‘‘മുപ്പത്തഞ്ച് വയസ്സായാൽ നിനക്കും അമേരിക്കൻ പ്രസിഡന്റാകാം.’ നാലുവയസ്സുകാരി അമാരയുമായുള്ള കമലാ ഹാരിസിന്റെ സംഭാഷണം ലോകം ഏറ്റെടുത്തുകഴിഞ്ഞു. അമേരിക്കയെ വംശീയമായി വിഭജിച്ച ഡോണൾഡ് ട്രംപിനെ ബൈഡനൊപ്പം പൊരുതിത്തോൽപ്പിച്ച് രാജ്യത്തിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റാകുന്ന ഇന്ത്യൻ–- ആഫ്രിക്കൻ വംശജയ്‌ക്ക് അതേ പശ്ചാത്തലമുള്ള പെൺകുഞ്ഞിനോട് പറയാവുന്ന ഏറ്റവും നല്ല വാക്കുകൾ. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവും തുടർന്നുണ്ടായ സർക്കാർ സ്‌പോൺസേർഡ് അതിക്രമങ്ങളും അരക്ഷിതാവസ്ഥയിലാക്കിയ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും കുടിയേറ്റ തൊഴിലാളികൾക്കും എല്ലാവരെയും ചേർത്തുനിർത്തുന്ന കമലയുടെ വിജയം ഒരുപോലെ ആശ്വാസമാകുന്നു.
ചെന്നൈയിൽനിന്ന് അമേരിക്കയിലെത്തിയ ആദ്യകാലങ്ങളിൽ വംശീയാധിക്ഷേപം ഏറെ അനുഭവിച്ച അമ്മ ശ്യാമളാ ഗോപാലനായിരുന്നു എന്നും പ്രചോദനം. ‘നിങ്ങൾ ഇന്ത്യാക്കാരാണ്. കറുത്തവരുമാണ്. ഇതിൽ ഏതെങ്കിലും ഒന്നാണെന്നൊ, മറിച്ചോ, നിങ്ങൾ തെളിയിക്കേണ്ട കാര്യമില്ല’. ആ വാക്കുകളുടെ കരുത്തിൽ ഇന്ത്യൻ–- ജമൈക്കൻ വംശജയായ കമല ദേവി ഹാരിസ് ഒരു ദേശീയ കക്ഷിയുടെ വൈസ് പ്രസിഡന്റ് ‘സ്ഥാനാർഥി’യാകുന്ന ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ ഇന്ത്യൻ വംശജയും മൂന്നാമത്തെ സ്ത്രീയുമായി.
വൈസ് പ്രസിഡന്റ് ‘സ്ഥാനാർഥി’യാകുന്നതിന് മുമ്പേതന്നെ അമേരിക്കക്കാർക്ക് സുപരിചിത. 2004മുതൽ 2011വരെ സാൻ ഫ്രാൻസിസ്‌കോ ജില്ലാ അറ്റോർണി. തുടർന്ന് 2017വരെ കലിഫോർണിയ അറ്റോർണി ജനറൽ. 2017ൽ കലിഫോർണിയയിൽനിന്ന് സെനറ്റിലെത്തി. സെനറ്റിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വനിതയുമായി. നിയമം, ഇന്റലിജൻസ്, സുരക്ഷ, സർക്കാർ വ്യവഹാരം, ബജറ്റ് കമ്മിറ്റികളിലെ അംഗം. അറ്റോർണി ജനറൽ ബിൽ ബാർ, ഫെയ്‌സ്‌ബുക് സിഇഒ മാർക്ക് സുക്കർബെർഗ് തുടങ്ങിയ പ്രമുഖരെ ചോദ്യം ചെയ്തു. ലൈംഗികാരോപണം നേരിട്ട ബ്രെറ്റ് കാവനായെ ചോദ്യം ചെയ്തത് കമലയെ ട്രംപിന്റെ കണ്ണിലെ കരടാക്കി. തന്റെ അനുകൂലിയായ കാവനായെ ട്രംപ് സുപ്രീംകോടതി അസോസിയേറ്റ് ജഡ്‌ജായി നിർദേശിച്ചിരുന്നു.
അധിക്ഷേപങ്ങൾ വകവയ്‌ക്കാതെ
2019ൽ പ്രസിഡന്റ് പദവി ലക്ഷ്യമാക്കി പ്രചാരണം ആരംഭിച്ച കമല പിന്നീട് പിൻവാങ്ങി. ആഗസ്ത് 11ന് ജോ ബൈഡന്റെ ‘റണ്ണിങ് മേറ്റാ’യി. പ്രചാരണത്തിലുടനീളം ട്രംപ് കമലയെ വ്യക്തിപരമായും വംശീയമായും ആക്രമിച്ചു. പേരിന്റെ ഉച്ചാരണത്തിൽത്തുടങ്ങി ‘പ്രസിഡന്റ് പദവിയിൽ സ്ത്രീയെ അനുവദിച്ചുകൂടാ’യെന്ന സ്ത്രീവിരുദ്ധ പരാമർശംവരെയുണ്ടായി.
ഇതൊന്നും കമലയെ കുലുക്കിയില്ല. ‘സ്ത്രീകളോട് ‘നിങ്ങളുടെ സമയമായിട്ടില്ല,’ ‘ഇത് നിങ്ങളുടെ ഇടമല്ല’ എന്ന് പറയുന്നവരുണ്ടാകും. ഇത്തരം നെഗറ്റീവ് ചിന്തകളെ പ്രഭാതഭക്ഷണത്തിനൊപ്പം വിഴുങ്ങിക്കളയുക. അതോടെ മറന്നേക്കുക. പുതിയ തുടക്കത്തിനും നേതൃനിരയിലേക്ക് വരാനും ആരുടെയും അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ല.’
ഇഡലി, സാമ്പാർ
അമേരിക്കയിൽ വളർന്നെങ്കിലും തന്റെ ഇന്ത്യൻ വേരുകളുമായി പരിചയത്തിലായത് ക്യാൻസർ വിദഗ്‌ധയായിരുന്ന അമ്മ ശ്യാമളയിൽനിന്നാണ്. ചൂടൻ ഇഡ്‌ലിയും സ്വയമ്പൻ സാമ്പാറും ടിക്കയും ജീവിതത്തിന്റെ ഭാഗമായി. മുത്തച്ഛനും നയതന്ത്രജ്ഞനുമായ പി വി ഗോപാലനിൽനിന്നാണ് കുട്ടിക്കാലത്ത് സ്വാതന്ത്ര്യസമര സേനാനികളുടെ കഥകൾ കേട്ടത്.
ജമൈക്കക്കാരനും സാമ്പത്തിക വിദഗ്‌ധനുമായ അച്ഛൻ ഡോണൾഡ് ഹാരിസിന്റെ വരുമാന അസമത്വത്തെക്കുറിച്ചുള്ള പഠനങ്ങൾ കമലയ്‌ക്കും പുതിയ അറിവുകളേകി. 2016ൽ ഹിലരി ക്ലിന്റന്റെ സീനിയർ ഉപദേഷ്ടാവായിരുന്ന അനുജത്തി മായാ ലക്ഷ്‌മി ഹാരിസും അവരുടെ മകളും അഭിഭാഷകയുമായ മീനയും പ്രചാരണത്തിലുടനീളം കമലയുടെ ശക്തികേന്ദ്രങ്ങളായി. 2014ലായിരുന്നു അഭിഭാഷകനായ ഡഗ്ലസ് എമ്മോഫുമായുള്ള വിവാഹം. കുട്ടികളില്ല. ഡഗ്ലസിന് ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.
വി കെ അനുശ്രീ
No comments:
Post a Comment