കോടതി ഖണ്ഡിച്ചു. വാറന്റ് നടപ്പാക്കുന്നതില്‍ സിബിഐയുടെ ഭാഗത്തുനിന്ന് വീഴ്ച വരുന്നതിനാല്‍ കോടതിയാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നും വ്യക്തമാക്കി. വാറന്റ് നടപ്പാക്കാന്‍ സിബിഐക്ക് രണ്ടുമാസത്തെ സമയം അനുവദിച്ച് ആഗസ്ത് 16ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനുള്ളില്‍ നടപടി എടുത്തില്ലെങ്കില്‍ മറ്റു പ്രതികളുടെ വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. വാറന്റ് നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. മതിയായ സമയം സിബിഐക്ക് നല്‍കിയെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും അന്ന് കോടതി വ്യക്തമാക്കി. എന്നാല്‍,ഇതിനുശേഷവും സിബിഐ സമയം ചോദിച്ചുകൊണ്ടിരുന്നു. രണ്ടുമാസത്തെ സമയം അനുവദിച്ച് ആഗസ്തില്‍ പുറപ്പെടുവിച്ച ഉത്തരവ് സിബിഐ ചോദ്യം ചെയ്തിട്ടുമില്ല. 2009ലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. സിബിഐ നിലപാട് കാരണം മൂന്നുവര്‍ഷമായിട്ടും വിചാരണ തുടങ്ങാനായിട്ടില്ല. ഈ വസ്തുതകളെല്ലാം മൂടിവച്ച് മനോരമയും ചാനലുകളും കള്ളക്കഥ മെനയുകയായിരുന്നു. ചില കേന്ദ്രങ്ങളില്‍ രൂപപ്പെടുന്ന കഥകള്‍ വാര്‍ത്തയായി പുറത്തുവിടുന്ന പതിവുരീതിയാണ് ഇത്തവണയും ആവര്‍ത്തിച്ചത്.
deshabhimani 131212
Labels:
ലാവലിന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment