Sunday, March 17, 2013

കൊച്ചി ബിനാലെ ഒന്നാംപതിപ്പിന് ഇന്ന് കൊടി താഴും


സമകാല കലയുടെ പുതിയ ചിന്തകളും വര്‍ണങ്ങളും ലോകത്തിനുമുന്നില്‍ അവശേഷിപ്പിച്ച് കൊച്ചി മുസിരിസ് ബിനാലെയുടെ ഒന്നാംപതിപ്പിന് ഇന്ന് കൊടി താഴും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ബിനാലെയുടെ രണ്ടാം പതിപ്പിന് 2014 ഡിസംബറില്‍ കൊച്ചിയില്‍ വീണ്ടും കൊടിയുയരും. ഞായറാഴ്ച വൈകിട്ട് ആറിന് കേന്ദ്രമന്ത്രി കെ വി തോമസ് ആസ്പിന്‍വാള്‍ ഹൗസില്‍ കൊടിയിറക്കും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മേയര്‍ ടോണി ചമ്മണി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാകാരന്മാര്‍ വാസ്കോഡഗാമ സ്ക്വയറില്‍ എത്തി നന്ദി പറയും.

കുറഞ്ഞ ചെലവില്‍ കൊച്ചിയുടെ സാംസ്കാരിക ബഹുസ്വരതയെയും തനിമയെയും ബിനാലെകളുടെ ചരിത്രത്തില്‍ അടയാളപ്പെടുത്താനായതാണ് പ്രധാന നേട്ടമെന്ന് ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂറുദിവസത്തെ ബിനാലെയുടെ ആരംഭത്തിലുണ്ടായ വിവാദങ്ങള്‍ നടത്തിപ്പില്‍ വളരെയേറെ പ്രയാസങ്ങളുണ്ടാക്കിയെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. പിന്തുണ വാഗ്ദാനംചെയ്ത സ്പോണ്‍സര്‍മാര്‍ ഉള്‍പ്പെടെ പിന്മാറി. അതിന്റെ ഭാഗമായി ബിനാലെക്ക് അനുബന്ധമായി സംഘടിപ്പിക്കാനിരുന്ന പരിപാടികള്‍ പലതും ഒഴിവാക്കി. സര്‍ക്കാരില്‍നിന്ന് അഞ്ചുകോടി രൂപയുടെ സഹായം മാത്രമാണ് കിട്ടിയത്. മൂന്നുമാസത്തെ പ്രദര്‍ശനം അവസാനിപ്പിച്ച് പിരിയുമ്പോള്‍ ബിനാലെയുടെ മൊത്തം ചെലവ് 15 കോടിയാണ്. ഇതില്‍ ഏഴുകോടി രൂപ പലര്‍ക്കായി മടക്കിക്കൊടുക്കാനുള്ളതാണ്. ഇതിനെയെല്ലാം നേരിട്ട് രാജ്യത്തെ ആദ്യ ബിനാലെ വന്‍ വിജയമായി. ചുമട്ടുതൊഴിലാളികള്‍മുതല്‍ ഓട്ടോഡ്രൈവര്‍മാരും ഹോംസ്റ്റേകളുടെ നടത്തിപ്പുകാരുംവരെയുള്ളവര്‍ നല്‍കിയ പിന്തുണയാണ് അതിനുപിന്നില്‍. ഇവിടുത്തെ വലിയ കലാകാരന്മാര്‍ക്കുള്ള ദക്ഷിണയായി ബിനാലെയെ സമര്‍പ്പിക്കുകയാണെന്നും റിയാസ് കോമു പറഞ്ഞു.

കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച നാല് ഇന്‍സ്റ്റലേഷനുകള്‍ ഷാര്‍ജ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കൊണ്ടുപോകുന്നുണ്ട്. സുബോധ് ഗുപ്തയുടെ ഇന്‍സ്റ്റലേഷന്‍ ലണ്ടനിലേക്ക് കൊണ്ടുപോയി. പട്ടണം ഉല്‍ഖനനത്തിലെ ശേഷിപ്പുകള്‍ ഉപയോഗിച്ച് വിവാന്‍ സുന്ദരം തീര്‍ത്ത ഇന്‍സ്റ്റലേഷന്‍ ഡല്‍ഹിയിലേക്കും ടി വെങ്കണ്ണയുടെയും സുദര്‍ശന്‍ ഷെട്ടിയുടെയും സൃഷ്ടികള്‍ മുംബൈലേക്കും കൊണ്ടുപോകും. പ്രദര്‍ശനവേദിയായിരുന്ന പെപ്പര്‍ഹൗസ് അടുത്ത ബിനാലെവരെ ഉപയോഗിക്കാന്‍ അതിന്റെ ഉടമ വിട്ടുതന്നതായും റിയാസ് കോമു പറഞ്ഞു. ബിനാലെ രണ്ടാം പതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും. അതിന്റെ ക്യുറേറ്ററെ തീരുമാനിച്ചിട്ടില്ലെന്നും ഫൗണ്ടേഷന്‍ പ്രസിഡന്റും ഒന്നാംപതിപ്പിന്റെ ക്യുറേറ്ററുമായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഫൗണ്ടേഷന്‍ ട്രസ്റ്റി ബോണി തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 170313

No comments:

Post a Comment