Sunday, January 6, 2013

ഗുജറാത്തിനേക്കാള്‍ മികച്ചത് കേരള മോഡല്‍: അമര്‍ത്യ സെന്‍


ന്യൂഡല്‍ഹി: കേരള വികസനമാതൃക ഗുജറാത്തിനേക്കാള്‍ ഏറെ മികച്ചതാണെന്ന് നൊബേല്‍ സമ്മാനജേതാവും പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. യുഎന്‍ഡിപിയുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെയും സംയുക്തസംരംഭമായ രാജ്യാന്തര മാനവവികസന കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമാതൃകയിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. എന്നാല്‍ മെച്ചപ്പെട്ട ജനജീവിതത്തിന്റെ കാര്യത്തില്‍ കേരളത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ട്.

സാമൂഹിക സൂചികയില്‍ കേരളം ഗുജറാത്തിനേക്കാള്‍ ഏറെ മുന്നിലാണ്. ഗുജറാത്തില്‍ ശരാശരി പ്രതിശീര്‍ഷവരുമാനം 6300 രൂപയും തമിഴ്നാട്ടില്‍ 7000വും ഹിമാചലില്‍ 9042 വും കേരളത്തില്‍ അത് 9987 രൂപയുമാണ്. 2004-05 കണക്കു പ്രകാരം ഗുജറാത്തില്‍ 31.60 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്കുതാഴെയാണ്. തമിഴ്നാട്ടില്‍ അത് 29.4 ശതമാനവും ഹിമാചലില്‍ 22.9 ശതമാനവുമാണ്. എന്നാല്‍, കേരളത്തില്‍ 19.6 ശതമാനം മാത്രമാണെന്നത് ശ്രദ്ധേയമാണ്. അഞ്ചുവയസ്സിന് താഴെയുള്ള ശിശുമരണനിരക്ക് ഗുജറാത്തില്‍ ആയിരം കുട്ടികളില്‍ 60.9 ശതമാനമായിരിക്കുമ്പോള്‍ കേരളത്തില്‍ 16.2 ശതമാനം ആണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേത് പൊതുപങ്കാളിത്ത വികസന മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര ഗ്രാമവികസനമന്ത്രി ജയ്റാം രമേശ് പറഞ്ഞു. ഗുജറാത്തിലേത് ഗുജറാത്തി മാതൃകയാണ്. കേരള മാതൃക കെട്ടിപ്പടുക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ടികള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും വനിതാസംഘടനകള്‍ക്കും പൗരസമൂഹത്തിനും വലിയ പങ്കുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളാണ് ഇതിന് ജന്മം നല്‍കിയതെന്നും ജയ്റാം രമേശ് പറഞ്ഞു.

deshabhimani 070113

No comments:

Post a Comment