Monday, April 29, 2013

വരയുടെ വഴികള്‍ വെളിപ്പെടുത്തി "കരുണാകരന്‍ ദ ആര്‍ട്ടിസ്റ്റ്"


ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ ചിത്രങ്ങളെയും സുഹൃദ്സംഘത്തെയും പരിചയപ്പെടുത്തി ടി വി ചന്ദ്രന്റെ ഹ്രസ്വചിത്രം "കരുണാകരന്‍ ദ ആര്‍ട്ടിസ്റ്റ്". കേരളത്തിന്റെ സംസ്കാരത്തെ കൈവിടാതെ തന്റേതായ ശൈലിയിലുള്ള സി എന്റെ വരകളെ രൂപപ്പെടുത്തിയ കാലഘട്ടവും സൗഹൃദക്കൂട്ടായ്മയുമാണ് മുക്കാല്‍മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. പതിനൊന്നാംവയസ്സില്‍ ടൈഫോയ്ഡ് ബാധിച്ച് ഇടതുകാലിന് സ്വാധീനം കുറഞ്ഞ സി എന്നിന്റെ കുട്ടിക്കാലത്തുനിന്നാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പഠിക്കാന്‍ പോകുന്നതും തുടര്‍ന്ന് അരവിന്ദന്‍, ജോണ്‍ എബ്രഹാം, ചിന്ത രവി, പവിത്രന്‍ തുടങ്ങിയവരുമായുള്ള സൗഹൃദം, അശ്വത്ഥാമാവ് സിനിമയിലെ സി എന്നിന്റെ അഭിനയം, കുടുംബം എന്നിവ ഡോക്യുമെന്ററിയിലുണ്ട്. സി എന്‍ സുഹൃത്തുക്കളുടെ വീട്ടില്‍ വരച്ച ചുവര്‍ചിത്രങ്ങളും സിമെന്റ്- മെറ്റല്‍ റിലീഫ് വര്‍ക്കുകളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എം എ ബേബി, കെ എം വാസുദേവന്‍നമ്പൂതിരി, മാടമ്പ് കുഞ്ഞുകുട്ടന്‍, കലാധരന്‍, കെ ആര്‍ മോഹനന്‍, രാജന്‍ എം കൃഷ്ണന്‍ തുടങ്ങിയവര്‍ സി എന്നിന്റെ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹത്തോടുള്ള വ്യക്തിബന്ധങ്ങളെക്കുറിച്ചും വാചാലരാകുന്നു. ദേശാഭിമാനിയോടും എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി എം അബ്ദുള്‍റഹ്മാനുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുമുണ്ട്. സ്ത്രീകളെ കൂടുതലായും ചിത്രീകരിക്കുന്നത് ഭാരതീയസംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും ഭാഗമായ പ്രതിഫലനം മാത്രമാണെന്ന് വിമര്‍ശകര്‍ക്ക് മറുപടിയായി പറയുന്നു. ""വരച്ചുവരച്ച് എനിക്ക് 72 വയസ്സായി"" എന്നു പറയുന്നിടത്താണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

ലളിതമായ ആഖ്യാനശൈലിയില്‍ സി എന്നിന്റെ ജീവിതവും വ്യക്തിയെയും ചിത്രരചനയെയും സഹൃദയരിലേക്ക് പകരുന്നതാണ് ഡോക്യുമെന്ററി. സി എന്നിന്റെ ചിത്രരചന പ്രത്യേക കാലഘട്ടത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. അവ ദൃശ്യവല്‍ക്കരിക്കാന്‍മാത്രമാണ് ശ്രമിച്ചതെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ പറഞ്ഞു. ഡോക്യുമെന്ററി മനോഹരമായി ചിത്രീകരിച്ചുവെന്ന് സി എന്‍ കരുണാകരന്‍ പറഞ്ഞു. ഞായറാഴ്ച തിരുവനന്തപുരം നിള തിയറ്ററില്‍ കരുണാകരന്‍ ദ ആര്‍ട്ടിസ്റ്റ് പ്രദര്‍ശിപ്പിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ടി വി ചന്ദ്രന്‍, ബീനാപോള്‍, കെ ആര്‍ മോഹനന്‍, സി എന്‍ കരുണാകരന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഡോക്യുമെന്ററി കാണാനെത്തി.

deshabhimani 290413

No comments:

Post a Comment