Tuesday, December 11, 2012
വിമുക്തഭടന് ഭൂമി: കേസ് സുപ്രീംകോടതി മാറ്റി
ഹൈക്കോടതിയില്‍ അന്തിമവാദം അടുത്ത മാസം
കൊച്ചി: വിമുക്ത ഭടന് ഭൂമി നല്‍കിയ കേസില്‍ സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജനുവരി മൂന്നാമത്തെ ആഴ്ച അന്തിമവാദം കേള്‍ക്കും. അപ്പീലിനൊപ്പം നല്‍കിയ രേഖകളുടെ ഇംഗ്ലീഷ് തര്‍ജമ ഹാജരാക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫിക്ക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കിയതായി സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി അറിയിച്ചു. വി എസിനെ ഭൂമിദാനക്കേസില്‍ പ്രതിചേര്‍ത്തത് വിജിലന്‍സ് വകുപ്പ് ദുരുപയോഗം ചെയ്താണെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ അടങ്ങുന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. ഇതേസമയം വിഎസിനെതിരായ കേസ് കേള്‍ക്കുന്നതില്‍നിന്ന് ഡിവിഷന്‍ ബെഞ്ച് പിന്മാറണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് ആവശ്യപ്പെട്ടു.
വിമുക്തഭടന് ഭൂമി: കേസ് സുപ്രീംകോടതി മാറ്റി
ന്യൂഡല്‍ഹി: വിമുക്തഭടന് ഭൂമി അനുവദിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മൂന്നാഴ്ചത്തേക്ക് മാറ്റിവച്ചു. കൂടുതല്‍ രേഖ സമര്‍പ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഇത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സെക്രട്ടറി സുരേഷ്, ടി കെ സോമന്‍ എന്നിവരാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗോഗോയി എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം നല്‍കുന്നത് റദ്ദാക്കി ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ടി കെ സോമന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടു കൂടി അറിഞ്ഞശേഷം തീരുമാനമെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതേ കേസില്‍ വിജിലന്‍സിനെ ദുരുപയോഗിച്ചതിനെതിരെ കഴിഞ്ഞ ആഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശം ഉണ്ടായാലുള്ള പ്രത്യാഘാതം ഭയന്നാണ് കേസ് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. നേരത്തെ രണ്ടുവട്ടം സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കേസ് നീട്ടിയിരുന്നു.
deshabhimani 111212
Labels:
കോടതി
Subscribe to:
Post Comments (Atom)
No comments:
Post a Comment