ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് വീണ്ടും ഐഎസ്ആര്‍ഒയുടെ കുതിപ്പ്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയില്‍ ജിഎസ്എല്‍വി ഡി-5ന്റെ വിക്ഷേപണം ചരിത്രവിജയം. അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-14 നെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് ഞായറാഴ്ച വൈകിട്ട് 4.18 നായിരുന്നു വിക്ഷേപണം. തുടര്‍ന്ന് പതിനെട്ടാം മിനിറ്റില്‍ ജിഎസ്എല്‍വി ദൗത്യം പൂര്‍ത്തിയാക്കി. ഇതോടെ ക്രയോജനിക് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ. ചൈന, റഷ്യ, അമേരിക്ക, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എന്നിവയാണ് ഈ പട്ടികയിലുള്ളത്. മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം എല്ലാ പഴുതുകളും അടച്ചുള്ള വിക്ഷേപണമാണ് ഞായറാഴ്ച നടന്നത്. ഉച്ചയോടെ ക്രയോഘട്ടത്തില്‍ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കി. 29 മണിക്കൂര്‍ കൗണ്ട് ഡൗണിന്റെ അവസാന മിനിറ്റുകളില്‍ വിക്ഷേപണ ചുമതല പൂര്‍ണമായും കംപ്യൂട്ടര്‍ സംവിധാനം ഏറ്റെടുത്തു.
റോക്കറ്റിന്റെ ആദ്യഘട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പന്ത്രണ്ടാം മിനിറ്റില്‍ ഏറ്റവും സങ്കീര്‍ണമായ ക്രയോജനിക് ഘട്ടവും ആശങ്കയില്ലാതെ ജ്വലിച്ചു. ഇതോടെ ശ്രീഹരിക്കോട്ടയില്‍ ആഹ്ലാദം നിറഞ്ഞു. തുടര്‍ന്ന് ജിസാറ്റ്-14 ഉപഗ്രഹം 35,000 കിലോമീറ്റര്‍ ദൂരത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് നീങ്ങി. എല്ലാം നേരത്തെ നിശ്ചയിച്ചപോലെ തന്നെ. ആദ്യചൊവ്വാ ദൗത്യ പേടകം സങ്കീര്‍ണമായ യാത്ര ലക്ഷ്യത്തിലേക്ക് തുടരുന്നതിനിടെയാണ് ജിഎസ്എല്‍വി ഡി-5 നേട്ടമെന്നതും പ്രത്യേകതയാണ്. കാലാവധി പൂര്‍ത്തിയായ എഡ്യൂസാറ്റിന്റെ പകരക്കാരനാണ് ജിസാറ്റ്-14. ഉപഗ്രഹത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്റര്‍നെറ്റ്, ടെലിവിഷന്‍, ടെലിമെഡിസിന്‍, വിദ്യാഭ്യാസം തുടങ്ങി ആശയവിനിമയ മേഖലയില്‍ പുതിയ സാധ്യതകള്‍ ഉപഗ്രഹം തുറക്കും. 12 വര്‍ഷമാണ് പ്രവര്‍ത്തനകാലാവധി. പൂര്‍ണമായി ഐഎസ്ആര്‍ഒയാണ് ഉപഗ്രഹം വികസിപ്പിച്ചത്. ജിഎസ്എല്‍വി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും തിരുവനന്തപുരം വിഎസ്എസ്സിയിലാണ്. ക്രയോഎന്‍ജിന്‍ വികസിപ്പിച്ചത് വലിയമല എല്‍പിഎസ്സിയിലും മഹേന്ദ്രഗിരിയിലും. 300 കോടിയാണ് വിക്ഷേപണച്ചെലവ്.
ഐഎസ്ആര്‍ഒ ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, വിഎസ്സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍, വലിയമല എല്‍പിഎസ്സി ഡയറക്ടര്‍ എം സി ദത്തന്‍, സതീഷ്ധവാന്‍ സ്പേസ് സെന്റര്‍ ഡയറക്ടര്‍ എം വൈ എസ് പ്രസാദ്, ഐസാക് ഡയറക്ടര്‍ എസ്കെ ശിവകുമാര്‍, ഡോ. യശ്പാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിക്ഷേപണത്തിന് സാക്ഷിയാകാന്‍ ശ്രീഹരിക്കോട്ടയിലുണ്ടായിരുന്നു.
ഐഎസ്ആര്‍ഒ കുതിച്ചു; തോറ്റത് യുഎസ് ഉപരോധം
അമേരിക്കന്‍ ഉപരോധത്തെ പ്രതിരോധിച്ച കരുത്തില്‍ ഐഎസ്ആര്‍ഒക്ക് ചരിത്രവിജയം. രണ്ട് ദശാബ്ദം നീണ്ട ഗവേഷങ്ങള്‍ക്കൊടുവില്‍ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിഎസ്എല്‍വി ഡി-5 റോക്കറ്റിന്റെ വിക്ഷേപണ വിജയം ബഹിരാകാശ ഗവേഷണരംഗത്ത് വഴിത്തിരിവാകും. നാലായിരം കിലോ വരെയുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തിക്കാനുള്ള ശേഷി ഇതു വഴി ഐഎസ്ആര്‍ഒക്ക് സ്വന്തമാകും. ഈ നേട്ടം ഗോളാന്തര പര്യവേഷണങ്ങളിലടക്കം വന്‍കുതിപ്പിന് വഴിതുറക്കുകയും വാണിജ്യ വിക്ഷേപണ രംഗത്ത് ഐഎസ്ആര്‍ഒയുടെ മത്സരക്ഷമത കുതിച്ചുയരുകയും ചെയ്യും.
അമേരിക്കന്‍ ഉപരോധത്തെതുടര്‍ന്നാണ് ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമമാരംഭിച്ചത്. സാങ്കേതിക വിദ്യ ഐഎസ്ആര്‍ഒക്ക് കൈമാറരുതെന്ന് റഷ്യയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്നായിരുന്നു ഇതിന് ന്യായമായി ഉന്നയിച്ചത്. അമേരിക്കന്‍ സമ്മര്‍ദ്ദത്താല്‍ സാങ്കേതികവിദ്യ കൈമാറുന്ന 1990ലെ കരാറില്‍നിന്ന് റഷ്യ പിന്മാറി. കഠിനാധ്വാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കരുത്തുമായാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രലോകം ഈ പ്രതിസന്ധി നേരിട്ടത്. അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ ശാസ്ത്രലോകത്തിന്റെ വേറിട്ട വഴിയായിരുന്നു ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസ് ഇടക്ക് പദ്ധതിയുടെ താളം തെറ്റിച്ചെങ്കിലും ശ്രമം തുടര്‍ന്നു. ജിഎസ്എല്‍വിയുടെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് 2010 ഏപ്രില്‍ 15ന് നടത്തിയ ജിഎസ്എല്‍വി വിക്ഷേപണം പരാജയമായി. ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നു. ഡിസംബര്‍ 25ന് റഷ്യന്‍ ക്രയോ എന്‍ജിന്‍ ഉപയോഗിച്ചുള്ള രണ്ടാം വിക്ഷേപണവും വിജയമായില്ല. ഫ്യൂവല്‍ ബൂസ്റ്റര്‍ ടര്‍ബോ പമ്പിന്റെ തകരാര്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരാജയങ്ങള്‍ക്ക് കാരണമായി. ആഗസ്റ്റ് 19ന് ഇന്ധനചോര്‍ച്ച കാരണം ജിഎസ്എല്‍വി ഡി -5 ന്റെ വിക്ഷേപണം അവസാന മണിക്കൂറില്‍ മാറ്റിയിരുന്നു.
പഴുതടച്ച നിരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചത്. റഷ്യയുടെതിനേക്കാള്‍ മികവുള്ള എന്‍ജിനെന്ന ലക്ഷ്യത്തിനായി ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 35ലധികം ഗ്രൗണ്ട് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് ക്രയോ എഞ്ചിന് പച്ചക്കൊടി ലഭിച്ചത്. ഇപ്പോഴത്തെ വിക്ഷേപണവാഹനമായ പിഎസ്എല്‍വി റോക്കറ്റുകള്‍ ഉപയോഗിച്ച് 1.8 ടണ്‍ വരെയുള്ള ഉപഗ്രഹങ്ങള്‍മാത്രമേ വിക്ഷേപിക്കാനാവൂ. ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമായതോടെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഐഎസ്ആര്‍ഒയുടെ പദ്ധതികള്‍ക്കും ഇത് ഗുണകരമാകും. മറ്റുരാജ്യങ്ങളുടെതടക്കം ഭാരം കൂടിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക വഴി വിക്ഷേപണ വിപണിയില്‍ ഐഎസ്ആര്‍ഒക്ക് വന്‍ സാധ്യതകള്‍ തെളിയും.
(ദിലീപ് മലയാലപ്പുഴ)
deshabhimani
No comments:
Post a Comment