Wednesday, January 23, 2013

റദ്ദാക്കേണ്ട സര്‍വീസുകളുടെ കണക്കെടുപ്പ് തുടങ്ങി


റദ്ദാക്കിയത് 30 സര്‍വീസ്; വരുമാനത്തില്‍ ദിവസേന 4 ലക്ഷത്തിന്റെ കുറവ്

കോഴിക്കോട്: ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്ന് ജില്ലയില്‍ റദ്ദാക്കിയ കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണം 30 ആയി. പ്രതിദിന വരുമാനം കുത്തനെ കുറയാനും ഇതിടയാക്കി. നാലുലക്ഷം രൂപയുടെ കുറവാണ് പ്രതിദിന വരുമാനത്തിലുള്ളത്. താമരശേരി ഡിപ്പോയിലാണ് ഏറ്റവുമധികം സര്‍വീസുകള്‍ റദ്ദാക്കിയത്. 13 എണ്ണം. തൊട്ടില്‍പാലത്ത് 7, കോഴിക്കോട്ട് 6, വടകരയിലും തിരുവമ്പാടിയിലും രണ്ടുവീതം എന്നിങ്ങനെയാണ് സര്‍വീസ് റദ്ദാക്കല്‍.

ഡീസല്‍ ലിറ്ററിന് 48-49 രൂപ നല്‍കിയ സ്ഥാനത്ത് 60 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. ലിറ്ററിന് 11.50 രൂപ അധികം. കോഴിക്കോട്ട് കെഎസ്ആര്‍ടിസിക്കു മാത്രമായി പമ്പില്ലാത്തതിനാല്‍ പാവമണി റോഡിലെ സിവില്‍ സപ്ലൈസ് പമ്പില്‍നിന്നാണ് പെട്രോള്‍ അടിക്കുന്നത്. 3000ത്തിലധികം ലിറ്റര്‍ ഡീസലാണ് ജില്ലയിലെ റൂട്ടുകളിലോടുന്ന ബസ്സുകള്‍ പമ്പില്‍നിന്ന് അടിക്കുന്നത്. ദീര്‍ഘദൂര റുട്ടുകളിലെ ബസ്സുകള്‍ മറ്റു ഡിപ്പോകളില്‍നിന്നാണ് ഡീസല്‍ അടിക്കുന്നത്. ഇതുകൂടിയായാല്‍ ഡീസലിനത്തില്‍ വന്‍ തുകയാണ് കൂടുതല്‍ നല്‍കേണ്ടത്. വരുമാനവും ചെലവും തമ്മിലുള്ള അന്തരം ഗണ്യമായി വര്‍ധിക്കാന്‍ ഇത് കാരണമായി. പ്രതിദിനം 10,000 രൂപയില്‍ കുറവ് വരുമാനമുള്ള റൂട്ടുകളെക്കുറിച്ചുള്ള വിവരം അറിയിക്കണമെന്ന് തിരുവനന്തപുരത്തുനിന്ന് നിര്‍ദേശമുണ്ട്. അടുത്തദിവസം തന്നെ ഇതിനുള്ള ഉത്തരവ് വരും. വരുമാനം കുറവുള്ള റൂട്ടുകള്‍ പിന്‍വലിച്ചാല്‍ ജില്ലയില്‍ 40 ശതമാനത്തോളം സര്‍വീസുകളും നിലയ്ക്കും. ഫലത്തില്‍ കെഎസ്ആര്‍ടിസിയുടെ തകര്‍ച്ചക്കാണ് ഇത് വഴിവയ്ക്കുക. വയനാട്ടിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഏറെ ദുരിതമുണ്ടാകുക. ദേശസാല്‍കൃത റൂട്ടാണിത്. കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തുന്നതോടെ സ്വകാര്യ ബസ്സുകള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം സജീവമാണ്. ആശങ്കയോടെയാണ് ജീവനക്കാര്‍ ഇതിനെ കാണുന്നത്.തിരുവമ്പാടി പോലുള്ള മലയോര മേഖലയിലെ യാത്രക്കാരും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തുന്നതോടെ വലയും. പാരലല്‍ ടാക്സികളെ ആശ്രയിക്കുകയേ അവര്‍ക്ക് നിര്‍വാഹമുണ്ടാകൂ.

റദ്ദാക്കേണ്ട സര്‍വീസുകളുടെ കണക്കെടുപ്പ് തുടങ്ങി

കല്‍പ്പറ്റ: ജില്ലയില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ കെഎസ്ആര്‍ടിസി കണക്കെടുപ്പ് തുടങ്ങി. എട്ടായിരം രൂപയില്‍ താഴെ വരുമാനമുള്ള സര്‍വീസുകളുടെ കണക്കാണെടുക്കുന്നത്. ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 93 സര്‍വീസുകളാണ് എട്ടായിരത്തില്‍ തഴെ വരുമാനമുള്ളതായി പരിശോധനയില്‍ കണ്ടെത്തിയത്്. ഇത് മുഴുവനും റദ്ദാക്കാനാണ് നീക്കം. മാനന്തവാടി ഡിപ്പോയില്‍ 35 ഉം ബത്തേരിയിലും കല്‍പ്പറ്റയിലും 29 സര്‍വീസുകളുമാണ് ഉള്ളത്. ആറായിരത്തില്‍ താഴെ വരുമാനമുള്ള സര്‍വീസുകളുടെ കണക്കുമെടുക്കുന്നുണ്ട്. ഇതുപ്രകാരം 17 സര്‍വീസുകളാണുള്ളത്. മാനന്തവാടിയില്‍ എട്ടും ബത്തേരിയില്‍ ആറും കല്‍പ്പറ്റയില്‍ മൂന്നും സര്‍വീസുകളുണ്ട്. വരുമാനം കുറഞ്ഞവയില്‍ കൂടുതലും ഗ്രാമീണ സര്‍വീസുകളാണ്. ഇത് റദ്ദാക്കുന്നത് യാത്രപ്രശ്നം രൂക്ഷമാക്കും. മിക്കസര്‍വീസുകളും നാട്ടുകാര്‍ പ്രക്ഷോഭത്തിലൂടെ നേടിയെടുത്തതാണ്. ജില്ലയിലെ പിന്നോക്ക മേഖലകളിലേക്ക് സ്വകാര്യ ബസ് സര്‍വീസുകള്‍ കുറവാണ്. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ആശ്രയം കെഎസ്ആര്‍ടിസിയാണ്. ഇത് നിലയ്ക്കുന്നതോടെ ഇവരുടെ പഠനംപോലും അവതാളത്തിലാകും.

ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്ന് ജില്ലയില്‍ ചൊവ്വാഴ്ച്ചയും സര്‍വീസുകള്‍ റദ്ദാക്കി. 22 സര്‍വീസുകളാണ് റദ്ദാക്കിയത്. ബത്തേരിയില്‍ ഒന്‍പതും മാനന്തവാടിയില്‍ ഏഴും കല്‍പ്പറ്റയില്‍ ആറും സര്‍വീസുകളാണ് റദ്ദാക്കിയത്. ദീര്‍ഘദൂര സര്‍വീസുകളും ഗ്രാമീണ സര്‍വീസുകളും ഓടിയില്ല. കോഴിക്കോട് ടിടി സര്‍വീസ് റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഗ്രാമീണ സര്‍വീസുകള്‍ റദ്ദാക്കുന്നതിനെതിരെ നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്. ജില്ലാ ഡിപ്പോയായ ബത്തേരിയില്‍ നാല് കോഴിക്കോട് സര്‍വീസും രാവിലെ 8.10ന്റെ എറണാകുളം സര്‍വീസും റദ്ദാക്കി. പുല്‍പ്പള്ളി, കല്‍പ്പറ്റ, ചേരമ്പാടി സര്‍വീസും റദ്ദാക്കിയവയില്‍പെടും. മാനന്തവാടിയില്‍ മൂന്ന് കോഴിക്കോട് ടിടി സര്‍വീസ് റദ്ദാക്കി. പഞ്ചാരക്കൊല്ലി, കൊമ്മയാട്, പുതുശേരി, പുല്‍പ്പള്ളി സര്‍വീസുകളും റദ്ദാക്കി. കല്‍പ്പറ്റയില്‍ പയ്യന്നൂര്‍, കോഴിക്കോട് സര്‍വീസുകള്‍ പോയില്ല. മാന്തവാടിയിലേക്കുള്ള മൂന്ന് സര്‍വീസും റദ്ദ് ചെയ്തു. തിങ്കളാഴ്ച ജില്ലയില്‍ 33 സര്‍വീസുകള്‍ റദ്ദ് ചെയ്തിരുന്നു. കല്‍പ്പറ്റയില്‍ മാത്രം 15 സര്‍വീസ് നിര്‍ത്തി. ബത്തേരിയിലും മാനന്തവാടിയിലും ഒന്‍പത് വീതം സര്‍വീസുകള്‍ മുടങ്ങി.

ഡീസല്‍ തീര്‍ന്നു; ബസ്സോട്ടം നിലച്ചേക്കും

കാസര്‍കോട്: ഡീസല്‍ സ്റ്റോക്ക് തീരാനായി; കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും. 12,000 ലിറ്റര്‍ ഡീസല്‍ മാത്രമാണ് തിങ്കളാഴ്ച ഇവിടെയുള്ളത്. ഒരു ദിവസത്തേക്ക് 8,000 ലിറ്റര്‍ വേണം. ചൊവ്വാഴ്ചയും എണ്ണയെത്തിയില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ ഭൂരിപക്ഷം റൂട്ടുകളും റദ്ദാക്കേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഡീസല്‍ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പണം അടയ്ക്കാത്തതിനാലാണ് എണ്ണയെത്താത്തത്. വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടയുടന്‍ ഒരു ലിറ്റര്‍ ഡീസലിന് 11.50 രൂപയുടെ അധികബാധ്യതയാണ് കെഎസ്ആര്‍ടിസിക്കുണ്ടായത്. ഇതോടെ ലാഭകരമല്ലാത്ത എല്ലാ റൂട്ടുകളും റദ്ദാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കാസര്‍കോട്- പെരുമ്പളക്കടവ്- പൊയിനാച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് തിങ്കളാഴ്ച മുതല്‍ നിര്‍ത്തലാക്കി. ചൊവ്വാഴ്ച മുതല്‍ ഓര്‍ഡിനറി ബസുകളില്‍ ഭൂരിപക്ഷവും നിര്‍ത്തും. ദേളി വഴി പോകുന്ന സര്‍വീസായിരിക്കും ആദ്യം നിര്‍ത്തുക.

സംസ്ഥാനത്തുതന്നെ ഏറ്റവും ലാഭത്തിലോടുന്ന കാസര്‍കോട്- മംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ കേരളത്തിന്റെ 23 ബസാണ് സര്‍വീസ് നടത്തുന്നത്. ഇതിനായി ദിവസം 2500 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. ഡീസല്‍ ലഭിച്ചില്ലെങ്കില്‍ രണ്ട് ദിവസത്തിനകം എല്ലാ സര്‍വീസുകളും നിര്‍ത്തും. 10,000 രൂപയില്‍ താഴെ വരുമാനമുള്ള എല്ലാ ബസുകളും നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ വാക്കാലുള്ള നിര്‍ദേശം. ഇത് നടപ്പിലാക്കിയാല്‍ ജില്ലയിലെ ഭൂരിഭാഗം ബസുകളും നിര്‍ത്തിവയ്ക്കേണ്ടിവരും. ലാഭകരമല്ലാത്ത ബസ്സുകള്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലൂടെ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസ്സുകള്‍ ചൊവ്വാഴ്ച മുതല്‍ ഘട്ടംഘട്ടമായി നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിച്ച് മൂന്നുമാസത്തെ പണം മുന്‍കൂറായി അടച്ച് പാസെടുത്തിരിക്കുന്ന സ്കൂള്‍- കോളേജ് വിദ്യാര്‍ഥികളാണ് ഏറെ ദുരിതത്തിലാകുന്നത്. കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ദേളി വഴി കടന്നുപോകുന്ന ബസുകളിലാണ് പാസുപയോഗിച്ച് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്നത്. സ്വകാര്യബസുകള്‍ ഇതുവഴി സര്‍വീസ് നടത്താത്തതിനാല്‍ അമിത വാടക നല്‍കി ഓട്ടോറിക്ഷകളെയും ടാക്സികളെയും ആശ്രയിക്കേണ്ട ഗതികേടാണുണ്ടാകുന്നത്. ബസ് സര്‍വീസ് നിര്‍ത്തിവച്ചതോടെ പെരുമ്പളക്കടവ് നിവാസികള്‍ ഒറ്റപ്പെട്ട നിലയിലായി. മലയോര പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ ഭൂരിഭാഗവും ദിവസവും അറ്റകുറ്റപ്പണിക്ക് വിധേയമാക്കേണ്ടവയാണ്. ഇതുവഴി പുതിയ ബസുകള്‍ സര്‍വീസ് നടത്തുമ്പോള്‍ ലാഭത്തിലും പഴഞ്ചന്‍ ബസുകള്‍ നഷ്ടത്തിലുമാണുള്ളത്. തെക്കന്‍ ജില്ലകളിലെ പഴകിയ ബസ്സുകള്‍ കാസര്‍കോടേക്ക് അയക്കുന്നതും സര്‍വീസ് നഷ്ടത്തിലാകുന്നതിന് പ്രധാന കാരണമാണ്.
(കെ സി ലൈജുമോന്‍)

പുനലൂര്‍ ഡിപ്പോയില്‍ ഇന്നു മുതല്‍ 10 റൂട്ടിലേക്ക് ബസ് ഓടിക്കില്ല

പുനലൂര്‍: ഗ്രാമീണമേഖലയില്‍ യാത്ര കൂടുതല്‍ ദുരിതമാക്കി കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബുധനാഴ്ച മുതല്‍ 10 റൂട്ടുകളിലേക്കുള്ള ബസ് ഷെഡ്യൂളുകള്‍ റദ്ദാക്കും. അയ്യായിരം രൂപയില്‍ താഴെ വരുമാനം ലഭിക്കുന്നതായി കണക്കാക്കിയിട്ടുള്ള ഷെഡ്യൂളുകള്‍ക്ക് ഒപ്പം വരുമാനമുള്ള റൂട്ടുകളിലെ ബസ് സര്‍വീസും റദ്ദ് ചെയ്യാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. പുനലൂര്‍ ഡിപ്പോയില്‍നിന്നുള്ള മണിയാര്‍-വിളക്കുപാറ, പുനലൂര്‍ ടൗണ്‍ സര്‍വീസ്, കമുകുംചേരി, ആനപെട്ടകോങ്കല്‍, തെന്മല, ഗോവിന്ദമംഗലം-കൊട്ടാരക്കര, ആയിരനല്ലൂര്‍, തലച്ചിറ തുടങ്ങിയ റൂട്ടുകളിലെ ബസ് സര്‍വീസുകളാണ് ബുധന്‍ മുതല്‍ അനിശ്ചിതകാലത്തേക്ക് റദ്ദാക്കാന്‍ അധികൃതനീക്കം. വ്യാപകമായ പ്രതിഷേധമാണ് കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതരുടെ തീരുമാനത്തിനെതിരെ ഉയര്‍ന്നിട്ടുള്ളത്. 5000 രൂപയില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന സര്‍വീസുളിലൊന്നാണ് മണിയാര്‍-വിളക്കുപാറ. വിളക്കുപാറവരെയുള്ള ഉള്‍ഗ്രാമങ്ങളിലെ ആയിരക്കണക്കിനാളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്രയ്ക്ക് ആശ്രയമായ ബസാണ് നിര്‍ബന്ധപൂര്‍വം ഡിപ്പോ ഉദ്യോഗസ്ഥര്‍ നിര്‍ത്തുന്നത്. തെന്മല, ആനപ്പെട്ടകോങ്കല്‍, കൊട്ടാരക്കര, കുമുകുംചേരി ഷെഡ്യൂളുകളിലും വരുമാനവര്‍ധനവുണ്ട്. ഈ സര്‍വീസുകളും റദ്ദാക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ബുധനാഴ്ച മുതല്‍ 10 സര്‍വീസുകള്‍ റദ്ദാക്കുന്നതോടെ പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകും. വരംദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്താനാണ് ഉന്നത നിര്‍ദേശം. മുന്നറിയിപ്പില്ലാതെയാണ് പുനലൂര്‍ ഡിപ്പോയില്‍നിന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കുന്നത്. ജനങ്ങളുടെ പ്രതിഷേധം ഒഴിവാക്കാന്‍ അധികൃതര്‍ രഹസ്യമായി സര്‍വീസ് റദ്ദാക്കല്‍ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്.

കൊട്ടാരക്കരയില്‍ ബസ് സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം

കൊട്ടാരക്കര: ഡീസല്‍ വില വര്‍ധനവ് മൂലം കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് പ്രതിമാസം 40 ലക്ഷം രൂപയുടെ അധികചെലവ്. സര്‍വീസുകള്‍ വെട്ടിചുരുക്കാന്‍ അനൗദ്യോഗിക നിര്‍ദേശം. വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ സബ്സിഡി നല്‍കുന്നത് നിര്‍ത്തലാക്കിയതോടെ കൊട്ടാരക്കര ഡിപ്പോയ്ക്ക് പ്രതിദിനം ഡീസലിനായി ഒന്നേകാല്‍ ലക്ഷത്തിലധികം രുപയാണ് അധികം വേണ്ടിവരുന്നത്. 11000 ലിറ്റര്‍ ഡീസലാണ് ഒരു ദിവസത്തെ ഉപഭോഗം. പഴയവില അനുസരിച്ച് 5,38476 രൂപയാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 6,65,255 രൂപയായി ഉയര്‍ന്നു. 1,26,779 രൂപയാണ് പ്രതിദിനം അധികം വേണ്ടിവരുന്നത്. പ്രതിമാസം 38,03370 രൂപയും നഷ്ടമാകും. ഡിപ്പോയ്ക്ക് മൊത്തം 128 ഷെഡ്യൂളുണ്ട്. എന്നാല്‍ ആകെയുള്ള 115 ബസില്‍ 15ഓളം എണ്ണം കട്ടപ്പുറത്തായിരിക്കും. സര്‍വീസ് നടത്തുന്നത് 100 എണ്ണവും.

കെഎസ്ആര്‍ടിസിയെ രക്ഷിക്കുക: എഫ്എസ്ഇടിഒ ധര്‍ണ

കൊല്ലം: ഡീസല്‍ വിലവര്‍ധനവിന്റെ മറവില്‍ കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാനും സ്വകാര്യമുതലാളിമാരെ സഹായിക്കാനുമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയ്ക്ക് മുന്നില്‍ പ്രകനവും യോഗവും നടത്തി. ഈ നയങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസിയിലെ ഇതര സംഘടനകള്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് യോഗത്തില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി പി ജയപ്രകാശ്മേനോന്‍ ആവശ്യപ്പെടു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് അജയകുമാര്‍, എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി എസ് ഓമനക്കുട്ടന്‍, കെജിഒഎ സംസ്ഥാനകമ്മിറ്റി അംഗം ഷണ്‍മുഖദാസ്, കെഎംസിഎസ്യു ജില്ലാസെക്രട്ടറി കെ മനോഹരന്‍, പിഎസ്സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ബി ജയകുമാര്‍, എം അന്‍സര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 230113

No comments:

Post a Comment