Sunday, December 9, 2012

ഇയുവിന്റെ ചൂഷണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കും: പിസിപി


യൂറോപ്യന്‍ യൂണിയന്റെയും ബഹുരാഷ്ട്ര കുത്തകകളുടെയും കടുത്ത ചൂഷണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ പോര്‍ച്ചുഗല്‍ കമ്യൂണിസ്റ്റ് പാര്‍ടി (പിസിപി) പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചു. പോര്‍ച്ചുഗല്‍, യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി നില്‍ക്കുന്നത് ബഹുരാഷ്ട്ര കുത്തകകളുടെ ചൂഷണം വര്‍ധിപ്പിക്കാനേ സഹായിക്കൂ എന്ന് സമ്മേളനം വിലയിരുത്തി. യൂണിയന്‍ വിട്ട് സ്വതന്ത്രമായ പോര്‍ച്ചുഗലിന്റെ വികസനത്തിനായി പോരാട്ടം ശക്തമാക്കാനാണ് അല്‍മേഡയില്‍ ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

വികസിത ജനാധിപത്യം, സോഷ്യലിസം, കമ്യൂണിസം എന്നതാണ് പാര്‍ടിയുടെ ലക്ഷ്യം. ശക്തമായ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുത്ത് മുന്നോട്ടുപോകാന്‍ പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറിയായി ജെറാനിമോ ഡിസൂസയെയും 18 അംഗ പൊളിറ്റ് ബ്യൂറോയെയും ഒമ്പതംഗ കേന്ദ്രസെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചപ്രാപിക്കുന്ന പാര്‍ടിയാണ് പോര്‍ച്ചുഗല്‍ കമ്യൂണിസ്റ്റ് പാര്‍ടിയെന്ന് എസ് ആര്‍ പി പറഞ്ഞു.

അല്‍മേഡ ഉള്‍പ്പെടെ അരഡസനിലധികം മുനിസിപ്പാലിറ്റി ഭരിക്കുന്നത് പിസിപിയാണ്. പാര്‍ലമെന്റില്‍ 16 അംഗങ്ങളുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലും പ്രാതിനിധ്യമുണ്ട്. 1.10 കോടി മാത്രം ജനസംഖ്യയുള്ള പോര്‍ച്ചുഗലില്‍ 60,484 പാര്‍ടി അംഗങ്ങള്‍. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിന് ശേഷം 5800 പേര്‍ പുതുതായി ചേര്‍ന്നു. ഈവര്‍ഷം 1100 പേര്‍ അംഗങ്ങളായി. 1921ല്‍ സെന്റോ ഗോണ്‍സാല്‍വസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പിസിപി 1926 മുതല്‍ 1974 വരെ രഹസ്യമായാണ് പ്രവര്‍ത്തിച്ചത്. സലാസറുടെ ഏകാധിപത്യത്തിനെതിരെ പൊരുതി പോര്‍ച്ചുഗലിനെ ജനാധിപത്യത്തിലേക്ക് നയിക്കുന്നതില്‍ പാര്‍ടിക്കും മുന്‍ ജനറല്‍ സെക്രട്ടറി അല്‍വറോ കുനാലിനുമുള്ള പങ്ക് അംഗീകരിക്കപ്പെട്ടതാണ്. 1974ല്‍ രൂപീകരിച്ച ഐക്യസര്‍ക്കാരില്‍ പങ്കാളിയായ കമ്യൂണിസ്റ്റ് പാര്‍ടിയെ വലതുപക്ഷ കക്ഷികളുടെ സമ്മര്‍ദം കാരണം പുറത്താക്കി. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനുശേഷം നാല് ദേശീയ പണിമുടക്ക് നടത്തി. കാഷ്വല്‍, കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുക, സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ കൂലിയും പെന്‍ഷനും വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജോലി സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. ചൈന, വിയത്നാം, വടക്കന്‍ കൊറിയ, ബ്രസീല്‍, വെനസ്വെല തുടങ്ങി പ്രമുഖ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ പോര്‍ച്ചുഗല്‍ പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു

deshabhimani 091212

No comments:

Post a Comment