Friday, December 14, 2012

പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിവേണം: പരിഷത്ത്


പൊലീസുകാരില്‍ ചിലര്‍ യൂണിഫോമിട്ട കുറ്റവാളികള്‍: മഹിളാ അസോ.

ആലപ്പുഴ: ബീച്ച് പിക്നിക് സ്പോട്ടില്‍ ഇരുന്ന യുവദമ്പതികളെ അറസ്റ്റുചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗവും സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവുമായ അഡ്വ. സി എസ് സുജാത ആവശ്യപ്പെട്ടു.

പൊലീസിലെ നല്ലൊരുവിഭാഗം യൂണിഫോമണിഞ്ഞ കുറ്റവാളികളായി മാറിയിരിക്കുകയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും വിവാഹിതരല്ലെങ്കില്‍ കൂടി ഒന്നിച്ചിരിക്കാനോ സംസാരിക്കാനോ സൗഹൃദം സ്ഥാപിക്കാനോ നിയമം എതിരല്ല. സൗത്ത് പൊലീസ് ഇല്ലാത്ത നിയമം നടപ്പാക്കിയാണ് ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റിയംഗമായ രാജേഷിനെയും രശ്മിയെയും പരസ്യമായി ആക്ഷേപിച്ചതും സ്റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചതും. ആലപ്പുഴ ബീച്ചില്‍ എത്തുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തുന്നതും പണപ്പിരിവ് നടത്തുന്നതും നിത്യസംഭവമാണെന്ന പരാതി നിലനില്‍ക്കുകയാണ്. കമിതാക്കളാണ് എത്തുന്നതെങ്കില്‍ അവരുടെ വീട്ടിലും രക്ഷിതാക്കളെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ചിലര്‍ സ്വര്‍ണാഭരണങ്ങള്‍ വരെ പിടിച്ചുവാങ്ങുമത്രെ. ഇതിന്റെ തുടര്‍ച്ചയാണ് വിവാഹിതരായ യുവദമ്പതികളെ പീഡിപ്പിച്ചത്. മതചിഹ്നം ധരിച്ചിട്ടില്ലെന്ന് പറഞ്ഞും വിവാഹം കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്നും പറഞ്ഞ് ആരംഭിച്ച പീഡനം എല്ലാ അതിരുകളും ലംഘിച്ചതായി രാജേഷും രശ്മിയും പറയുന്നു. പൗരസ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം നടത്തിയ എഎസ്ഐയും പൊലീസുകാരും സര്‍വീസില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്ന് സുജാത പറഞ്ഞു. സൗത്ത് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് മാഫിയയും സമൂഹവിരുദ്ധരും അഴിഞ്ഞാടുകയാണ്. ഇവരില്‍ നിന്നും പടിപറ്റുന്ന പൊലീസ് ഇവരെ സംരക്ഷിക്കുകയും നിരപരാധികളെ പീഡിപ്പിക്കുകയുമാണ്. ഇത്തരം ഉദ്യോഗസ്ഥരെ ക്രമസമാധാനപാലനത്തില്‍ നിന്ന് മാറ്റിനിര്‍ത്താനെങ്കിലും ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് സുജാത ആവശ്യപ്പെട്ടു.

പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിവേണം: പരിഷത്ത്

ആലപ്പുഴ: ബീച്ചിലെ പിക്നിക് സ്പോട്ടിലിരുന്ന ഭാര്യാഭര്‍ത്താക്കന്മാരെ അറസ്റ്റുചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോയി മണിക്കൂറോളം മാനസിക പീഡനത്തിനിരയാക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത എഎസ്ഐക്കും പൊലീസുകാര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹം കഴിഞ്ഞ ദമ്പതികളെ മതചിഹ്നങ്ങള്‍ ധരിച്ചില്ലെന്ന കാരണത്താലാണ് പൊലീസ് പീഡിപ്പിച്ചത്. പിക്നിക് സ്പോട്ടിലിരുന്ന യുവദമ്പതികളായ രാജേഷിനെയും രശ്മിയെയുമാണ് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് എഎസ്ഐ ബാലചന്ദ്രന്‍നായരും ജീപ്പ്ഡ്രൈവര്‍ നൗഷാദും വനിതാപൊലീസ് ജെസിയും മറ്റ് ചില പൊലീസുകാരും ചേര്‍ന്ന് മണിക്കൂറുകളോളം മാനസിക പീഡനത്തിനിരയാക്കിയത്. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നും സംശയമുണ്ടെങ്കില്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് അന്വേഷിക്കാനും പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. ഫോണ്‍ ചെയ്യാന്‍ ഒരുങ്ങിയ രാജേഷില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ബലമായി ഇരുവരെയും ജീപ്പില്‍ പിടിച്ചുകയറ്റി അപമാനിക്കുകയും ചെയ്തു. സ്റ്റേഷനില്‍ കൊണ്ടുചെന്നപ്പോള്‍ വനിതാ പൊലീസ് ജെസിയും പൊലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് പീഡിപ്പിച്ചു. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നത്രെ വനിതാപൊലീസിന്റെ ചോദ്യം ചെയ്യല്‍. മണിക്കൂറുകള്‍ക്ക് ശേഷം പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോള്‍ മാത്രമാണ് ഇവരെ വിട്ടയച്ചത്. തങ്ങളുടെ ഭാഗം ന്യായമല്ലെന്ന് ബോധ്യമായ പൊലീസ് ഇവര്‍ക്കെതിരെ പെറ്റിക്കേസും രജിസ്റ്റര്‍ ചെയ്തു.

സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇതിനിടയില്‍ എത്തി തങ്ങളെ ഭീഷണിപ്പെടുത്തുകയും കേസില്‍ കുടുക്കി ഒതുക്കുമെന്ന് പറയുകയും ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത രശ്മിയും രാജേഷും പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നും ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ വനിതാസംഘടനകള്‍ ശക്തിയായി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരം നടത്തുമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചിട്ടുള്ളതായി പരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു. പരിഷത്ത് ജില്ലാസെക്രട്ടറി വിനോദ്, അഡ്വ. ലില്ലി, എ എസ് ലേഖ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 141212

No comments:

Post a Comment