Saturday, December 15, 2012
ആരോഗ്യം തകര്‍ന്ന് മഅ്ദനി; നീതി കണ്ണടയ്ക്കുന്നു
നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത സംബന്ധിച്ച് ചോദ്യമുയര്‍ത്തി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ജീവിതം രണ്ടരവര്ഷത്തിലെത്തുന്നു. ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 2010 ആഗസ്തില്‍ അറസ്റ്റിലായ മഅ്ദനി അനുദിനം വഷളാകുന്ന ആരോഗ്യവുമായി ചികിത്സയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. നേരത്തേതന്നെ മുറിച്ചുമാറ്റിയ വലതുകാല്‍, പ്രമേഹം മൂര്‍ച്ഛിച്ച് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട വലതുകണ്ണ്, കാഴ്ച മങ്ങിത്തുടങ്ങിയ ഇടതുകണ്ണ്, രക്തസമ്മര്‍ദം-മഅ്ദനിയുടെ ആരോഗ്യപ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്.
ഏറ്റവും ഒടുവിലായി പ്രമേഹം മൂര്‍ച്ഛിച്ച് മൂക്കില്‍ പഴുപ്പ് ബാധിച്ച് മഅ്ദനിയെ ജയിലിന് പുറത്ത് വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന് മൂക്കിലുണ്ടായിരുന്ന കുരു കീറി പഴുപ്പ് എടുത്തുകളയുകയായിരുന്നു. പഴുപ്പ് പൂര്‍ണമായും ഇല്ലാതാക്കാനായി വീര്യമുള്ള ഇഞ്ചക്ഷന് എടുക്കുന്നതും ആരോഗ്യത്തെ ബാധിക്കുന്നു. ആരോഗ്യപ്രശ്നം മുന്‍നിര്‍ത്തി ജാമ്യം അനുവദിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രോസിക്യൂഷന്റെ എതിര്‍പ്പുമൂലം ജാമ്യം തുടര്‍ച്ചയായി നിഷേധിക്കപ്പെടുകയാണ്. സ്വന്തം ചെലവില്‍ ചികിത്സ നടത്താന്‍ താല്‍ക്കാലിക ജാമ്യമെങ്കിലും അനുവദിക്കണമെന്ന ഹര്‍ജിയും കോടതി തള്ളി. കഴിഞ്ഞ നവംബര്‍ 22ന് ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ ജയിലില്‍ വേണ്ടത്ര ചികിത്സ ഒരുക്കുന്നുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്. ഒടുവില്‍ ജാമ്യഹര്‍ജി നിഷേധിച്ചെങ്കിലും കോടതി സ്വന്തം ചെലവില്‍ പൊലിസ് അകമ്പടിയോടെ വിദഗ്ധചകിത്സ നേടാന്‍ അനുവദിച്ചത് മാത്രമാണ് ആശ്വാസം.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാകാന്‍ ഇനിയും കാലങ്ങളെടുക്കും. മുന്നൂറോളം സാക്ഷികളെ വിസ്തരിക്കണം. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് അലംഭാവം കാട്ടുകയാണെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ പറയുന്നു. കേസുകളുടെ അടിസ്ഥാനത്തില്‍ നിയമവഴിയില്‍ നീങ്ങുമ്പോഴും കഠിനമായ ആരോഗ്യപ്രശ്നം അനുഭവിക്കുന്ന മഅ്ദനി മാനുഷികപരിഗണനയ്ക്ക് അര്‍ഹനല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രത്യേകിച്ചും കോയമ്പത്തൂര്‍ ജയിലില്‍ നീണ്ട ഒമ്പതു വര്‍ഷം വിചാരണത്തടവുകാരനായി കഴിച്ചുകൂട്ടി ഒടുവില്‍ ഒരു തെളിവും കണ്ടെത്താനാകാതെ വെറുതെവിട്ട സാഹചര്യത്തില്‍. 2008 ജൂലൈയിലായിരുന്നു ബംഗളൂരുസ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം ആസൂത്രണംചെയ്തതില്‍ മഅ്ദനിക്കും പങ്കുണ്ടെന്ന കാരണം പറഞ്ഞാണ് അറസ്റ്റ് ചെയ്തത്.
(വികാസ് കാളിയത്ത്)
deshabhimani 151212
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment