Sunday, December 9, 2012

കടുവയെ വെടിവെക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് വനംവകുപ്പ് : സിപിഐ എം


തിരുനെല്ലിയില്‍ പിടികൂടിയ പ്രായംചെന്നതും മുറിവേറ്റതുമായ കടുവയെ ബത്തേരിക്കടുത്ത വനപ്രദേശത്ത് വിട്ടയച്ച നടപടിയാണ് കടുവയെ വെടിവെച്ചുകൊല്ലേണ്ട സാഹചര്യം സൃഷ്ടിച്ചതെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

പരിക്കുപറ്റിയ കടുവക്ക് ചികിത്സ നല്‍കി മൃഗശാലയില്‍ സംരക്ഷിക്കുന്നതിന് പകരം അനാവശ്യമായി ബത്തേരിയിലെത്തിച്ച് തുറന്നുവിടുകയായിരുന്നു. പിടികൂടിയത് പെണ്‍കടുവയാണെന്നും വെടിയേറ്റത് ആണ്‍ കടുവക്കാണെന്നും കൃത്രിമ രേഖയുണ്ടാക്കാനും മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനും ഉത്തരവാദപ്പെട്ട ഉന്നതതല വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തയ്യാറായത് ഇപ്പോള്‍ തെളിവ് സഹിതം പുറത്തുവന്നിരിക്കുകയാണ്. തിരുനെല്ലിയില്‍ പിടികൂടിയ കടുവയെ മാനന്തവാടി വൈല്‍ഡ്ലൈഫ് ഓഫീസിലെത്തിച്ച് ചികിത്സ നല്‍കുമെന്ന് പഞ്ചായത്ത് ഭാരവാഹികളെ തെറ്റിദ്ധരിപ്പിച്ചാണ് രഹസ്യമായി ബത്തേരിയിലേക്ക് കൊണ്ടുപോയി വിട്ടത്. ഇതിനെതിരെ അന്നുതന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. 25 ഓളം വളര്‍ത്തുമൃഗങ്ങളെയാണ് നൂല്‍പ്പുഴയില്‍ കടുവ കൊലപ്പെടുത്തിയത്. ജനങ്ങളാകെ ഭീതിയിലാഴ്ത്തുകയും ചെയ്തു. അവസാനം കടുവയെ വെടിവെച്ച് കൊല്ലേണ്ടിവന്നു. ഇതിനെല്ലാം ഉത്തരവാദികളായ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് കൃത്രിമരേഖ സൃഷ്ടിച്ചതും നുണപ്രചാരണം നടത്തിയതുമെന്ന് വ്യക്തമാണ്. ഗുരുതരമായ കൃത്യവിലോപവും വ്യാജ തെളിവ് നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള കുറ്റവും ചെയ്ത ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് വനംമന്ത്രി ഗണേഷ്കുമാര്‍ സ്വീകരിച്ചത്. ഈ നിലപാടിലൂടെ വനംമന്ത്രി ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ കുറ്റവാളികളായ ഉന്നതവനം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.

തെളിയുന്നത് പരിസ്ഥിതി സ്നേഹത്തിന്റെ കപടമുഖം

കല്‍പ്പറ്റ: വന്യജീവി സ്നേഹം പറയുകയും അവയുടെ സംരക്ഷകരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന വനപാലകരുടെ ഇരട്ടത്താപ്പ് മറനീക്കുന്നു. തിരുനെല്ലിയില്‍നിന്ന് പിടികൂടിയ കടുവയെ തന്നെയാണ് മൂലങ്കാവില്‍ വെടിവെച്ച് കൊന്നതെന്നതിന് കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ പുറത്തുവന്നതോടെ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിക്ക് സാധ്യത തെളിയുന്നു. അതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ കീഴ്ജീവനക്കാരുടെ മേല്‍ കെട്ടിവെക്കാനാണ് അധികൃതരുടെ ശ്രമം.ഫോറസ്റ്റ് ഗാര്‍ഡിനെ ഓഫീസിലേക്ക് സ്ഥലം മാറ്റിയത് ഇതിന്റെ ഭാഗമാണെന്ന് അഭ്യൂഹമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രഹസ്യമായും കടുവയുടെ ജഡം നേരില്‍ കണ്ടവരും നായക്കട്ടിയില്‍ നിന്ന് പിടികൂടിയ കടുവ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. പ്രായാധിക്യവും പരിക്കും മൂലം അവശനായ കടുവയെ ഏത് വിധേനെയും ഉപേക്ഷിച്ച വനപാലകര്‍ മൃഗത്തെ ഉപേക്ഷിക്കുന്നത് മറ്റ് മൃഗങ്ങള്‍ക്കും കന്ന്കാലികള്‍ക്കും ഭീഷണിയാണെന്ന് കാര്യം അവഗണിച്ചു.ഇത്തരം കടുവകളെ ഒരിക്കലും അതിന്റെ ആവാസമണ്ഡലത്തില്‍ പോലും തുറന്ന് വിടാന്‍ പാടില്ലെന്ന് ദേശീയ കടുവസംരക്ഷണ അതോറിറ്റി അംഗവും പ്രശസ്ത ശാസ്ത്രഞ്ജനുമായ ഉല്ലാസ്കാന്ത് പറയുന്നു.തിരുനെല്ലിയില്‍ നിന്ന് പിടികൂടുമ്പോള്‍ പ്രായംകൊണ്ടും പരിക്കുകളേറ്റും കടുവയുടെ നില അതീവ ശോചനീയമായിരുന്നു. ഇതിനെ മയക്ക് വെടിവെക്കാനോ ലിംഗനിര്‍ണയം നടത്താനോ സാധിച്ചിട്ടില്ലെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. ഇത്തരത്തിലുള്ള കടുവയെ കൂട്ടിലടച്ച് സംരക്ഷിക്കുകയാണ് ചെയ്യേണ്ടയിരുന്നതെന്ന് കാരന്തും സംഘവും പറയുന്നു.ഇത്തരമൊരവസ്ഥയിലുള്ള കടുവയെ തുറന്ന് വിടുന്നത് മറ്റ് കടുവകള്‍ക്കും ജനങ്ങള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും ഭീഷണി തന്നെയാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു .എന്നിട്ടും മേല്‍കീഴ്നോക്കാതെ അവശനായ മൃഗത്തെ ജനവാസകേന്ദ്രത്തില്‍ ഉപേക്ഷിച്ചതിന്റെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് എന്ന സ്ഥാപനം വഴി നടത്തിയ പഠനത്തില്‍ തിരിച്ചറിഞ്ഞ കടുവകളിലൊന്നാണ് തിരുനെല്ലിയില്‍ കെണിയിലകപ്പെട്ടതും ഒടുവില്‍ കൊല്ലപ്പെട്ടതെന്നും രേഖകള്‍ സഹിതം ഉല്ലാസ് കാരന്ത് വെളിപ്പെടുത്തുന്നുണ്ട്.സംഘടന വന്യജീവിസങ്കേതത്തില്‍ സ്ഥാപിച്ച ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് ഇരു കടുവകളും ഒന്നാണെന്ന് നിസംശയം തെളിയിക്കുന്നത്. 2005 ഫെബ്രുവരി 15ന് നാഗര്‍ഹോളയിലെ ബുള്‍ഡോസര്‍ റോഡില്‍ സ്ഥാപിച്ച ക്യാമറയിലും പിന്നീട് 2007 ജനുവരി ഒന്നിന് സുങ്കസകാട്ടേ റോഡിലും ഇതേ വര്‍ഷം ഫെബ്രുവരി 10ന് വാച്ച് ടവര്‍ റോഡിലും സ്ഥാപിച്ച ക്യാമറകളില്‍ തിരുനെല്ലിയില്‍ കൂട്ടിലാക്കിയ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി നിയമാവലിപ്രകാരം ഈ കടുവക്ക് എന്‍എച്ച്ടിഎല്‍ 104 എന്ന തിരിച്ചറിയല്‍ നമ്പറാണ് നല്‍കിയിട്ടുള്ളത്. കേവലം 246 സെമീറ്റര്‍ നീളമുള്ള ഈ മൃഗം സ്വന്തം ആവാസവ്യവസ്ഥയില്‍ നിലനില്‍ക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ജനവാസകേന്ദ്രത്തിലിറങ്ങി ഇര തേടിയതെന്നും കാരന്ത് നിരീക്ഷിക്കുന്നു. ഇതേ കടുവ തന്നെയാണ് 2012 നവംബര്‍ 14ന് തിരുനെല്ലിയില്‍ കൂട്ടിലകപ്പെട്ടതും എന്ന് ഉല്ലാസ് കാരന്ത് വെളിപ്പെടുത്തുന്നു. എന്നിട്ടും തെളിവുകള്‍ സഹിതം ഇവ രണ്ടും രണ്ടാണെന്നാണ് അധികൃതര്‍ സ്ഥാപിച്ചത്.

deshabhimani 091212

No comments:

Post a Comment