നാലു ദിവസം നീണ്ട ലോകത്തിന്റെ കാത്തിരിപ്പിന് വിരാമം. ജോസഫ് റോബിനെറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ അമേരിക്കയുടെ 46–-ാമത് പ്രസിഡന്റാകാൻ ഭൂരിപക്ഷം ഉറപ്പിച്ചു. ഇന്ത്യൻ വംശജ കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡന്റാകുന്ന ആദ്യ സ്‌ത്രീയാകും.
പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്ടറൽ കോളേജിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ബൈഡന് 290 അംഗങ്ങളായി. ഭൂരിപക്ഷത്തിന് 270 മതി. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത പരാജയമായി. 28 വർഷത്തിനിടെ രണ്ടാമങ്കത്തിൽ പരാജയപ്പെടുന്ന ആദ്യ പ്രസിഡന്റാണ് ട്രംപ്.
ഫലം അറിയാൻ അവശേഷിച്ചിരുന്ന നാല് ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ പെൻസിൽവേനിയ, നെവാഡ എന്നിവ പിടിച്ചതോടെയാണ് ബൈഡന് ഭൂരിപക്ഷമായത്. ഈ സംസ്ഥാനങ്ങളിൽനിന്നുള്ള 26 ഇലക്ടറൽ വോട്ടുകൾ കൂടി ബൈഡന് സ്വന്തമായി. 16 അംഗങ്ങളുള്ള ജോർജിയയിലും മുന്നിലുള്ള ബൈഡന് മൊത്തം 306 ഇലക്ടറൽ വോട്ട് ലഭിച്ചേക്കും. ബൈഡന് ഇതുവരെ 7,48,57,880 ജനകീയ വോട്ടായി. അമേരിക്കൻ ചരിത്രത്തിലെ റെക്കോഡാണിത്. ട്രംപിനേക്കാൾ 43 ലക്ഷത്തോളം അധികം.
ട്രംപിന് ശനിയാഴ്‌ച രാത്രിവരെ (ഇന്ത്യൻ സമയം) 214 ഇലക്ടറൽ വോട്ടാണ് ഉള്ളത്. അദ്ദേഹം മുന്നിലുള്ള ഉത്തര കാരലൈന കൂടി ലഭിച്ചാൽ 229 ആകും. 7.06 കോടിയോളം ജനകീയ വോട്ടുണ്ട്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രംപ് നിയമയുദ്ധം ആരംഭിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരിക്കും ബൈഡൻ. അടുത്ത ജനുവരി 20ന് അധികാരമേൽക്കുമമ്പോൾ 78 തികയും. 1973 മുതൽ 2009 വരെ യുഎസ് സെനറ്ററായിരുന്നു. 2009ൽ ബറാക് ഒബാമയ്‌ക്കു കീഴിൽ രാജ്യത്തിന്റെ 47–-ാമത് വൈസ് പ്രസിഡന്റായി. രണ്ടു തവണയായി എട്ടു വർഷം വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു.
ഉറച്ച പ്രതീക്ഷയോടെ അവസാനംവരെ
അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരെന്ന് ഉറപ്പിക്കാൻ എല്ലാവരും നാല് ചാഞ്ചാട്ട സംസ്ഥാനങ്ങളിലേക്ക് ഉറ്റുനോക്കുമ്പോൾ ജോ ബൈഡന് വിജയത്തിൽ സംശയമുണ്ടായിരുന്നില്ല. താൻ 300ലധികം ഇലക്‌ടറൽ കോളേജ് വോട്ടുകളുടെ പാതയിലാണെന്ന് ബൈഡൻ വെള്ളിയാഴ്‌ച രാത്രി പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്ടറൽ കോളേജിൽ 270 അംഗങ്ങളാണ് ഭൂരിപക്ഷത്തിനാവശ്യം. വോട്ടെണ്ണൽ ഇഴയുന്നതിനാൽ ബൈഡന് 264, റിപബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് 214 എന്ന നിലയിലായിരുന്നു മൂന്ന് ദിവസം.
വെള്ളിയാഴ്‌ച രാത്രി ഡെലവേറിലെ വിൽമിങ്‌ടണിലുള്ള പ്രചാരണ ആസ്ഥാനത്തുനിന്ന് രാഷ്‌ട്രത്തോട് നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചത്. ‘എന്റെ സഹ അമേരിക്കക്കാരെ, അന്തിമ വിജയപ്രഖ്യാപനം ഇനിയും ആയിട്ടില്ല. എന്നാൽ, സംഖ്യകൾ വ്യക്തമായും ബോധ്യപ്പെടുത്തുന്ന തരത്തിലും കഥ പറയുന്നുണ്ട്. ഈ മത്സരം നമ്മൾ ജയിക്കാൻ പോവുകയാണ്’–- ബൈഡൻ പറഞ്ഞു. കമല ഹാരിസും ഒപ്പമുണ്ടായിരുന്നു.
ബൈഡന്റെ മുന്നേറ്റം വ്യക്തമായശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ മടിച്ച ട്രംപ് ട്വീറ്റുകളായി പ്രതികരണങ്ങൾ പുറത്തുവിട്ടു. ബൈഡൻ തെറ്റായി വിജയം അവകാശപ്പെടരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു. നിയമയുദ്ധം ഇതാ ആരംഭിച്ചു എന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, യുഎസ് കോൺഗ്രസിന്റെ പ്രതിനിധിസഭാ സ്‌പീക്കർ നാൻസി പെലൊസി നിയുക്ത പ്രസിഡന്റ് എന്നാണ് ബൈഡനെ വിശേഷിപ്പിച്ചത്.
ഒരുക്കം നേരത്തെ തുടങ്ങി
ബൈഡനും സംഘവും ഭരണമാറ്റത്തിന് മുന്നോടിയായ പരിവർത്തനകാലത്തിലേക്ക് കടന്നു. ശക്തമായ സർക്കാർ രൂപീകരണത്തിന് ബൈഡനെ സഹായിക്കാൻ വിശ്വസ്‌ത സഹായി റ്റെഡ് കോഫ്‌മന്റെ നേതൃത്വത്തിലാണ് ഒരുക്കം. ദീർഘകാലമായി ബൈഡന്റെ വിശ്വസ്‌ത സഹായിയായ കോഫ്‌മൻ 2009ൽ ബൈഡൻ വൈസ് പ്രസിഡന്റായപ്പോൾ ഒഴിവുവന്ന സെനറ്റ് സീറ്റിലേക്ക് അവശേഷിച്ച രണ്ട് വർഷത്തേക്ക് നിയോഗിക്കപ്പെട്ടിരുന്നു.
അമേരിക്കൻ ഭരണസമ്പ്രദായത്തിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കുമ്പോൾ വലിയ മാറ്റങ്ങളാണ് അധികാരസ്ഥാനങ്ങളിൽ ഉണ്ടാവുക. ഒഴിയുന്ന പ്രസിഡന്റും പുതിയ ആളും രണ്ട് പാർടിക്കാരാണെങ്കിൽ പരിവർത്തനകാലത്ത് ഇരട്ടി അധ്വാനം വേണ്ടിവരും. താനാണ് സ്ഥാനാർഥി എന്ന് ഏറെക്കുറെ ഉറപ്പായ ഏപ്രിലിൽതന്നെ പ്രസിഡന്റായാൽ വേണ്ട മാറ്റങ്ങൾക്ക് ഒരുക്കം ആരംഭിക്കാൻ ബൈഡൻ കോഫ്‌മന് നിർദേശം നൽകിയിരുന്നു.
കാബിനറ്റിലും വൈറ്റ്‌ഹൗസിലും മറ്റുമായി നാലായിരത്തോളം നിയമനങ്ങൾ പ്രസിഡന്റ് നടത്തേണ്ടിവരും. അതിൽ 1200ൽപരം നിയമനങ്ങൾക്ക് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. ഓരോരുത്തരുടെയും പശ്ചാത്തലം പരിശോധിക്കണം. സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ഉറപ്പില്ലാത്തതിനാൽ റിപബ്ലിക്കൻ സെനറ്റർമാർക്ക് കൂടി സ്വീകാര്യരായവരെ കണ്ടെത്തേണ്ടിവരും. ദീർഘകാലം സെനറ്ററായിരുന്ന ബൈഡന് എതിർപക്ഷത്തും നല്ല ബന്ധങ്ങളുള്ളതിനാൽ കാര്യങ്ങൾ കുറച്ചൊക്കെ സുഗമമായേക്കും.
എന്നാൽ, സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ സഹകരണവും പ്രധാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഫലമറിഞ്ഞ് ഒരാഴ്‌ചയ്‌ക്കകം അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ ഡോണൾഡ് ട്രംപിനെ കണ്ട് ഒരുക്കങ്ങൾ ആരാഞ്ഞു. എന്നാൽ, അധികാരം നിലനിർത്താൻ എന്തും ചെയ്യാൻ ഒരുങ്ങിനിൽക്കുന്ന ട്രംപിൽനിന്ന് സഹകരണം പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയിലാണ് ബൈഡൻ.
പ്രസിഡന്റ് തോൽക്കുന്നത് 28 വർഷത്തിനുശേഷം
അമേരിക്കയിൽ 28 വർഷത്തിനു ശേഷമാണ് നിലവിലെ പ്രസിഡന്റ് രണ്ടാമങ്കത്തിൽ പരാജയപ്പെടുന്നത്. രണ്ടാംവട്ടം തുടരാനാകാതെ പരാജയപ്പെട്ട അപമാനിതരുടെ നിരയിലാകും ചരിത്രത്തിൽ ഇനി ട്രംപിന് സ്ഥാനം.
1992ൽ ബിൽ ക്ലിന്റനോട് പരാജയപ്പെട്ട ജോർജ് ബുഷ് സീനിയറിനായിരുന്നു മുമ്പ് ഈ അപമാനം ഏറ്റുവാങ്ങേണ്ടിവന്നത്.23.9 കോടി വോട്ടർമാരിൽ 16 കോടിയോളം ആളുകൾ ഇത്തവണ വോട്ട് ചെയ്‌തു. ഇത് സർവകാല റെക്കോഡാണ്.അമേരിക്കയിലെ 50 സംസ്ഥാനത്തായാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും വിജയി ആരെന്ന് നിശ്ചയിക്കുന്നത് 12 ചാഞ്ചാട്ട സംസ്ഥാനമാണ്. ഇത്തവണ ഫലമറിഞ്ഞ 10 ചാഞ്ചാട്ട സംസ്ഥാനത്തിൽ ആറെണ്ണം ബൈഡൻ പിടിച്ചപ്പോൾ ട്രംപിനു ലഭിച്ചത് നാലെണ്ണം. ഫലം അറിയാനുള്ള രണ്ടെണ്ണത്തിൽ രണ്ടുപേരും ഓരോ സംസ്ഥാനത്ത് മുന്നിലാണ്.
28 വർഷമായി ഒരു ഡെമോക്രാറ്റിക് സ്ഥാനാർഥി പോലും വിജയിച്ചിട്ടില്ലാത്ത ജോർജിയ, മിഷിഗൻ എന്നിവ പിടിച്ചതാണ് ബൈഡന് നേട്ടമായത്. അതിനൊപ്പം കഴിഞ്ഞതവണ ഡെമോക്രാറ്റുകളിൽനിന്ന് ട്രംപ് പിടിച്ചെടുത്ത പെൻസിൽവേനിയയടക്കം മൂന്നു സംസ്ഥാനം തിരിച്ചുപിടിച്ചു.
No comments:
Post a Comment