Wednesday, January 2, 2013
ഡിഎംആര്‍സിയും ശ്രീധരനുമില്ലാതെ മെട്രോ റെയില്‍ ഏറ്റെടുക്കാന്‍ നീക്കം
ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കി കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണ മേല്‍നോട്ട ചുമതല കെഎംആര്‍എല്‍ തന്നെ ഏറ്റെടുക്കാനാണ് നീക്കമെന്ന് പി രാജീവ് എംപി. കേരള, ഡെല്‍ഹി ചീഫ് സെക്രട്ടറിമാരും നഗരവികസന സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയും ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അതാണെന്നും പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎംആര്‍എല്‍ നിര്‍മാണ മേല്‍നോട്ട ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സാങ്കേതിക വിദ്യ നവീകരണ സമിതി രൂപീകരിച്ചത്. ഇതിന്റെ യോഗം നാലിന് ഡെല്‍ഹിയില്‍ ചേരുന്നുണ്ട്. മെട്രോ നിര്‍മാണ ചുമതല ഡിഎംആര്‍സിക്കാണെങ്കില്‍ കെഎംആര്‍എല്‍ ഈ സമിതിയുണ്ടാക്കേണ്ട കാര്യമില്ല.
പദ്ധതിയുടെ ഡിപിആര്‍ തയ്യറാക്കിയതും പിന്നീട് അത് നവീകരിച്ചതുമെല്ലാം ഡിഎംആര്‍സിയാണ്. എന്നാല്‍ ഇപ്പോള്‍ രൂപീകരിച്ച സാങ്കേതിക വിദ്യ നവീകരണ സമിതിയില്‍ ഇ ശ്രീധരനെ ഉള്‍പ്പെടുത്തിയിട്ടില്ല. കെഎംആര്‍എലിന് കീഴില്‍ ടെക്നിക്കല്‍ ഡയറക്ടര്‍(പ്രോജക്ട്സ്) ഉള്‍പ്പെടെ സാക്തേിക വിദഗ്ദരുടെ തസ്തികയിലേക്ക് നിയമനവും നടത്തി കഴിഞ്ഞു. ഡിഎംആര്‍സിക്കാണ് നിര്‍മാണ ചുമതലയെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിക്കുമ്പോള്‍ മെട്രോയുടെ ഓപ്പറേഷനും മെയ്ന്റനന്‍സും മാത്രം നടത്തേണ്ട കെഎംആര്‍എല്‍ ഈ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത് ദുരൂഹമാണ്. മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സി എന്തു ചുമതല വഹിക്കണമെന്ന് സംസ്ഥാനം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി കമല്‍നാഥുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. കൊച്ചി പദ്ധതിയില്‍ ഇ ശ്രീധരന്റെ പങ്ക് എന്തായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. കേരള സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് കമല്‍നാഥ് പറഞ്ഞത്.
പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ട് ആറുമാസം പൂര്‍ത്തിയായിട്ടും നിര്‍മാണ കാര്യത്തില്‍ തീരുമാനമെടുക്കാനാകാത്തത് അപമാനകരമാണ്. ജൂലൈ മൂന്നിനാണ് കേന്ദ്രാനുമതി കിട്ടിയത്. സെപ്തംബര്‍ 13 ന് പ്രധാനമന്ത്രി തന്നെ നിര്‍മാണോല്‍ഘാടനം നിര്‍വ്വഹിച്ച പദ്ധതി അനിശ്ചിതമായി വൈകുന്നതു മൂലം സംസ്ഥാനത്തിന് നൂറുകോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടായിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിഎംആര്‍സി സമര്‍പ്പിച്ച ധാരണാപത്രത്തില്‍ യഥാസമയം തീരുമാനമെടുത്തിരുന്നെങ്കില്‍ കേന്ദ്രാനുമതി കിട്ടിയതിന് പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമായിരുന്നു. കേന്ദ്രമന്ത്രി കമല്‍നാഥ് എത്തി പരിഹരിക്കേണ്ട പ്രശ്നങ്ങളൊന്നും കൊച്ചി മെട്രോ പദ്ധതിയില്‍ ഇല്ല. ജനുവരി എട്ടിലെ അദ്ദേഹത്തിന്റെ സന്ദര്‍ശനം ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ്. നിര്‍മാണ ചുമതല ഡിഎംആര്‍സിക്കല്ലെങ്കില്‍ അടുത്ത ഒരു വര്‍ഷവും നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കില്ല. ഈ വര്‍ഷമാദ്യം കരാര്‍ നല്‍കിയാലും മൂന്നു മുതല്‍ ആറു മാസം വരെ ടെണ്ടര്‍ നടപടികള്‍ക്ക് പോകും.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴ തുടങ്ങിയാല്‍ സിവില്‍ ജോലികളൊന്നും തുടങ്ങാനാകില്ല. ഡിഎംആര്‍സി മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളതിനാല്‍ അവരെ നിര്‍മാണമേല്‍പ്പിച്ചാല്‍ ഇത്രയും കാലതാമസവും തടസവും ഉണ്ടാകാനിടയില്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ടെണ്ടര്‍ നടപടികള്‍ ഉള്‍പ്പെടെ പുര്‍ത്തിയാക്കിയില്ലായിരുന്നെങ്കില്‍ നോര്‍ത്ത് പാലത്തിന്റെ നിര്‍മാണം ഇപ്പോഴും നടക്കില്ലായിരുന്നു. മെട്രോയെ പോലെ അതും തര്‍ക്കങ്ങളില്‍ കുരുങ്ങുമായിരുന്നു. ശ്രീധരനെ അപമാനിച്ച് കത്തെഴുതുകയും മെട്രോയെ വിവാദങ്ങളില്‍ കുരുക്കുകയും ചെയ്ത ടോം ജോസ് ഇപ്പോഴും സര്‍ക്കാരിന് വിശദീകരണം നല്‍കിയിട്ടില്ല. സര്‍ക്കാരിലെ ഉന്നതരുടെ ഒത്താശ അദ്ദേഹത്തിനുള്ളതുകൊണ്ടാണിതെന്നും പി രാജീവ് പറഞ്ഞു.
deshabhimani
Labels:
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment