Wednesday, January 2, 2013

ഐസ് ക്രീം കേസ് അട്ടിമറി: വി എസിന് രേഖകള്‍ നല്‍കണം


കോഴിക്കോട്: ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പുനരന്വേഷണത്തിന്റെ എല്ലാ രേഖകളും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് നല്‍കണമെന്ന് കോടതി. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം പൊലീസ് നല്‍കിയ സാക്ഷിമൊഴികള്‍ അടക്കമുള്ള രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്(ഒന്ന്) പി ടി പ്രകാശനാണ് ഉത്തരവായത്.വി എസിന്റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. വിഎസിനുവേണ്ടി അഡ്വ എന്‍ ഭാസ്കരന്‍ നായര്‍ ഹാജരായി.

 ഐസ് ക്രീം കേസ് എഴുതിത്തള്ളണമെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങള്‍ വിശദമാക്കി നല്‍കിയ പ്രധന ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. ഇത് ജനുവരി17നു പരിഗണിക്കും.

അധികഭൂമി: നടപടി എടുക്കുമോ എന്ന് കോടതി

കൊച്ചി: ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് ഭൂമി കൈവശംവെച്ചിട്ടുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്ന് ഹൈക്കോടതി. കൊച്ചിയിലെ മെഡിസിറ്റി കമ്പനി ഭൂമിയില്‍ കൈമാറ്റം ചെയ്തതായി കാണുന്ന 57 ഏക്കര്‍ മിച്ചഭൂമി വ്യവസഥ മറികടന്നാണോ കൈമാറ്റം ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.ഇക്കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കടമക്കുടിയിലെ മെഡിസിറ്റി ഭൂമിയില്‍ ഭൂസമരം നടത്തുന്നതിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മെഡിസിറ്റി കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ഈ ഭൂമിയിലാണ് ചൊവ്വാഴ്ച ഭൂസമരത്തിന്റെ ഭാഗമായി പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. പ്രതിഷേധം ജനങ്ങളിലെത്തിക്കാനാണ് സമരമെന്ന് കെഎസ്കെടിയു വയക്തമാക്കിയിരിക്കുന്നത്. ഇതിന് അവര്‍ക്ക് അവകാശമില്ലേ എന്നും കോടതി ചോദിച്ചു. ജ. കെ എം ജോസഫ്, ജ. കെ ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ്.

ലോഫ്ളോര്‍ നീട്ടിയത് മന്ത്രിതല തീരുമാനം: കെഎസ്ആര്‍ടിസി

കൊച്ചി: കൊച്ചി നഗരത്തിന് അനുവദിച്ച വോള്‍വോ ലോഫ്ളോര്‍ ബസുകളുടെ സര്‍വീസ് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിച്ചത് മന്ത്രിതലയോഗ തീരുമാനത്തെത്തുടര്‍ന്നാണെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഗതാഗതം-നഗരവികസനകാര്യ മന്ത്രിമാരുടെ സംയുക്ത യോഗതീരുമാനപ്രകാരമാണ് സര്‍വീസ് കൊച്ചിയ്ക്ക് പുറത്തേയ്ക്ക് നീട്ടാന്‍ ആര്‍ടിഒയുടെ അനുമതി തേടിയതെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. ജനറം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊച്ചി നഗരസഭയ്ക്ക് അനുവദിച്ച ബസുകളുടെ സര്‍വീസുകള്‍ നഗരത്തിനു പുറത്തേയ്ക്ക് നീട്ടിയതിനെതിരെ അഭിഭാഷകന്‍ കെ പി പ്രദീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്

deshabhimani

No comments:

Post a Comment