Wednesday, December 18, 2013

നയതന്ത്രജ്ഞയുടെ അറസ്റ്റ്; പാര്‍ലമെന്റിലും കടുത്ത പ്രതിഷേധം

ദേവയാനി ഖൊബ്രഗഡയ്ക്ക് നേരെയുണ്ടായ ഹീനമായ അമേരിക്കന്‍ നടപടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ വിഷയം പാര്‍ലമെന്റിലും കടുത്ത പ്രതിഷേധത്തിനിടയാക്കി. അമേരിക്കയുടെ ലോക പൊലീസ് ചമയലിന് ഉദാഹരണമാണ് ദേവയാനിയ്ക്ക് നേരെയുണ്ടായ നടപടിയെന്നും ഇത് ഇന്ത്യയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതാണെന്നും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞു. പരസ്പര ബഹുമാനം നിലനിര്‍ത്താന്‍ അമേരിക്ക തയ്യാറാകണം. സംഭവത്തില്‍ ഇന്ത്യ കാര്യമായി പ്രതിഷേധിച്ചില്ലെന്നും യെച്ചൂരി പറഞ്ഞു. അമേരിക്കന്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപി പ്രതികരിച്ചു. ഇന്ത്യയുടെ വിദേശനയം പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ദേവയാനി ദളിത് യുവതിയായതിനാലാണോ അപമാനിക്കപ്പെട്ടതെന്ന് ബിഎസ്പി നേതാവ് മായാവതി ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരുടെ വിമാനത്താവള പാസുകളും തിരിച്ചുവാങ്ങുകയും എംബസിയിലേക്ക് മദ്യവും ഭക്ഷണവും ഇറക്കുമതിചെയ്യുന്നതിനുള്ള അനുമതിയും പിന്‍വലിക്കുകയും ചെയ്തു. കോണ്‍സുലേറ്റുകളിലെ പ്രതിനിധികളോട് അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മടക്കിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ കാര്‍ഡുകള്‍ മടക്കുന്നതോടെ ഇവര്‍ക്ക് നയതന്ത്രപരിരക്ഷ ഇല്ലാതാകും. ന്യായമാര്‍ഗിലെ അമേരിക്കന്‍ എംബസിക്കുമുന്നിലെ ബാരിക്കേഡുകള്‍ നീക്കി. പൊലീസ് പിക്കറ്റ് തുടരും.

ഇന്ത്യയിലെ എല്ലാ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഇന്ത്യക്കാരായ ജീവനക്കാരുടെയും വീട്ടുജോലിക്കാരുടെയും ശമ്പളവിവരങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ അമേരിക്കന്‍ സ്കൂളുകളിലെയും അധ്യാപകരുടെ വിസ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഇന്ത്യക്കാരായ ജീവനക്കാരുടെ ശമ്പളവിവരങ്ങളും നല്‍കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

കഴിഞ്ഞദിവസം സ്പീക്കര്‍ മീരാകുമാറും ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര്‍ മേനോനും ഇതേ സംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥകൂടിയായ മീരാകുമാര്‍ ഇന്ത്യന്‍ നയതന്ത്രജ്ഞയോട് അമേരിക്കന്‍ അധികൃതര്‍ കാട്ടിയ ക്രൂരതയില്‍ അത്യന്തം ക്ഷുഭിതയാണ്. കഴിഞ്ഞ ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തവരും ന്യൂയോര്‍ക്ക് അധികൃതരും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞനായ രാജീവ് ദോഗ്ര പ്രതികരിച്ചു.

എംബസിക്കെതിരായ ഇന്ത്യന്‍ നടപടി ചോദ്യം ചെയ്ത് അമേരിക്ക

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയ്ക്കെതിരായ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് എംബസികള്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ചോദ്യം ചെയ്ത് അമേരിക്ക രംഗത്തെത്തി. ഇന്ത്യ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ദേവയാനിക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ നയതന്ത്രജ്ഞരുടെ വിമാനത്താവള പാസുകള്‍ ഇന്ത്യ തിരിച്ചുവാങ്ങുകയും എംബസിയിലേക്ക് മദ്യവും ഭക്ഷണവും ഇറക്കുമതിചെയ്യുന്നതിനുള്ള അനുമതി പിന്‍വലിക്കുകയും ചെയ്തിരുന്നു. ന്യായമാര്‍ഗിലെ അമേരിക്കന്‍ എംബസിക്കുമുന്നിലെ ബാരിക്കേഡുകള്‍ ഇന്ത്യ നീക്കുകയും ചെയ്തു.

ഇന്ത്യയിലെ എല്ലാ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഇന്ത്യക്കാരായ ജീവനക്കാരുടെയും വീട്ടുജോലിക്കാരുടെയും ശമ്പളവിവരങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കടുത്ത നടപടികളാണ് അമേരിക്കയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

deshabhimani

No comments:

Post a Comment