Friday, November 1, 2013

സര്‍ക്കാര്‍ അവഹേളിച്ച സരോദ്വാദകന്‍ പാര്‍ത്ഥോയ്ക്ക് "ബീം"വേദിയൊരുക്കും

കൊച്ചി: രാജ്യത്തെ ശ്രദ്ധേയനായ യുവ സരോദ്വാദകന്‍ പാര്‍ത്ഥോ സരോഡിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവഹേളനം. സര്‍ക്കാര്‍തന്നെ ക്ഷണിച്ചുവരുത്തിയ അദ്ദേഹത്തിന് ഒടുവില്‍ വേദി നിഷേധിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വേദിയൊരുക്കാന്‍ ബാങ്ക് ജീവനക്കാരുടെ കലാസംഘടനയായ ബീം തയ്യാറായതോടെ കേരളത്തിന്റെ മണ്ണില്‍ പാര്‍ത്ഥോ സരോഡിക്ക് അപമാനം ഒഴിവായി.

സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം "കേരള ഖരാന" എന്ന സംഘടനയാണ് പാര്‍ത്ഥോയെ കേരളത്തില്‍ കൊണ്ടുവരുന്നത്. കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്നുമുതല്‍ 13 വരെയാണ് അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം. മൂന്നിന് എറണാകുളത്ത് ആദ്യ പരിപാടി തീരുമാനിച്ചു. സര്‍ക്കാരിന്റെ പ്രതിനിധികളായ കലക്ടറോടും ജില്ലാ ടൂറിസം വികസന സമിതി ഭാരവാഹികളോടും ആലോചിച്ചാണ് മുഴുവന്‍ പരിപാടിയുടെയും തീയതി നിശ്ചയിച്ചത്. എന്നാല്‍ അന്തിമനിമിഷം സര്‍ക്കാര്‍ പരിപാടിയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നുവെന്ന് "കേരള ഖരാന"യുടെ ഭാരവാഹി അനില്‍ വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് നേരിടേണ്ടിവരുന്ന അപമാനം ഒഴിവാക്കാന്‍ "ബീം" എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ പരിപാടി ഏറ്റെടുക്കുകയായിരുന്നു. അന്ന് പകല്‍ 3.30ന് ടിഡിഎം ഹാളിലെ കാവേരിയില്‍ പരിപാടി നടത്തുമെന്ന് ബീമിന്റെ ഭാരവാഹികള്‍ വ്യക്തമാക്കി. പ്രവേശം സൗജന്യമാണ്. കേരളത്തിലെ മറ്റൊരു പ്രശസ്ത സംഘടനയുടെ ആഭിമുഖ്യത്തില്‍ എട്ടിന് എറണാകുളത്ത് സരോദ്വാദകന്‍ അംജത് അലിഖാനും കുടുംബവും സരോദ് സംഗീതം അവതരിപ്പിക്കുന്നുണ്ട്. ഈ സംഘടനക്കായാണ് സര്‍ക്കാര്‍ പരിപാടി വേണ്ടെന്നുവച്ചതെന്നാണ് അറിയുന്നത്. തങ്ങളുടെ പരിപാടിക്ക് മുമ്പ് പാര്‍ത്ഥോയുടെ കച്ചേരി അരങ്ങേറിയാല്‍ സംഘടന സംഘടിപ്പിക്കുന്ന പരിപാടിയുടെ പൊലിമ കുറയുമെന്ന ആശങ്കയാണ്് ഈ നീക്കത്തിനു പിന്നിലെന്നാണ് സൂചന. പരിപാടി മാറ്റിവയ്ക്കാന്‍ മുകളില്‍നിന്ന് സമ്മര്‍ദമുണ്ടായതായും പറയുന്നു.

അതേസമയം പാര്‍ത്ഥോയുടെയും സംഘത്തിന്റെയും ഇരുവശത്തേക്കുമുള്ള വിമാനടിക്കറ്റ്, താമസസൗകര്യം എന്നിവയെല്ലാം ഒരുക്കി സംസ്ഥാനത്തെ മുഴുവന്‍ പരിപാടിയും പ്രഖ്യാപിച്ചശേഷമുള്ള സര്‍ക്കാര്‍ പിന്മാറ്റം "കേരള ഖരാന"യെ പ്രതിസന്ധിയിലാക്കി. ചെലവായ പണം പോയാലും ഈ കലാകാരനോട് എന്ത് വിശദീകരണം പറയുമെന്നതായിരുന്നു ഇവരുടെ പ്രധാന പ്രശ്നം. ഈ ഘട്ടത്തിലാണ് കൈതാങ്ങായി ബീം എത്തിയത്. കൊല്‍ക്കത്ത സ്വദേശിയായ പാര്‍ത്ഥോ വിഖ്യാത സരോദ് സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കറിനൊപ്പം നിരവധി വേദികളില്‍ ജുഗല്‍ബന്ദി അവതരിപ്പിച്ചിട്ടുണ്ട്. ഉസ്താദ് അഷിസ്പോള്‍ തബലയില്‍ പാര്‍ത്ഥോയ്ക്ക് അകമ്പടിയേകും.

deshabhimani

No comments:

Post a Comment