Sunday, December 9, 2012

ദളിത് മുന്നേറ്റത്തിന് പുതിയ സംഘടന


സാമൂഹ്യനീതി ഉറപ്പുവരുത്താനും അവകാശങ്ങള്‍ നേടാനുമുള്ള പിന്നോക്കവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ "പട്ടികജാതി ക്ഷേമസമിതി" നിലവില്‍വന്നു. കന്റോണ്‍മെന്റ് മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പി കെ കുഞ്ഞച്ചന്‍നഗറില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വന്‍ഷനിലാണ് ക്ഷേമസമിതി രൂപീകരിച്ചത്. ജാതീയമായ അവശതകള്‍ക്കും പിന്നോക്കാവസ്ഥയ്ക്കും എതിരായ സമരത്തെ വര്‍ഗസമരത്തിന്റെ ഭാഗമായിക്കണ്ട് പൊരുതാന്‍ സംഗമത്തിനെത്തിയ നാലായിരം പ്രതിനിധികള്‍ പ്രതിജ്ഞയെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു.

16 മുദ്രാവാക്യങ്ങളും അവകാശപ്രഖ്യാപനവും അടങ്ങുന്ന രേഖ കണ്‍വന്‍ഷന്‍ അംഗീകരിച്ചു. കെ രാധാകൃഷ്ണന്‍ പ്രസിഡന്റും അഡ്വ. കെ സോമപ്രസാദ് സെക്രട്ടറിയുമായി 51 അംഗ സംസ്ഥാനകമ്മിറ്റിയെ തെരഞ്ഞെടുത്തു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വിജയരാഘവന്‍, കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍, കൊല്ലം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ എന്നിവര്‍ പ്രതിനിധികളെ അഭിവാദ്യംചെയ്തു. സ്വാഗതസംഘം പ്രസിഡന്റ് ബി രാഘവന്‍ സ്വാഗതവും കെഎസ്കെടിയു ജില്ലാ സെക്രട്ടറി സി തങ്കപ്പന്‍ നന്ദിയും പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ രേഖ അവതരിപ്പിച്ചു. കേരളത്തിലെ ദളിതരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനുവേണ്ടി ഒരു വേദി രൂപീകരിക്കുന്നത് സ്വത്വരാഷ്ട്രീയവുമായുള്ള വിട്ടുവീഴ്ചയല്ല. പൊതുജനാധിപത്യപ്രസ്ഥാനത്തില്‍ ദളിതരെ കൂടുതല്‍ അണിനിരത്തുന്നതിനും സങ്കുചിതമായ സാമുദായിക നിലപാടുകള്‍ തിരുത്തുന്നതിനും വേണ്ടിയാണ്. ജാതീയമായ അവശതകള്‍ക്കെതിരായ സമരത്തെ വര്‍ഗചൂഷണത്തിനെതിരായ സമരത്തിന്റെ ഭാഗമായിക്കണ്ട് ഇടപെടേണ്ടതുണ്ടെന്നും രേഖ പറഞ്ഞു. കിട്ടുന്ന ആനുകൂല്യങ്ങള്‍ക്കപ്പുറം നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ അതിശക്തമായി പൊരുതുമെന്ന് കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. ഭൂമിക്കും തൊഴിലിനും വിദ്യാഭ്യാസത്തിനും പാര്‍പ്പിടത്തിനും വേണ്ടിയുള്ള സമരം ശക്തമാക്കും. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണംചെയ്യുക, സ്വകാര്യമേഖലയിലും സര്‍ക്കാര്‍ സാമ്പത്തികസഹായം ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സഹകരണരംഗത്തും തൊഴില്‍സംവരണം ഉറപ്പുവരുത്തുക, എല്ലാ പട്ടികജാതിക്കാരെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ മുന്നോട്ടുവച്ചു.
(കെ എം മോഹന്‍ദാസ്)

deshabhimani 101212

1 comment:

  1. സാമൂഹ്യനീതി ഉറപ്പുവരുത്താനും അവകാശങ്ങള്‍ നേടാനുമുള്ള പിന്നോക്കവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ "പട്ടികജാതി ക്ഷേമസമിതി" നിലവില്‍വന്നു. കന്റോണ്‍മെന്റ് മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ പി കെ കുഞ്ഞച്ചന്‍നഗറില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വന്‍ഷനിലാണ് ക്ഷേമസമിതി രൂപീകരിച്ചത്. ജാതീയമായ അവശതകള്‍ക്കും പിന്നോക്കാവസ്ഥയ്ക്കും എതിരായ സമരത്തെ വര്‍ഗസമരത്തിന്റെ ഭാഗമായിക്കണ്ട് പൊരുതാന്‍ സംഗമത്തിനെത്തിയ നാലായിരം പ്രതിനിധികള്‍ പ്രതിജ്ഞയെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു.

    ReplyDelete