Friday, December 14, 2012

കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം; മേപ്പാടി പോളിടെക്നിക്ക് അടച്ചു


മേപ്പാടി പോളിടെക്നിക്കില്‍ കെഎസ്യു-എംഎസ്എഫ് നേതൃത്വത്തില്‍ അക്രമം. കെഎസ്യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയലിന്റെ നേതൃത്തിലെത്തിയ പുറമേനിന്നുള്ള സംഘം പ്രിന്‍സിപ്പാളിന്റെ ഓഫീസ് അടിച്ചു തകര്‍ക്കുകയും പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും മര്‍ദ്ദിക്കുകയും ചെയ്തു. ഇത് ചോദ്യം കോളേജ് യൂണിയന്‍ അംഗങ്ങളെയും മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യൂണിയന്‍ ചെയര്‍മാന്‍ പി പ്രജീഷ്, മെമ്പര്‍ വിവേക്, നിതിന്‍ എന്നിവരെ മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിത കാലത്തേയ്ക്ക് പോളിടെക്നിക്ക് അടച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ശനിയാഴ്ച നടത്താനിരുന്ന കായിക മേളയും റദ്ദാക്കി.

വ്യാഴാഴ്ച പകല്‍ 12ഓടെയായിരുന്നു പോളിടെക്നിക്കില്‍ പുറത്തുനിന്നെത്തിയവരുടെ നേതൃത്വത്തില്‍ കെഎസ്യു പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. പൊലീസ് നോക്കിനില്‍ക്കെ പ്രിന്‍സിപ്പാളിന്റെ ഓഫീസ് അടിച്ചുതകര്‍ത്തു. വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്ന അലമാരയും കസേരകളും തല്ലിതകര്‍ത്തു. നോട്ടീസ് ബോര്‍ഡും നശിപ്പിച്ചു. പോളിക്ക് പുറത്തുള്ളവരാണ് അക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പോളിയിലുണ്ടായ സംഘര്‍ഷത്തില്‍ ചില വിദ്യാര്‍ഥികള്‍ക്കെതിരെ അധികൃതര്‍ നടപടി എടുത്തിരുന്നു. ഇതിനെതിരെയായിരുന്നു കെഎസ്യു അക്രമം. പ്രിന്‍സിപ്പാളിനെ ഓഫീസില്‍ തടഞ്ഞുവെക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. മണിക്കൂറുകളോളം അക്രമിസംഘം പോളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോഴും പൊലീസ് കാഴ്ച്ചക്കാരായി. പുറമേ നിന്നെത്തിയവരെ തടയാനും പൊലീസ് തയ്യാറായില്ല. കഴിഞ്ഞ ദിവസവും കെഎസ്യു ജില്ലാനേതാക്കള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പോളിയില്‍ കെഎസ്യു നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി എടുത്തതിനായിരുന്നു ബുധനാഴ്ചത്തെ അക്രമണം. പോളിയില്‍ അതിക്രമിച്ച് കടന്ന് പ്രിന്‍സിപ്പാളിന്റെ ഓഫീസ് തകര്‍ക്കുകയും അധ്യാപകരെയും യൂണിയന്‍ ഭാരവാഹികളെയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എസ്എഫ്ഐ മേപ്പാടി പോളിടെക്നിക് യൂണിറ്റ് ആവശ്യപ്പെട്ടു. മേപ്പാടി: പോളിടെക്നിക്കില്‍ അതിക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിന് പ്രിന്‍സിപ്പാളിന്റെ പരാതിപ്രകാരം കെഎസ്യു ജില്ലാപ്രസിഡന്റ് ജഷീര്‍ പള്ളിവയലുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മേപ്പാടി പൊലീസ് കേസ് എടുത്തു.

പൊന്നാനി എംഇഎസ് കോളേജില്‍ യുഡിഎസ്എഫ് അഴിഞ്ഞാട്ടം

പൊന്നാനി: പൊന്നാനി എംഇഎസ് കോളേജില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകരുടെ അതിക്രമം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി റിയാസിനുനേരെ ആക്രമണമുണ്ടായിരുന്നു. ഹോസ്റ്റലില്‍ പുറത്തുനിന്നുള്ള സംഘം തമ്പടിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ പരാതിയില്‍ പൊന്നാനി എസ്ഐ ടി വി ഹരിദാസന്‍ കേസെടുത്തു. കോളേജില്‍ തുടര്‍ച്ചയായ പത്താംതവണയും എസ്എഫ്ഐ വിജയിക്കുമെന്ന സ്ഥിതിയാണുള്ളത്. ഇതില്‍ വിറളിപൂണ്ട യുഡിഎസ്എഫ് നേതൃത്വമാണ് അക്രമം അഴിച്ചുവിടുന്നത്. ക്രമസമാധാനം തകര്‍ത്ത് ഇലക്ഷന്‍ മാറ്റിവയ്പ്പിക്കാന്‍ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന് എസ്എഫ്ഐ ഏരിയാ സെക്രട്ടറിയറ്റ് വ്യക്തമാക്കി. യു ഷിജുലേഷ്, മെഹറൂഫ്, സുബൈര്‍, അഷാക്കിര്‍, താഹിര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 141212

No comments:

Post a Comment