Sunday, December 9, 2012

പാല്‍വില കൂട്ടി, സംഭരണവില കുറച്ച് മില്‍മയുടെ കൊള്ളയടി


സംഭരണവിലയുടെയും പാല്‍വിലയുടെയും പേരില്‍ മില്‍മയുടെ പകല്‍ക്കൊള്ള. ക്ഷീരകര്‍ഷകരെ ചൂഷണംചെയ്ത് കോടിക്കണക്കിനു രൂപയാണ് മില്‍മ തട്ടിയെടുക്കുന്നത്. കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പാലിന്റെ കൊഴുപ്പും കൊഴുപ്പേതര ഘടകങ്ങളും പരിഗണിച്ചാണ് മില്‍മ വില നല്‍കുന്നത്. ലിറ്ററിന് 24 മുതല്‍ 26 രൂപവരെയാണ് വില. കൊഴുപ്പും മറ്റു ഘടകങ്ങളും കുറവാണെന്നു പറഞ്ഞാണ് കര്‍ഷകര്‍ക്ക് വില നല്‍കാത്തത്. എന്നാല്‍ ഇതേ പാല്‍ മില്‍മ വില്‍ക്കുന്നത് 35 രൂപയ്ക്കാണ്. ലിറ്ററിന് ഒമ്പതുമുതല്‍ 11 രൂപവരെയാണ് ലാഭം.

കേരളത്തില്‍ കര്‍ഷകരില്‍നിന്ന് മില്‍മ സംഭരിക്കുന്നത് പ്രതിദിനം എട്ടരലക്ഷം ലിറ്റര്‍ പാലാണ്. എന്നാല്‍ മൊത്തം വില്‍പ്പന 12.5 ലക്ഷം ലിറ്ററും. അടുത്തിടെ വില വര്‍ധിപ്പിച്ചപ്പോള്‍ കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന വിലയും വര്‍ധിപ്പിച്ചു. എന്നാല്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് കൊണ്ടുവരുന്ന നാലുലക്ഷം ലിറ്റര്‍ പാലിന്റെ വില്‍പ്പന വിലവര്‍ധന അത്രയും മില്‍മയ്ക്ക് ലാഭമാണ്. ഒരു ലിറ്റര്‍പാലിന് അഞ്ചു രൂപവീതം നാലുലക്ഷം ലിറ്ററിന് 20 ലക്ഷം രൂപ കിട്ടും.

പാലിന്റെ വില്‍പ്പനവില അമിതമായി ഉയര്‍ത്തുകയും ഒപ്പം സംഭരണവില പരമാവധി താഴ്ത്തുകയും ചെയ്താണ് മില്‍മ കൊള്ളയടി തുടരുന്നത്. വില്‍പ്പനവിലയും സംഭരണവിലയും തമ്മിലുള്ള വ്യത്യാസം കുറച്ചുകൊണ്ടുവരണമെന്ന കര്‍ഷകരുടെ മുറവിളി മില്‍മ കാര്യമാക്കിയിട്ടില്ല. കര്‍ഷകരെയും ഉപഭോക്താക്കളെയും മില്‍മ ഒരുപോലെ കബളിപ്പിക്കുന്നു. മില്‍മയുടെ എറണാകുളം മേഖലാ യൂണിയനാണ് കൊള്ളയടിയില്‍ മുമ്പിലുള്ളത്. ഒക്ടോബര്‍ ഒന്നുമുതല്‍ പാലിന് ലിറ്ററിന് രണ്ടു രൂപ ഇന്‍സെന്റീവ് നല്‍കാന്‍ മേഖലാ യൂണിയന്‍ തീരുമാനിച്ചു. എന്നാല്‍ നല്‍കിയത് ഒരുരൂപ മാത്രം. ബാക്കി ഒരുരൂപ സംഘത്തിന്റെ ഷെയറായി കണക്കാക്കി. കഴിഞ്ഞ ഓണക്കാലത്ത് മലബാര്‍ മേഖലാ യൂണിയന്‍ തുടര്‍ച്ചയായി നാലുമാസം പാല്‍ അളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് രണ്ടു രൂപവീതം ഇന്‍സെന്റീവ് നല്‍കിയിരുന്നു. സംഘങ്ങള്‍ക്കാണ് ഇന്‍സെന്റീവ് തുക നല്‍കുക. ഇത് കര്‍ഷകര്‍ക്ക് വീതിച്ചുനല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ എറണാകുളം മേഖലാ യൂണിയന്‍ കര്‍ഷകര്‍ക്ക് ചില്ലിക്കാശുപോലും നല്‍കിയില്ല. 2011 നവംബറില്‍ 70 കിലോഗ്രാം ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 898 രൂപയായിരുന്നു വില. ഇപ്പോഴത്തെ വില 1,337 രൂപയാണ്. മലബാര്‍ യൂണിയന്‍ കാലിത്തീറ്റയുടെ വര്‍ധിപ്പിച്ച വില സബ്സിഡിയായി നല്‍കിയിരുന്നു. എന്നാല്‍ എറണാകുളം യൂണിയന്‍ ഇതുവരെ നല്‍കിയിട്ടില്ല.
(അഞ്ജുനാഥ്)

deshabhimani 091212

1 comment:

  1. സംഭരണവിലയുടെയും പാല്‍വിലയുടെയും പേരില്‍ മില്‍മയുടെ പകല്‍ക്കൊള്ള. ക്ഷീരകര്‍ഷകരെ ചൂഷണംചെയ്ത് കോടിക്കണക്കിനു രൂപയാണ് മില്‍മ തട്ടിയെടുക്കുന്നത്. കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പാലിന്റെ കൊഴുപ്പും കൊഴുപ്പേതര ഘടകങ്ങളും പരിഗണിച്ചാണ് മില്‍മ വില നല്‍കുന്നത്. ലിറ്ററിന് 24 മുതല്‍ 26 രൂപവരെയാണ് വില. കൊഴുപ്പും മറ്റു ഘടകങ്ങളും കുറവാണെന്നു പറഞ്ഞാണ് കര്‍ഷകര്‍ക്ക് വില നല്‍കാത്തത്. എന്നാല്‍ ഇതേ പാല്‍ മില്‍മ വില്‍ക്കുന്നത് 35 രൂപയ്ക്കാണ്. ലിറ്ററിന് ഒമ്പതുമുതല്‍ 11 രൂപവരെയാണ് ലാഭം.

    ReplyDelete