ഹവാനയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന സെഷനില്‍ സംസാരിക്കുകയായിരുന്നു റൗള്‍. ഇരു രാജ്യങ്ങളുടെയും വൈജാത്യങ്ങള്‍ അംഗീകരിച്ച് സമാധാനത്തോടെ ജീവിക്കാന്‍ പഠിക്കണം. പരസ്പര ബന്ധം മെച്ചപ്പെടണമെങ്കില്‍ ഇത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഉഭയകക്ഷി ബന്ധം സുഗമമാവുകയില്ല. 55 വര്‍ഷം കഴിഞ്ഞതുപോലെ ഇനിയും തുടരാന്‍ ക്യൂബ തയ്യാറാണ്. അമേരിക്കയുടെ രാഷ്ട്രീയ-സാമൂഹ്യ സമ്പ്രദായങ്ങള്‍ മാറണമെന്ന് ക്യൂബ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ക്യൂബയുടെ നിലപാടുകളും പ്രവര്‍ത്തനവും മാറ്റണമെന്ന് ശഠിക്കാന്‍ അമേരിക്കയ്ക്കും അധികാരമില്ല.
ക്യൂബയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും റൗള്‍ കാസ്ട്രോ പറഞ്ഞു. അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്‍സണ്‍ മണ്ടേലയുടെ സംസ്കാരച്ചടങ്ങിനിടെ റൗള്‍ കാസ്ട്രോയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പരസ്പരം ഹസ്തദാനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ നീക്കുപോക്കുകള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകളും പരന്നിരുന്നു. ക്യൂബയുമായി അരനൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ശത്രുത അവസാനിപ്പിക്കാന്‍ സമയമായെന്ന് ഒബാമ ഈയിടെ അഭിപ്രായപ്പെടുകയുംചെയ്തു.
ഈ സാഹചര്യത്തിലാണ് റൗള്‍ നിലപാട് വ്യക്തമാക്കിയത്. വിപ്ലവാനന്തരം ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് 1961 മുതല്‍ അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്രബന്ധമില്ല. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി തങ്ങളെ മുട്ടുകുത്തിക്കാനുള്ള അമേരിക്കയുടെ ശ്രമത്തെ ഓരോ മേഖലയിലും സ്വയംപര്യാപ്തത നേടിയാണ് കമ്യൂണിസ്റ്റ് ക്യൂബ മറികടന്നത്. ജീവന്‍രക്ഷാമരുന്നുകള്‍പോലും അമേരിക്ക വിലക്കിയപ്പോള്‍ ക്യൂബ സ്വയം വളര്‍ത്തിയെടുത്ത ആരോഗ്യമേഖല ഇപ്പോള്‍ ലോകത്തിന് മാതൃകയായി.
കാസ്ട്രോയെ മഡുറോ കണ്ടു
ഹവാന: അനശ്വരനായ വിപ്ലവപോരാളി ഹ്യൂഗോ ഷാവേസിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയും വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയും കൂടിക്കാഴ്ച നടത്തി. ഹവാനയില്‍ ഫിദലിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച മണിക്കൂറോളം നീണ്ടു. വെനസ്വേലയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടി മികച്ച വിജയം ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ തന്നെ കാണാനെത്തിയ മഡുറോയെ കാസ്ട്രോ പിതൃസഹജമായ വത്സല്യത്തോടെ സ്വീകരിച്ചു. 1994 ഡിസംബര്‍ 14നാണ് കാസ്ട്രോയും ഹ്യൂഗോ ഷാവേസും ആദ്യമായി തമ്മില്‍ കണ്ടത്. ഇതിന്റെ ഓര്‍മകള്‍ കാസ്ട്രോ മഡുറോയുമായി പങ്കുവച്ചു. 2004 ഡിസംബര്‍ 14ന് രൂപീകരിച്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ അല്‍ബയുടെ ഒമ്പതാം വാര്‍ഷികത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് മഡുറോയെ ഓര്‍മിപ്പിച്ച കാസ്ട്രോ ലാറ്റിനമേരിക്കയുടെ ഐക്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. സൈമണ്‍ ബൊളിവറിനെക്കുറിച്ചുള്ള ജനറല്‍ ഒ ലെറിയുടെ സമ്പൂര്‍ണ കൃതികള്‍ മഡുറോ കാസ്ട്രോയ്ക്ക് സമ്മാനിച്ചു.
deshabhimani
No comments:
Post a Comment