Tuesday, December 11, 2012

അരി: സര്‍ക്കാരും കരിഞ്ചന്തയ്ക്ക്


അരിവില സര്‍വ നിയന്ത്രണവും വിട്ട് കുതിച്ചുയരുന്നതിനിടയില്‍ സര്‍ക്കാരും കരിഞ്ചന്തയ്ക്ക്. കഴിഞ്ഞ സര്‍ക്കാര്‍ കിലോ രണ്ടു രൂപയ്ക്ക് നല്‍കിയിരുന്ന അരിയാണ് ഇപ്പോള്‍ 25 രൂപയ്ക്ക് നല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ കബളിപ്പിക്കുന്നത്. സര്‍ക്കാര്‍തന്നെ അരിവില 25 രൂപ വരെയായി നിശ്ചയിച്ചതോടെ പൊതുവിപണിയില്‍ അരിവില ഇനിയും കൂടുമെന്നുറപ്പായി. റേഷന്‍കടകളിലൂടെ വിതരണം ചെയ്യാത്തതിനാല്‍ എഫ്സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന അരിയാണ് ഇപ്പോള്‍ വില കൂട്ടി വില്‍ക്കുന്നത്.

വിപണി വില്‍പ്പന പദ്ധതിപ്രകാരം 18.50 രുപയക്ക് എഫ്സിഐ നല്‍കുന്ന അരിയാണിത്. റേഷന്‍കടകള്‍ വഴി ഈ അരി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കടയുടമകള്‍ വിസമ്മതിച്ചു. അരി മാവേലി സ്റ്റോര്‍ വഴി നല്‍കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. പൊതുവിതരണശൃംഖല ശക്തമാക്കി വില പിടിച്ചുനിര്‍ത്തുന്നതിനു പകരം കൂടിയ വിലയ്ക്ക് അരി നല്‍കാനുള്ള സര്‍ക്കാര്‍നീക്കം കരിഞ്ചന്തക്കാരുമായുള്ള ഒത്തുകളിയാണ്. എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരി റേഷന്‍വിലയ്ക്കെങ്കിലും വിതരണംചെയ്യാന്‍ ശ്രമിക്കുന്നതിനു പകരമാണ് സര്‍ക്കാര്‍ കൂടിയ വില നിശ്ചയിച്ചത്. വിപണിയില്‍ ഇടപെട്ട് കര്‍ശന നടപടിയെടുക്കുമെന്ന് നിത്യേന മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്തെവിടെയും ഇത്തരമൊരു ഇടപെടലുണ്ടായിട്ടില്ല.

റേഷനരിക്ക് 8.90 രൂപയാണ് വില. എല്‍ഡിഎഫ് സര്‍ക്കാര്‍ 70 ലക്ഷത്തോളം വരുന്ന കാര്‍ഡുടമകള്‍ക്കെല്ലാം രണ്ടു രൂപയ്ക്ക് അരി നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ വില ഒരു രൂപയായി കുറച്ചെങ്കിലും ബിപിഎല്‍ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തി. രണ്ടു രൂപ അരിവിതരണം നിലച്ചതോടെയാണ് വിപണിയില്‍ അരിവില ഉയരാന്‍ തുടങ്ങിയത്. സബ്സിഡി ബാങ്ക് വഴിയാക്കുമെന്ന പ്രഖ്യാപനംകൂടി വന്നതോടെ എല്ലാ പരിധിയും വിട്ട് വില ഉയര്‍ന്നു. റേഷന്‍ കടകള്‍ നോക്കുകുത്തിയായതിനു പിന്നാലെ സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വിതരണകേന്ദ്രങ്ങളില്‍നിന്ന് അരി അപ്രത്യക്ഷമായി.

കേന്ദ്രത്തില്‍ നിന്ന് ഒരു ലക്ഷം ടണ്‍ അരി കിട്ടിയെന്ന പുതിയ പ്രഖ്യാപനവും തട്ടിപ്പാണ്. ഓണത്തിന് പ്രത്യേകമായി അനുവദിച്ച 60,000 ടണ്‍ അരി സംസ്ഥാനം ഇതുവരെ എടുത്തിരുന്നില്ല. ഇതുകൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ഒരു ലക്ഷം ടണ്‍ കിട്ടിയെന്നു പറഞ്ഞ് കരിഞ്ചന്തയായി വില്‍ക്കുന്നത്. കേന്ദ്രം ഒരു ലക്ഷം ടണ്‍ അരി നല്‍കണമെങ്കില്‍ കിലോയ്ക്ക് 18.50 രൂപവച്ച് സപ്ലൈകോ എഫ്സിഐക്കു കൊടുക്കണം. ഇതുപ്രകാരം 185 കോടി രൂപ സപ്ലൈകോയ്ക്കു കിട്ടിയാലേ എഫ്സിഐയില്‍നിന്ന് അരി വാങ്ങാനാവൂ. ഇതിനായി ഒരു രൂപപോലും അനുവദിച്ചിട്ടില്ല. സപ്ലൈകോയ്ക്ക് ബജറ്റില്‍ അനുവദിച്ച 60 കോടിയും നല്‍കിക്കഴിഞ്ഞെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. പുതിയ ആവശ്യങ്ങളൊന്നും ഭക്ഷ്യവകുപ്പില്‍നിന്ന് ഉണ്ടായിട്ടില്ലെന്നും ധനവകുപ്പ് പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപനം ജലരേഖയായി മാറവെ അരിവില പൊതുവിപണിയില്‍ ചൊവ്വാഴ്ച 46 രൂപയും കടന്നു കുതിക്കുകയാണ്. വിപണിയില്‍ ഇടപെടുന്നതില്‍ കണ്‍സ്യൂമര്‍ഫെഡും ദയനീയമായി പരാജയപ്പെട്ടു. പച്ചക്കറിയടക്കം മറ്റു നിത്യോപയോഗസാധനങ്ങളുടെയും വില നിയന്ത്രണമില്ലാതെ വര്‍ധിക്കുകയാണ്.
(വി ഡി ശ്യാംകുമാര്‍)

deshabhimani 121212

No comments:

Post a Comment