Tuesday, December 11, 2012

കേന്ദ്രത്തിന് സിബിഐ; കേരളത്തിന് വിജിലന്‍സ്


പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കള്ളക്കേസ് മുതല്‍ സര്‍വവ്യാപിയായ മാലിന്യംവരെയുള്ള വിഷയങ്ങള്‍ സജീവമാക്കിയ ദിനം. പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിനെക്കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ നിറഞ്ഞുനിന്നത് മാലിന്യനിര്‍മാര്‍ജനം. ബ്ലേഡ് പലിശ നിരോധിക്കുന്നതിനുള്ള അമിതപലിശ ഈടാക്കല്‍ നിരോധന ബില്ല് സബജ്ക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

ഭൂമിദാനക്കേസില്‍ സര്‍ക്കാരിനെ അരിഞ്ഞുവീഴ്ത്തിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ അടിയന്തര പ്രമേയ നോട്ടീസ്. ഹൈക്കോടതി പരാമര്‍ശത്തോടെ സര്‍ക്കാരിന് ഉടുതുണി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം നയം സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ മാത്രമാണ് നടപ്പായതെന്ന് അദ്ദേഹം കളിയാക്കി. പ്രതിപക്ഷ നേതാവ് വി എസ് ഉള്‍പ്പെടെയുള്ളവരെ ഒരു വശത്ത് കള്ളക്കേസില്‍പ്പെടുത്തുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുകയാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

പാമൊലിന്‍, സൈന്‍ ബോര്‍ഡ് കേസുകളുടെ സ്ഥിതി എന്താണ്? മന്ത്രിമാരായ അടൂര്‍ പ്രകാശ്, എം കെ മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ അട്ടിമറിച്ചില്ലേ? പാമൊലിന്‍കേസില്‍ വിധി പറഞ്ഞ ജഡ്ജി നാടുവിട്ടില്ലേ? കേന്ദ്രത്തില്‍ സിബിഐയുടെ ബലത്തിലാണെങ്കില്‍ ഇവിടെ വിജിലന്‍സിന്റെ സംരക്ഷണയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇങ്ങനെ എത്ര കാലം തുടരും. എല്ലാക്കാലത്തും ഭരണത്തില്‍ തുടരുമെന്ന് കരുതേണ്ട. കാലംമാറും. അന്ന് പഴയ കേസുകള്‍ കുത്തിപ്പൊക്കിയാല്‍ യുഡിഎഫ് നേതാക്കള്‍ ജയിലിലാകുമെന്നായിരുന്നു കോടിയേരിയുടെ മുന്നറിയിപ്പ്.

ഭൂമിദാനക്കേസില്‍ കണ്ണുംപൂട്ടി കോടതി വിധി പറഞ്ഞാല്‍ അപ്പീല്‍ നല്‍കാതെ എന്തുചെയ്യുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് ഡയറി കൈകൊണ്ട് തൊടാന്‍പോലും കോടതി തയ്യാറായില്ലെന്നാണ് മന്ത്രിയുടെ പരാതി. എന്നും ഭരണത്തിലിരിക്കില്ലെന്നതില്‍ തനിക്കും നല്ല തിട്ടമാണെന്ന പക്ഷത്താണ് മുഖ്യമന്ത്രി. പക്ഷേ, ഇരിക്കുന്നിടത്തോളം ഇങ്ങനെയൊക്കെ തന്നെയായിരിക്കുമെന്ന വാശിയിലാണ് അദ്ദേഹം. സൈന്‍ബോര്‍ഡ് അഴിമതിക്കേസിലെ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരേ അല്ലെന്നാണ് മുഖ്യമന്ത്രിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മനഃസാക്ഷിയുടെ അളവുകോലും പി സി ജോര്‍ജും സാക്ഷി.

ഭൂമിദാനക്കേസില്‍പ്പെടുത്തി തന്നെ അപമാനിക്കാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ വിശദീകരണം സഭ തികഞ്ഞ നിശബ്ദതയോടെയാണ് കേട്ടിരുന്നത്. ഡിവൈഎസ്പിയുടെ അന്വേഷണം നിഷ്പക്ഷമല്ലെന്ന തന്റെ പരാതിക്ക് ആഭ്യന്തരമന്ത്രി തെല്ലും പരിഗണന നല്‍കിയില്ലെന്ന് വി എസ് ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ ഈ ഉദ്യോഗസ്ഥനുമായി അടിക്കടി ബന്ധപ്പെട്ട കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നാണ് കരുതിയിരിക്കുന്നതെന്നും വി എസ് പറഞ്ഞു. അര്‍ഹതപ്പെട്ട ഭൂമിയാണ് ബന്ധുവായ സോമന് നല്‍കിയത്. വില്‍പ്പനാവകാശം നല്‍കുന്നതിന് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിയമവകുപ്പ് എതിര്‍ത്തതിനാല്‍ തീരുമാനം എടുത്തില്ല. എന്നിട്ടും ബന്ധുവിന് ഭൂമി നല്‍കിയെന്ന് പറഞ്ഞ് തനിക്കെതിരെ ആയുധമാക്കി. ഉന്നതമായ നീതിപീഠം സത്യം ഒരു നാള്‍ പുറത്തുകൊണ്ടുവരുമെന്നും വി എസ് പറഞ്ഞു. തനിക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ശരി ചെയ്യാന്‍ പാടില്ലേയെന്ന് വി എസ് ആരാഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കും മാഫിയ അവരുടെ വഴിക്കും എന്നതില്‍ തര്‍ക്കമില്ലെന്ന് അമിതപലിശ ഈടാക്കല്‍ നിരോധന ബില്ലിന്റെ പരിഗണനാവേളയില്‍ കെ കെ ലതിക. നടപ്പായില്ലെങ്കില്‍ എത്ര നിയമം വന്നിട്ടും രക്ഷയില്ലെന്ന പക്ഷക്കാരിയാണ് ലതിക. വേലി തന്നെ വിളവ് തിന്നുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. പൊലീസുകാര്‍ ബ്ലേഡ് പലിശക്കാരായതും കലക്ടറുടെമേല്‍ മണല്‍ മാഫിയ പൂഴിയിട്ടതും ഇതിന് തെളിവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അരി വാങ്ങാന്‍ ബ്ലേഡ് മാഫിയയെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്ന് എം ഹംസ. സമൂഹത്തെയാകെ വട്ടിപ്പലിശക്കാര്‍ക്ക് സര്‍ക്കാര്‍ എറിഞ്ഞുകൊടുത്താല്‍ എന്തുചെയ്യുമെന്ന് അദ്ദേഹം നിസ്സഹായനായി. ബ്ലേഡ് പലിശക്കാരെ നിയന്ത്രിക്കുന്നതിന് ഇത്രയും നല്ല നിയമം കൊണ്ടുവന്ന തന്നെ അഭിനന്ദിക്കാത്തതിലായിരുന്നു മന്ത്രി കെ എം മാണിയുടെ ദുഃഖം. ഓര്‍ഡിനന്‍സ് ഇറക്കി അഞ്ചുമാസം കഴിഞ്ഞിട്ട് ഒരാള്‍ക്കെതിരെയെങ്കിലും കേസ് എടുത്തോയെന്നായി കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം. മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത ഡോ. തോമസ് ഐസക് വിഷയത്തില്‍ ഒതുങ്ങിനിന്നു. മാലിന്യനിര്‍മാര്‍ജനത്തിന് അദ്ദേഹം ക്രിയാത്മക നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. ആലപ്പുഴയില്‍ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ഐസക് നടത്തുന്ന പരിശ്രമം മാതൃകയാക്കണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാരിനെ സംസ്കരിക്കേണ്ട കാലം കഴിഞ്ഞെന്ന നിലപാടിലാണ് പി ശ്രീരാമകൃഷ്ണന്‍.

കെ ശ്രീകണ്ഠന്‍

deshabhimani 121212

No comments:

Post a Comment