Friday, December 20, 2013

ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് അമേരിക്ക

യുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ദേവയാനിയെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്ന ഇന്ത്യയുടെ ആവശ്യവും അമേരിക്ക തള്ളി.

ദേവയാനിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും നിയമത്തില്‍ നിന്ന് ആര്‍ക്കും ഒഴിവാകാന്‍ സാധിക്കില്ലെന്നും യുഎസ് സ്റ്റേറ്റ് വക്താവ് മേരി ഹാര്‍ഫ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസ് പിന്‍വലിക്കാന്‍ ന്യൂയോര്‍ക്കിലെ യുഎസ് അറ്റോര്‍ണി പ്രീത് ബരാരയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും യുഎസ് സ്റ്റേറ്റ് ഓഫീസ് അറിയിച്ചു.

വ്യാഴാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചിരുന്നു. എന്നാല്‍ കേസ് കൈകാര്യം ചെയ്ത രീതിയിലാണ് ഖേദം അറിയിച്ചതെന്നും എന്നാല്‍ ദേവയാനിക്കെതിരായ കേസ് തുടരുമെന്നും മേരി ഹാര്‍ഫ് അറിയിച്ചു.

നടപടി ന്യായീകരിച്ച് യുഎസ് അറ്റോര്‍ണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റുചെയ്തതിനെയും നഗ്നയാക്കി പരിശോധിച്ചതിനെയും ശക്തമായി ന്യായീകരിച്ച് അമേരിക്കന്‍ അറ്റോര്‍ണി പ്രീത് ഭരാര രംഗത്ത്. കസ്റ്റഡിയില്‍ കഴിയവെ അമേരിക്കക്കാര്‍ക്ക് ലഭിക്കാത്ത ഇളവുകള്‍ ദേവയാനിക്ക് നല്‍കിയെന്നും കുട്ടികളുടെ പരിചരണം ഏര്‍പ്പടാക്കാന്‍ ഫോണ്‍ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അമേരിക്കന്‍ വിദേശസെക്രട്ടറി ജോണ്‍കെറി ബുധനാഴ്ച അര്‍ധരാത്രി ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍മേനോനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. ഖേദപ്രകടനമല്ല, അമേരിക്ക മാപ്പ് പറയുകയാണ് വേണ്ടതെന്ന് ഇന്ത്യ പ്രതികരിച്ചതിനു പിന്നാലെയാണ് പുതിയ പ്രകോപനം.

ദേവയാനിയുടെ ശരീരമാകെ പരിശോധിച്ചെന്ന് മാന്‍ഹട്ടനില്‍ ഇന്ത്യന്‍ വംശജനായ സര്‍ക്കാര്‍ അഭിഭാഷകന്‍ ഭരാര പ്രസ്താവനയില്‍ സമ്മതിച്ചു. വനിതകളാണ് പരിശോധിച്ചത്. ദേവയാനിക്ക് കാപ്പി നല്‍കി. ഭക്ഷണം വാഗ്ദാനംചെയ്തു. നിയമം ലംഘിച്ച ഒരാള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ ഇന്ത്യയില്‍ ഇത്ര രോഷം ഉയരുന്നത് അത്ഭുതകരമാണ്. വാദിയായ സംഗീത റിച്ചാര്‍ഡാണ് യഥാര്‍ഥ ഇര. പീഡനം ഒഴിവാക്കാന്‍ സംഗീതയെയും കുടുംബത്തെയും ഇന്ത്യയില്‍നിന്ന് അമേരിക്ക "ഒഴിപ്പിക്കുക"യായിരുന്നു- പ്രസ്താവനയില്‍ പറഞ്ഞു. വീട്ടുജോലിക്കാരി സംഗീതയ്ക്ക് വിസയില്‍ പറഞ്ഞതിലുംകുറഞ്ഞ ശമ്പളം കൊടുത്തതിന് ദേവയാനിയില്‍ ചുമത്തിയത് 10 വര്‍ഷംവരെ തടവു കിട്ടാവുന്ന കുറ്റമാണ്. ദേവയാനിയെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനും സംഗീതയ്ക്കെതിരെ ഡല്‍ഹി കോടതിയില്‍ കേസുണ്ട്. സംഗീതയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വാറന്റ് അമേരിക്കയ്ക്ക് കൈമാറിയിട്ടും നടപടി ഉണ്ടായില്ല. ദേവയാനിയെ അറസ്റ്റുചെയ്യുന്നതിന്റെ തൊട്ടുമുമ്പാണ് സംഗീതയും കുടുംബവും അമേരിക്കയിലെത്തിയത്. കേസില്‍ ഇര ദേവയാനിയാണെന്ന് വിദേശമന്ത്രാലയം പ്രതികരിച്ചു. രാജ്യത്തെ നിയമപ്രകാരം വിചാരണ നേരിടേണ്ട ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ വിദേശരാജ്യത്തിന് എന്താണ് അവകാശമെന്നും ഭരാരെയുടെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്ക മാപ്പ് പറയണമെന്ന് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പാര്‍ലമെന്ററിമന്ത്രി കമല്‍നാഥും പറഞ്ഞു. ദേവയാനിക്ക് എതിരായ കേസ് നിരുപാധികം പിന്‍വലിക്കണമെന്നും സംഗീതയെയും കുടുംബത്തെയും കൈമാറണമെന്നും ഖുര്‍ഷിദ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ ഭരാര കടന്നാക്രമിച്ചിരിക്കുകയാണെന്ന് ദേവയാനിയുടെ അച്ഛന്‍ ഉത്തം ഖൊബ്രഗഡെ പ്രതികരിച്ചു. അമേരിക്കന്‍ വിദേശസെക്രട്ടറി ജോണ്‍ കെറിയുടെ അറിവോടെയാണ് ദേവയാനിയുടെ അറസ്റ്റെന്ന് വ്യക്തമായി. അമേരിക്കന്‍ വിദേശവകുപ്പ് ഉപവക്താവ് മേരി ഹാര്‍ഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെപ്തംബറില്‍ ദേവയാനിക്ക് എതിരായ കേസ് സംബന്ധിച്ച് ഇന്ത്യക്ക് വിവരം നല്‍കിയതായും അവര്‍ അവകാശപ്പെട്ടു. ഇതിനിടെ, അമേരിക്കന്‍ വിസ നിയമപ്രകാരമുള്ള കുറഞ്ഞശമ്പളം നയതന്ത്രജ്ഞരുടെ വീട്ടുജോലിക്കാര്‍ക്ക് നല്‍കുക പ്രായോഗികമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
(സാജന്‍ എവുജിന്‍)

ദേവയാനിയുടെ അറസ്റ്റ് ചട്ടം ലംഘിച്ച്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗെഡെയെ നികൃഷ്ടമായ പരിശോധനയ്ക്കും വിലങ്ങിടലിനും വിധേയയാക്കിയ അമേരിക്കന്‍ പൊലീസ് അന്നാട്ടിലെ ചട്ടങ്ങളും ലംഘിച്ചു. മയക്കുമരുന്നോ ആയുധമോ കള്ളക്കടത്ത് സാമഗ്രികളോ കൈവശംവച്ചതായി സംശയിക്കുന്ന വ്യക്തിയെ മാത്രമേ വസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയമാക്കാവൂ എന്നാണ് അമേരിക്കന്‍ മാര്‍ഷല്‍ സര്‍വീസ് ചട്ടം. വസ്ത്രം പൂര്‍ണമായി നീക്കിയശേഷമുള്ള പരിശോധനയ്ക്കും സ്വകാര്യഭാഗങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണത്തിനും തന്നെ വിധേയയാക്കിയെന്ന് ഐഎഫ്എസിലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ ദേവയാനി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മുതിര്‍ന്ന നയതന്ത്രജ്ഞയുടെ ശരീരത്തില്‍ ഇത്തരം പരിശോധനകള്‍ നടത്തിയതിലൂടെ അമേരിക്ക സ്വന്തം നിയമങ്ങളാണ് ലംഘിച്ചതെന്ന് മുന്‍ ക്യാബിനറ്റ് സെക്രട്ടറിയും 1996-2001 കാലത്ത് അമേരിക്കയില്‍ സ്ഥാനപതിയുമായിരുന്ന നരേഷ് ചന്ദ്ര പറഞ്ഞു. ന്യൂയോര്‍ക്ക് പൊലീസിന്റെ അതിരുവിട്ട നടപടി ന്യായീകരിക്കുന്ന അമേരിക്കന്‍ ബ്യൂറോക്രാറ്റുകള്‍ അവരുടെ തനിസ്വഭാവം പ്രകടിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യചെയ്യുമെന്നോ ഓടിപ്പോകുമെന്നോ അക്രമം കാട്ടുമെന്നോ സംശയിക്കുന്നവരെയാണ് വിലങ്ങിടുക. നയതന്ത്രജ്ഞയെ തെരുവില്‍ അറസ്റ്റുചെയ്ത് വിലങ്ങിട്ടതിന് ന്യായീകരണമില്ലെന്ന് മുന്‍ വിദേശ സെക്രട്ടറി കന്‍വാല്‍ സിബല്‍ പറഞ്ഞു. നിയമം ഏറ്റവും മോശമായ രീതിയില്‍ ദേവയാനിക്കു നേരെ ഉപയോഗിക്കുകയായിരുന്നു. അമേരിക്കയുടെ ഭ്രാന്തമായ മനഃസ്ഥിതിയുടെ തെളിവാണിതെന്ന് മുന്‍ ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള പറഞ്ഞു. വിദേശസെക്രട്ടറി സുജാതസിങ്ങും സംഘവും വാഷിങ്ടണില്‍ ചര്‍ച്ച നടത്തുന്ന സമയത്താണ് ന്യൂയോര്‍ക്കില്‍ നയതന്ത്രജ്ഞ ഹീനമായി അപമാനിക്കപ്പെട്ടത്.

deshabhimani

1 comment:

  1. what are you planning to say here? US govt shouldn't give any legal rights to the poor lady who got cheated by this bureaucrat?

    ReplyDelete